canva
Guest Column

ആ സിവി നിങ്ങള്‍ എന്ത് ചെയ്തു?

നിങ്ങള്‍ക്കും ലഭിച്ചിട്ടുണ്ടാകും ഇങ്ങനെയൊരു സിവി; യോഗ്യതയുണ്ടെങ്കിലും ഒരുപക്ഷേ നിരസിച്ചു കാണും

Dr. Ajayya Kumar

''ശരിക്കും ആ റോളിന് പറ്റിയ ഉദ്യോഗാര്‍ത്ഥി തന്നെയാണ്. പക്ഷേ ആ ഒരൊറ്റ കാരണം കൊണ്ടാണ് ഞാനത് മാറ്റിവെച്ചത്.''എന്റെ അടുത്ത സുഹൃത്തിന്റെ സ്ഥാപനത്തിലെ നിര്‍ണായകമായ ഒരു റോള്‍ അനുയോജ്യനായ ആളെ കിട്ടാതെ ഒഴിഞ്ഞുകിടക്കുന്നതിന്റെ കാരണം തിരക്കിയപ്പോള്‍ കിട്ടിയ ഉത്തരമാണിത്. എന്തായിരുന്നു ആ ഒരൊറ്റ കാരണം?

ആ ഉദ്യോഗാര്‍ത്ഥിയുടെ കരിയര്‍ 'ബ്രേക്ക്' സംഭവിച്ചിട്ടുണ്ടെന്ന് സിവിയില്‍ നിന്ന് തന്നെ വ്യക്തമാണ്. കരിയര്‍ ബ്രേക്ക് വന്ന ഒരാളെ എങ്ങനെ ജോലിക്കെടുക്കും? അതുകൊണ്ട് ആ സുഹൃത്ത് സിവി തന്നെ മാറ്റിവെച്ചു. അനുയോജ്യനായ മറ്റൊരാളെ കണ്ടെത്താനും പറ്റിയില്ല.

മുന്‍ധാരണകള്‍ മാത്രം

കരിയറില്‍ നിന്ന് വര്‍ഷങ്ങള്‍ വിട്ടുനിന്നവരുടെ വരെ സിവികള്‍ നിങ്ങളുടെ സ്ഥാപനത്തിലെ ഒഴിവുകള്‍ പരസ്യപ്പെടുത്തുമ്പോള്‍ ലഭിച്ചുവെന്നിരിക്കും. ആ ഉദ്യോഗാര്‍ത്ഥിക്ക് കഴിവില്ലാത്തതുകൊണ്ടാവാം ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നത്. അല്ലെങ്കില്‍ ജോലിയില്‍ ഉഴപ്പുന്ന സ്വഭാവം കൊണ്ട് തൊഴില്‍ നഷ്ടമായതാകാം. ഇങ്ങനെ നിരവധി കാരണങ്ങള്‍ നമുക്ക് ഇക്കാര്യത്തില്‍ കണ്ടെത്താനാകും. ഒന്നോര്‍ക്കുക- അതെല്ലാം നമ്മുടെ മുന്‍ധാരണകള്‍ മാത്രമാണ്. കോവിഡ് വ്യാപന കാലത്തും അതിന് ശേഷവും ഒട്ടേറെ പേര്‍ക്ക് തൊഴില്‍ നഷ്ടമായിട്ടുണ്ട്. കഴിവില്ലായ്മയല്ല അതിന് കാരണം. സ്ഥാപനങ്ങള്‍ പൂട്ടിപ്പോയതാകും. അല്ലെങ്കില്‍ ജീവനക്കാരെ വെട്ടിക്കുറച്ചപ്പോള്‍ ജോലി നഷ്ടമായതുമാകും.

നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും കുടുംബത്തിന്റെ ഉത്തരവാദിത്തം സ്ത്രീകളിലാണ്. കുട്ടികളെ നോക്കുന്നത്, മുതിര്‍ന്നവരെ പരിപാലിക്കല്‍ തുടങ്ങി ഒരുപാട് ഉത്തരവാദിത്തങ്ങള്‍ കുടുംബത്തിനകത്ത് പെണ്‍കുട്ടികള്‍ ഏറ്റെടുക്കേണ്ടി വരും. ഉയര്‍ന്ന മാര്‍ക്കോടെ പാസായ, ഉന്നത ബിരുദങ്ങളും അങ്ങേയറ്റം പാഷനോടെ പിന്തുടര്‍ന്ന കരിയറും ഈ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വരുമ്പോള്‍ താല്‍ക്കാലികമായെങ്കിലും പെണ്‍കുട്ടികള്‍ക്ക് മറക്കേണ്ടി വരും.

ഒന്നും പഴയതുപോലെയല്ല

ലോകം മാറി. മുന്‍കാലങ്ങളില്‍ കരിയര്‍ മാത്രമെന്ന ചിന്തയോടെ കഴിഞ്ഞവരായിരുന്നു ഭൂരിഭാഗവും. ഇന്ന് പലരും ഒരു ബ്രേക്ക് എടുത്ത് അവരുടെ മറ്റ് ഇഷ്ടങ്ങള്‍ക്ക് പുറകെ സഞ്ചരിച്ചുകാണാം. ചിലര്‍ യാത്രകള്‍ നടത്തും. ചിലര്‍ പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ പോകും. മറ്റ് ചിലര്‍ വെറുതെ കുറച്ചുകാലം ചെലവഴിച്ചെന്നും വരാം. അത് അവരുടെ വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍. പക്ഷേ അതൊരിക്കലും ഉദ്യോഗാര്‍ത്ഥിയുടെ കഴിവോ നൈപുണ്യമോ നഷ്ടപ്പെടുത്തില്ല. അതായത് കരിയര്‍ ബ്രേക്കിന് പിന്നില്‍ കാരണങ്ങള്‍ പലതും കാണും. അതുകൊണ്ട് അടുത്ത തവണ നിങ്ങള്‍ക്ക് ലഭിക്കുന്ന ഒരു സിവിയില്‍, പ്രത്യേകിച്ച് പെണ്‍കുട്ടികളുടേതില്‍ കരിയര്‍ ബ്രേക്ക് എന്ന കാരണം കൊണ്ട് മാത്രം ഒഴിവാക്കാതെ ഇരിക്കുക. ഒരുപക്ഷേ നിങ്ങള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച ഒരാളെയാകും അതിലൂടെ ഒഴിവാക്കപ്പെടുക.

കരിയര്‍ ബ്രേക്ക് വളരെ സ്വാഭാവികമായ കാര്യമാണ്. നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് വളരെ പ്രൊഫഷണലായ ടീം കെട്ടിപ്പടുക്കാനാണ്. മുന്‍ധാരണകള്‍ അക്കാര്യത്തില്‍ വിലങ്ങുതടിയാകരുത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT