Guest Column

ആപ്പിളും സോണിയും പയറ്റുന്ന തന്ത്രം, നിങ്ങള്‍ക്കും പരീക്ഷിക്കാം!

നിങ്ങളുടെ വിപണിയും ഉല്‍പ്പന്നങ്ങളും ഇങ്ങനെയുള്ളതാണോ? എങ്കില്‍ പണം വാരാന്‍ ഈ തന്ത്രമെടുക്കാം

Dr Sudheer Babu

വിപണിയിലേക്ക് പുതുതായി അവതരിപ്പിക്കപ്പെടുന്ന ചില ഉല്‍പ്പന്നങ്ങളുടെ വില കേട്ട് ചിലപ്പോള്‍ നിങ്ങള്‍ ഞെട്ടാറുണ്ടാകാം. എന്തുകൊണ്ടാണ് ഈ ഉല്‍പ്പന്നങ്ങള്‍ക്ക് ഇത്ര വില എന്ന് നിങ്ങള്‍ അത്ഭുതപ്പെടാം. വില എത്ര ഉയര്‍ന്നു നിന്നാല്‍ പോലും ഇവ വാങ്ങുവാന്‍ ധാരാളം ഉപഭോക്താക്കള്‍ തയ്യാറാണെന്ന് മാത്രമല്ല അത് വാങ്ങാന്‍ അവര്‍ തിക്കിത്തിരിക്കും.

സോണിയുടെ ഏറ്റവും പുതിയ പ്ലേ സ്‌റ്റേഷന്‍ വിപണിയിലേക്കെത്തുകയാണ്. ഇറങ്ങുമ്പോള്‍ തന്നെ ഇത് കയ്യടക്കുവാന്‍ ഉപഭോക്താക്കള്‍ തമ്മില്‍ മത്സരിക്കുകയാണ്. വില കൂടുതലാണ് എന്നുള്ള ചിന്തയൊന്നും അവരെ അലട്ടുന്നില്ല. വില ഒരു പ്രശ്‌നമേ ആകുന്നില്ല എന്ന് ചുരുക്കം. തങ്ങളുടെ ഗെയിമിംഗ് കണ്‍സോളുകള്‍ക്ക് ഇത്തരത്തില്‍ സോണി വിലയിടുന്നത് എന്തുകൊണ്ടാണ്? ഉയര്‍ന്ന വില ഉപഭോക്താക്കളെ പിന്തിരിപ്പിക്കാത്തത് എന്തുകൊണ്ടാണ്?

ആപ്പിളിന്റെ ഐ ഫോണിന്റെ വില ശ്രദ്ധിക്കൂ. അതും ഇതു പോലെ തന്നെയല്ലേ? കണ്ണ് തള്ളിപ്പോകുന്ന വിലയാണ് ആപ്പിള്‍ ഐ ഫോണിന് ഈടാക്കുന്നത്. പുതിയ ഫോണുകള്‍ക്ക് വളരെ ഉയര്‍ന്ന വില നിശ്ചയിക്കുകയും കാലക്രമേണ വില കുറച്ചു കൊണ്ടു വരികയും ചെയ്യുന്ന തന്ത്രമാണ് ആപ്പിളിന്റേത്. എതിരാളികള്‍ ഇല്ലാത്ത വിപണി അവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം നല്‍കുന്നു. ലക്ഷ്വറി ബ്രാന്‍ഡ് എന്ന ഇമേജും ഇതിനെ പിന്തുണയ്ക്കുന്നു.

സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ബിസിനസുകള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക്് വിലയിടുന്നത് സ്‌കിമിംഗ് (Skimming)എന്ന തന്ത്രത്തിലൂടെയാണ്. എതിരാളികളില്ലാത്ത പുതിയൊരു ഉല്‍പ്പന്നം അല്ലെങ്കില്‍ സേവനം ഉപഭോക്താക്കള്‍ക്ക് നല്‍കുമ്പോള്‍ അവര്‍ ഉയര്‍ന്ന വില നിശ്ചയിക്കുന്നു. കാലംകടന്നു പോകെ വില താഴ്ത്തുന്നു ഉയര്‍ന്ന വിലയുള്ള മറ്റൊരുല്‍പ്പന്നം വിപണിയിലേക്ക് കടത്തിവിടുന്നു.

സ്‌കിമിംഗ് (Skimming), പെനിട്രേഷന്‍ പ്രൈസിംഗിന് (Penetration Pricing) നേരെ വിപരീത തന്ത്രമാണ്. പെനിട്രേഷന്‍ െ്രെപസിംഗില്‍ ഏറ്റവും കുറഞ്ഞ വില ഈടാക്കുകയും വിപണിയില്‍ പടര്‍ന്നു കയറാനുമാണ് ഉല്‍പ്പന്നങ്ങള്‍ ശ്രമിക്കുന്നത്. എന്നാല്‍ സ്‌കിമിംഗില്‍ ഉയര്‍ന്ന വില തന്നെയാണ് ആദ്യമേ ഈടാക്കുന്നത്. ഇതിനെ ചോദ്യം ചെയ്യാന്‍ വിപണിയില്‍ എതിരാളികളില്ല. നൂതനമായ ഉല്‍പ്പന്നത്തിന്റെ ഏറ്റവും വലിയ സവിശേഷത ഇതാണ്. ഉയര്‍ന്ന ലാഭം ഇതില്‍ നിന്നും കമ്പനികള്‍ക്ക് കരസ്ഥമാക്കാം.

ഇത്തരം ബിസിനസുകള്‍ ഗവേഷണങ്ങള്‍ക്കായി വലിയ തുക ചെലവഴിക്കുന്നവരാണ്. ഉല്‍പ്പന്നങ്ങള്‍ കൊണ്ടു വരുന്ന ലാഭം വീണ്ടും ഗവേഷണങ്ങള്‍ക്കായി ഉപയോഗിക്കുകയും ഉല്‍പ്പന്നങ്ങള്‍ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. പുതിയ, ആകര്‍ഷകങ്ങളായ ഉല്‍പ്പന്നങ്ങള്‍ ഗവേഷണ ശാലയില്‍ ഉടലെടുക്കുന്നു. ഉപഭോക്താക്കളെ ഭ്രമിപ്പിക്കുന്ന ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്കായി പണം മുടക്കുവാന്‍ അവര്‍ ക്യൂ നില്‍ക്കുന്നു. മറ്റൊരാള്‍ക്കും നല്‍കാന്‍ കഴിയാത്ത അനുഭവങ്ങള്‍ക്കായി പണം മുടക്കുവാന്‍ ഉപഭോക്താക്കള്‍ തയ്യാറായി നില്‍ക്കുമ്പോള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില തന്നെ നിര്‍മ്മാതാക്കള്‍ ചുമത്തുന്നു.

വിപണിയിലേക്ക് അവതരിപ്പിക്കപ്പെടുന്ന നൂതന ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ ഈ തന്ത്രം മനോഹരമായി ഉപയോഗിക്കുന്നു. അതേപോലുള്ള ഉല്‍പ്പന്നങ്ങള്‍ എതിരാളികള്‍ എത്തിക്കുന്നതിനു മുന്‍പേ പരമാവധി ലാഭം നേടാനും അവര്‍ സ്‌കിമിംഗ് ഉപയോഗപ്പെടുത്തുന്നു. സാംസങ്ങ്, വിവോ, ഒപ്പോ തുടങ്ങിയവയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലേക്ക് ഇറങ്ങുമ്പോള്‍ അവയുടെ വില നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? കുറച്ചു നാള്‍ കഴിയുമ്പോള്‍ ഈ വില താഴും. മികച്ച ലാഭം ആദ്യമേ തൂത്തുവാരാന്‍ കമ്പനികള്‍ ഈ തന്ത്രം പയറ്റുന്നു.

നിങ്ങളുടെ ഉല്‍പ്പന്നം നൂതനവും വിപ്ലവകരവുമാണോ? വിപണിയില്‍ എതിരാളികള്‍ ഇല്ലാത്തതാണോ? എങ്കില്‍ എന്തുകൊണ്ട് ഈ തന്ത്രം പരീക്ഷിച്ചു കൂടാ?

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT