കോറൊണ വൈറസ് ബാധയെ തുടര്‍ന്ന് രാജ്യമെമ്പാടും എണ്ണയുടെ ഉപഭോഗം വലിയ തോതില്‍ കുറഞ്ഞിരിക്കുകയാണ്. അതേസമയം എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ക്കിടയിലെ അഭിപ്രായ ഭിന്നതകളും അമേരിക്കന്‍ ഷെയ്ല്‍ ഗ്യാസ് നിര്‍മാതാക്കളെ തകര്‍ക്കാനുള്ള നീക്കവും കാരണം എണ്ണ ഉല്‍പ്പാദനം ഇതുവരെ കുറച്ചിട്ടുമില്ല. ലോകത്തിലെ എണ്ണയുടെ ആവശ്യത്തിനേക്കാളേറെ ഇപ്പോള്‍ ഉല്‍പ്പാദനമുണ്ട്. എണ്ണ ഉല്‍പ്പാദകര്‍ക്ക് സംഭരണ ചെലവ് വളരെ കൂടുതലായതിനാല്‍ ഉല്‍പ്പന്നം അതിവേഗം വിറ്റഴിക്കാനാകും ശ്രമിക്കുക. ഇതുകൊണ്ട് രാജ്യാന്തര വിപണിയില്‍ എണ്ണവില ബാരലിന് 20 ഡോളറില്‍ താഴ്ന്നാലും അത്ഭുതപ്പെടാനില്ലെന്ന്് നിരീക്ഷകര്‍ പറയുന്നു.
എണ്ണ ഉല്‍പ്പാദകര്‍, ക്രൂഡ് ഓയ്ല്‍ വാങ്ങുന്നവര്‍ക്ക് പണം അങ്ങോട്ട് നല്‍കുന്ന സ്ഥിതി വിശേഷം വരെ വന്നേക്കാമെന്ന് Mizuho സെക്യൂരിറ്റീസ് മാനേജിംഗ് ഡയറക്റ്റര്‍ പോള്‍ സാങ്കി അഭിപ്രായപ്പെടുന്നു. കോറോണ ബാധയെ തുടര്‍ന്ന് രാജ്യാന്തര തലത്തില്‍ എണ്ണയുടെ ആവശ്യകത 20 ശതമാനത്തോളം ഇടിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
കൊറോണ വൈറസ് ബാധയും റഷ്യയും സൗദിയും തമ്മിലുള്ള എണ്ണ വില യുദ്ധവുമാണ്
രാജ്യാന്തര വിപണിയില്‍ എണ്ണവില ഇടിയാന്‍ കാരണമായത്. പൊതുവേ എണ്ണയുടെ ഡിമാന്റ് കുറയുമ്പോള്‍ ഉല്‍പ്പാദനം കുറച്ച് വില പിടിച്ചുനിര്‍ത്തുകയാണ് എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ രീതി. എന്നാല്‍ റഷ്യ അതിന് വിസമ്മതിച്ചു. മാത്രമല്ല, സൗദിയും യുഎഇയും അമേരിക്കയിലെ ഷെയല്‍ ഗ്യാസ് ഉല്‍പ്പാദകരെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് വിപണിയിലേക്ക് കൂടുതലായി എണ്ണ എത്തിക്കാന്‍ തീരുമാനമെടുക്കുകയും ചെയ്തു. രാജ്യാന്തരതലത്തില്‍ ക്രൂഡോയ്ല്‍ വില വര്‍ധിക്കുമ്പോള്‍ അമേരിക്കന്‍ ഷെയല്‍ ഗ്യാസ് കമ്പനികള്‍ക്ക് വലിയ നേട്ടമാണ് ലഭിക്കുക.
കൊറോണ ബാധയെ തുടര്‍ന്ന് ചൈനയിലും മറ്റ് ലോകരാജ്യങ്ങളിലും എണ്ണ ഉപഭോഗം
കുത്തനെ കുറഞ്ഞു. അമേരിക്കയിലും യൂറോപ്പിലും സാമ്പത്തിക മാന്ദ്യം പിടിമുറുക്കുന്നതോടെ അവിടെ എണ്ണ ഉപഭോഗം ഇനിയും കുറയും. എണ്ണ ഉല്‍പ്പാദിച്ചാല്‍ ഉടനടി അത് വില്‍ക്കണം. അല്ലെങ്കില്‍ സംഭരിച്ചു വെയ്ക്കണം. സംഭരണ ചെലവ് വളരെ കൂടുതലായതിനാല്‍ എങ്ങനെയും വിറ്റഴിക്കാനാകും ഉല്‍പ്പാദകര്‍ ശ്രമിക്കുക. ഇതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാജ്യത്തെ ഷെയ്ല്‍ ഗ്യാസ് ഉല്‍പ്പാദകരെ സംരക്ഷിക്കാന്‍ ലൂസിയാനയിലും ടെക്‌സാസിലുമുള്ള തന്ത്രപരമായ സംഭരണികള്‍ നിറയ്ക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്. കുറഞ്ഞ വിലയില്‍ എണ്ണ വാങ്ങാന്‍ പറ്റുമെന്നതും ഇപ്പോള്‍ അമേരിക്കയ്ക്ക് നേട്ടമാണ്.
ആഴ്ചകള്‍ക്കുള്ളില്‍ 77 മില്യണ്‍ ബാരല്‍ എണ്ണ വാങ്ങാനാണ് അമേരിക്കയുടെ തീരുമാനം. പ്രതിദിനം രണ്ട് മില്യണ്‍ ബാരല്‍ വെച്ചാകും അമേരിക്ക വാങ്ങുകയെന്നാണ് സൂചന. തന്ത്രപരമായ എണ്ണ സംഭരണം അവസാനിച്ചാല്‍ ലോകത്ത് എണ്ണ വില കുത്തനെ ഇടിയുമെന്നു തന്നെയാണ് വിപണി നിരീക്ഷകര്‍ പറയുന്നത്.
ഇപ്പോഴത്തെ ഈ എണ്ണ യുദ്ധം അമേരിക്കന്‍ ഷെയ്ല്‍ ഗ്യാസ് നിര്‍മാതാക്കള്‍ക്ക് വലിയ നഷ്ടമുണ്ടാക്കും. സൗദിയുടെയും റഷ്യയുടെയും വിദേശനാണ്യ ശേഖരത്തിലും വന്‍ ഇടിവുണ്ടാകും. രാജ്യാന്തര വിപണിയില്‍ എണ്ണ വില ബാരലിന് 40 ഡോളറിന് നിന്നാല്‍ മാത്രമേ റഷ്യയുടെ ബജറ്റ് സന്തുലിതമാകൂ.
സൗദിയെ സംബന്ധിച്ചിടത്തോളം ഇത് ബാരലിന് 80 ഡോളറാണ്. പക്ഷേ ഈ രണ്ടുരാജ്യങ്ങള്‍ക്കും കനത്ത വിദേശ നാണ്യശേഖരമുള്ളതുകൊണ്ട് പ്രതിസന്ധികളെ ഒരുപരിധി വരെ തടഞ്ഞുനിര്‍ത്താം. എന്നാല്‍, ദീര്‍ഘകാലം എണ്ണവില താഴ്ന്ന നിലയില്‍ തുടര്‍ന്നാല്‍, എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക്കിലെ ദുര്‍ബല അംഗങ്ങളായ ഇറാഖ്,ഇറാന്‍, വെനിസ്വല, നൈജീരിയ എന്നിവയുടെ സാമ്പത്തിക നില തകര്‍ന്ന് തരിപ്പണമാകും.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine