ഇന്നത്തെ ഏതൊക്കെ സാങ്കേതിക വിദ്യകളായിരിക്കും നാളത്തെ ലോകത്തെ സൃഷ്ടിക്കുക? ലോക സാമ്പത്തിക ഫോറം പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ടിൽ ആഗോള സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥകളെ മാറ്റിമറിക്കാൻ പോന്ന പുതിയ 10 ടെക്നോളജി ട്രെൻഡുകൾ എടുത്തുപറയുന്നുണ്ട്.
സാമ്പത്തിക അസമത്വം മുതൽ കാലാവസ്ഥാ വ്യതിയാനം വരെ ലോകം ഇന്ന് നേരിടുന്ന എല്ലാ വെല്ലുവിളികൾക്കുമുള്ള പരിഹാരം കാണാൻ ടെക്നോളജിയ്ക്ക് കഴിയുമെന്ന് ലോകസാമ്പത്തിക ഫോറം ചീഫ് ടെക്നോളജി ഓഫീസർ ജെറിമി ജർഗെൻസ് പറയുന്നു.
അടുത്ത 5 വർഷത്തിനുള്ളിൽ കാര്യമായ കുതിപ്പ് ഇപ്പറഞ്ഞ മേഖലകളിൽ ഉണ്ടാകുമെന്ന് WEF കണക്കുകൂട്ടുന്നു. നിക്ഷേപകർ, ഗവേഷകർ, സർക്കാരുകൾ, സ്റ്റാർട്ടപ്പുകൾ എന്നിവർക്ക് ഈ ടെക്നോളോജികൾ ഗുണകരമാകും. 2019 ലെ ഏറ്റവും ഡിസ്‌റപ്റ്റീവ് ആയ 10 ടെക്നോളജി ട്രെൻഡുകൾ ഇതാ:
ലോകത്ത് ഉല്പാദിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക്കിൽ 15 ശതമാനത്തിൽ താഴെ മാത്രമേ റീസൈക്കിൾ ചെയ്യപ്പെടുന്നുള്ളൂ. ബാക്കിയെല്ലാം തുറസായ സ്ഥലങ്ങളിലോ ജലാശയങ്ങളിലോ നിക്ഷേപിക്കപ്പെടുകയാണ്. ബയോപ്ലാസ്റ്റിക് അഥവാ ബയോഡീഗ്രേഡബിൾ ആയ പ്ലാസ്റ്റിക് ഈ പ്രശ്നത്തിന് ഒരു പരിഹാരമാണ്. സാധാരണ പ്ലാസ്റ്റിക്കിനേക്കാൾ ബലം കുറവാണെങ്കിലും, ഇത് ഒരു വർത്തുള സമ്പദ് വ്യവസ്ഥയ്ക്ക് യോജിച്ച ഉല്പന്നമാണ്. ചെടികളുടെ പാഴായ ഭാഗങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന സെല്ലുലോസ് ഉപയോഗിച്ചാണ് ബയോപ്ലാസ്റ്റിക് നിർമ്മിക്കുക.
ഇന്നത്തെ റോബോട്ടുകൾക്ക് ശബ്ദം, മുഖം, വികാരങ്ങൾ, ആംഗ്യങ്ങള്‍ എന്നിവ തിരിച്ചറിയാനും ഐ-കോൺടാക്ട് സ്ഥാപിക്കാനും സാധിക്കും. പതുക്കെ പതുക്കെ അവർ നിത്യ ജീവിതത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുകയാണ്. പ്രായമായവരെ പരിചരിക്കാനും കുട്ടികളെ പഠിപ്പിക്കാനും ഇനി റോബോട്ടുകൾ എത്തുന്ന കാലം വിദൂരമല്ല.
മൊബൈൽ ഫോണുകൾ തുടങ്ങിയ ചെറു ഇലക്ട്രിക്ക് ഉപകരണങ്ങൾക്ക് വേണ്ട വലിപ്പത്തിൽ ലെൻസുകൾ നിർമ്മിക്കുക എന്നത് പരമ്പരാഗത ഗ്ലാസ് കട്ടിംഗ് ടെക്നിക്കുകളുടെ പരിധിക്ക് പുറത്തുള്ള കാര്യങ്ങളാണ്. അതുകൊണ്ടുതന്നെ ശാസ്ത്രലോകം വളരെ ചെറിയ, ഭാരവും കട്ടിയും കുറഞ്ഞ ലെൻസുകൾ ഇതിനായി വികസിപ്പിച്ചിട്ടുണ്ട്. മെറ്റാലെൻസുകൾ എന്നാണ് ഇവ അറിയപ്പെടുന്നത്. നിലവിലെ കട്ടിയുള്ള ലെൻസുകൾ മാറ്റി മെറ്റാലെൻസ് ഉപയോഗിക്കാൻ കഴിഞ്ഞാൽ അത് സെന്സറുകളുടെയും മെഡിക്കൽ ഇമേജിങ് ഉപകരണങ്ങളുടെയും മേഖലയിൽ വലിയ വിപ്ലവമായിരിക്കും സൃഷ്ടിക്കാൻ പോകുന്നത്.
ശരീരത്തിൽ കാണപ്പെടുന്ന ക്രമരഹിതമായ പ്രോട്ടീനുകളാണ് കാൻസർ പോലുള്ള ചില മാരക രോഗങ്ങൾക്ക് കാരണമാകുന്നത്. ഇവയ്ക്ക് സാധാരണ പ്രോട്ടീനുകളുടെ പോലെ ദൃഢമായ ഒരു ആകൃതിയില്ല. അതുകൊണ്ട് രൂപം എപ്പോഴും മാറിക്കൊണ്ടിരിക്കും. ഇക്കാരം കൊണ്ടുതന്നെ ഇവയെ ചികിൽസിക്കാൻ പറ്റാറില്ല. ഈ പ്രോട്ടീനിന്റെ രൂപം മാറാതെ നോക്കാൻ ഇപ്പോൾ ശാസ്ത്രജ്ഞർ പുതിയ ഒരു വിദ്യ കണ്ടെത്തിയിട്ടുണ്ട്. ചികിത്സ തീരും വരെ ഇതിന്റെ ഒരു സ്ഥിരമായ ആകൃതിയിൽ പിടിച്ചുനിർത്താൻ കഴിയുന്ന സാങ്കേതിക വിദ്യയാണിത്.
വിളകൾക്ക് ഉപയോഗിക്കുന്ന വളവും സ്മാർട്ടാകുകയാണ്. ചെടികൾക്ക് ആവശ്യമുള്ളപ്പോൾ നിയന്ത്രിത വേഗത്തിൽ ന്യൂട്രിയന്റുകൾ മണ്ണിലേക്ക് റിലീസ് ചെയ്യാൻ കഴിയുന്ന സാങ്കേതിക വിദ്യയിലായിരുന്നു ഇത്രയും നാൾ ഗവേഷകർ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എങ്കിലും ഇപ്പോഴും അവയിൽ അമോണിയ, യൂറിയ, പൊട്ടാഷ് തുടങ്ങിയ പരിസ്ഥിതിയ്ക്ക് ദോഷം ചെയ്യുന്ന ഘടകങ്ങൾ ഉണ്ട്. ഏറ്റവും പുതിയതായി ഗവേഷണം നടന്നുകൊണ്ടിരിക്കുന്ന ഫെർട്ടിലൈസറുകളിൽ കൂടുതൽ പരിസ്ഥിതി സൗഹൃദമായ നൈട്രജൻ സോഴ്സുകൾ ആണുള്ളത്.
നിങ്ങളുടെ ഓഫീസിലെ ഒരു പ്രധാന മീറ്റിംഗിൽ നിങ്ങൾ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കുകയാണെന്ന് വിചാരിക്കുക. നിങ്ങൾ ഓഫീസിൽ ഇല്ലെങ്കിൽ പോലും മറ്റുള്ളവർക്കിടയിൽ ഇരിക്കുന്ന പോലെ തോന്നുന്നുണ്ടെങ്കിലോ? അവരുമായി ഷേക്ക്ഹാൻഡ് ചെയ്യാൻ പറ്റുന്നുണ്ടെങ്കിലോ? നന്നായിരിക്കും അല്ലേ! ഓഗ്മെന്റഡ് റിയാലിറ്റി, വിർച്വൽ റിയാലിറ്റി, സെൻസറുകൾ, 5G നെറ്റ് വർക്കുകൾ എന്നിവയുടെ ഒരു സംയോജിത രൂപമാണ് ഇനിയുള്ള കാലത്ത് നാം കാണാൻ പോകുന്ന collaborative telepresence.
ഓരോ വർഷവും ലോകത്ത് 600 ദശലക്ഷം ആളുകൾ മലിനമായ ഭക്ഷണം കഴിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതുമൂലം ഉണ്ടാകുന്ന പകർച്ചവ്യാധികൾക്ക് തടയിടണമെങ്കിൽ ഇതിന്റെ ഉറവിടം കണ്ടെത്തണം. ആഴ്ചകളോ മാസങ്ങളോ എടുക്കാറുള്ള ഈ പ്രകിയക്ക് ഇപ്പോൾ മിനിറ്റുകൾ മതി. ഇതിനു സഹായിക്കുന്നതോ? ബ്ലോക്ക് ചെയ്ൻ ടെക്നോളജിയും. ഒരു ഭക്ഷണ പദാർത്ഥം സപ്ലൈ ചെയ്നിലൂടെ കടന്നുപോകുന്ന ഓരോ ഘട്ടങ്ങളും സൂക്ഷ്മമായി പരിശോധിച്ച് ഇത് കണ്ടെത്താം. പാക്കേജിങ്ങിൽ സെൻസറുകൾ ഉപയോഗിച്ച് അതിന്റെ എക്സ്പെയറി ഡേറ്റ് അടുക്കാറാകുന്നത് അറിയിക്കാനുള്ള സംവിധാനവും തയ്യാറാക്കാം.
നുക്ലീയർ റിയാക്ടറുകൾ വളരെ ശ്രദ്ധ ആവശ്യമുള്ളവയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. റിയാക്ടറുകൾക്കുള്ള പ്രധാന സേഫ്റ്റി റിസ്ക് ഫ്യുവൽ റോഡുകൾ അനുവദനീയമായ പരിധിയിൽ കൂടുതൽ ചൂടാകാൻ സാധ്യതയുണ്ട് എന്നതാണ്. ഈ ദണ്ഡുകൾ ചൂടാകുന്ന നേരത്ത് വെള്ളവുമായി ചേർന്നാൽ ഹൈഡ്രജൻ പുറപ്പെടുവിക്കും. ഇവ പൊട്ടിത്തെറിക്ക് കാരണമാകും. എന്നാൽ പെട്ടെന്ന് ചൂടാകാത്തതും വെള്ളവുമായി ചേർന്നാൽ ഹൈഡ്രജൻ പുറപ്പെടുവിക്കാത്തതും ആയ ഫ്യുവലുകൾ ഇപ്പോൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
നിലവിലെ ഡേറ്റ സ്റ്റോറേജ് സംവിധാങ്ങളൊക്കെ ധാരാളം ഊർജം ഉപയോഗിക്കുന്നവയാണ്. മാത്രമല്ല, ഇന്ന് സൃഷ്ടിക്കപ്പെടുന്ന ഡേറ്റകൾ ശേഖരിച്ചു വെക്കാൻ മതിയായ സ്ഥലം ഇവയിലില്ല. പുതിയ ഒരു ഗവേഷണത്തിന്റെ ഭാഗമായി ഇപ്പോൾ ഡിഎൻഎ-അടിസ്ഥാനമാക്കിയുള്ള ഡേറ്റ സ്റ്റോറേജ് സംവിധാനം ഉപയോഗിക്കുന്നുണ്ട്. കുറവ് എനർജി ഉപയോഗിക്കുന്നവയും ഇപ്പോഴുള്ള സംവിധാനങ്ങളേക്കാൾ സ്റ്റോറേജ് കപ്പാസിറ്റി ഉള്ളവയുമാണ് ഇവ.
പാരമ്പര്യേതര ശ്രോതസുകളിൽ (റിന്യുവബിൾ എനർജി) നിന്ന് ഉല്പാദിപ്പിക്കുന്ന എനർജി ശേഖരിച്ചു വെക്കാൻ കഴിഞ്ഞാൽ അത്യാവശ്യ സന്ദർഭങ്ങളിൽ ഇത് ഉപയോഗിക്കാം. അടുത്ത ദശകത്തിൽ ലിഥിയം അയേൺ ബാറ്ററികളായിരിക്കും എനർജി സ്റ്റോറേജ് ടെക്നോളജിയിൽ മുന്നിൽ. സോളാർ, വിൻഡ് എന്നിവയിൽ നിന്നുള്ള ഊർജം കൂടുതൽ അഡ്വാൻസ്ഡ് ആയ ബാറ്ററികളിൽ ശേഖരിക്കുന്നതിലേക്ക് ഗവേഷകർ ശ്രദ്ധ തിരിക്കേണ്ടതുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine