ദേശീയ-രാജ്യാന്തരതലത്തില്‍ ഏറെ പ്രശസ്തിയാര്‍ജിച്ച ഒന്നാണ് കേരള മോഡല്‍ വികസനം. 1980കളില്‍ ഈ മോഡല്‍ വിശകലനം ചെയ്ത വിദഗ്ധര്‍ അതിന് ചില പോരായ്മകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം സാമൂഹ്യ-മാനവിക സൂചകങ്ങളില്‍ ഉയര്‍ന്ന നിലവാരത്തിലെത്തിയെങ്കിലും മൊത്തത്തിലുള്ള സാമ്പത്തിക വളര്‍ച്ചയുടെ സ്ഥിതി മെച്ചമായിരുന്നില്ല.
21-ാം നൂറ്റാണ്ടിന്റെ പ്രാരംഭത്തില്‍ ഞങ്ങളില്‍ ചിലര്‍ ഇത് പുനഃപരിശോധിക്കുകയും 1980കളുടെ അവസാനം മുതല്‍ കോവിഡ് കാലത്തിന് തൊട്ടുമുമ്പുവരെ ഉയര്‍ന്ന വളര്‍ച്ചാ പാതയിലൂടെയാണ് കേരളം മുന്നേറുന്നതെന്ന നിഗമനത്തിലെത്തുകയും ചെയ്തു. ദേശീയ സമ്പദ്‌വ്യവസ്ഥയുടേതിന് സമാനമായ വളര്‍ച്ചാ നിരക്കാണ് കേരളം കൈവരിച്ചിരുന്നത്. എന്നിരുന്നാലും അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ, ആധുനിക വ്യാവസായിക അടിത്തറ പാകുന്നതില്‍ സംഭവിച്ച പരാജയം, കാര്‍ഷിക മേഖലയുടെ തളര്‍ച്ച എന്നിവയെല്ലാം തന്നെ ഈ വളര്‍ച്ചയ്ക്ക് മറ്റൊരു തരത്തില്‍ തിരിച്ചടിയായി.
ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് കേരള മോഡല്‍ വികസനത്തെ കുറിച്ച് സംസ്ഥാനം രൂപീകൃതമായ കാലം മുതലുള്ള വിവരം വെച്ച് വിശകലനം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചത്.
നികുതി പിരിവില്‍ വീഴ്ച
വിവരങ്ങളുടെ ലഭ്യത കണക്കിലെടുത്ത് ഞാന്‍ 60 വര്‍ഷത്തെ കാലയളവ്, അതായത് 1960-61 മുതല്‍ 2019-20 വരെയുള്ള കാലഘട്ടമാണ് തിരഞ്ഞെടുത്തത്. ഈ പഠനത്തില്‍ നിന്ന് ഒട്ടേറെ നിര്‍ണായകമായ കാര്യങ്ങള്‍ വെളിവായി. കണ്ടെത്തല്‍ ചുരുക്കത്തില്‍:
60 വര്‍ഷക്കാലയളവിനെ വിശാലമായി രണ്ട് ഘട്ടങ്ങളായും ഈ രണ്ടുഘട്ടങ്ങളെ വീണ്ടും രണ്ടായി തിരിച്ചുമാണ് പഠനം നടത്തിയത്. പഠന റിപ്പോര്‍ട്ട് www.cds.edu എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ആ പഠനത്തെ ഇങ്ങനെ ചുരുക്കി പറയാം.
1. മാനവവികസനത്തിലെ പുരോഗതിക്ക് കേരളത്തിന് ചരിത്രപരമായി തന്നെ മുന്‍തൂക്കമുണ്ട്. മാനവ വികാസകാര്യത്തില്‍ പൊതുസമൂഹത്തിന്റെ ഇടപെടലുകളും നിര്‍ണായകമായിട്ടുണ്ട്.
19-ാം നൂറ്റാണ്ടിന്റെ അവസാന ദശകം വരെ, ഏറ്റവും താഴ്ന്ന പ്രതിശീര്‍ഷ വരുമാനമായിരുന്നിട്ടും മാനവിക സൂചികയില്‍ അങ്ങേയറ്റം വികസിതസമൂഹമായി കേരളം മാറി. ഇന്ന് പ്രതിശീര്‍ഷ വരുമാനത്തില്‍ ഇന്ത്യയിലെ സമ്പന്ന നാല് - അഞ്ച് സംസ്ഥാനങ്ങളിലൊന്നാണ് കേരളം. എന്നിരുന്നാലും പൊതുസമ്പത്ത് കൈകാര്യം ചെയ്യുന്നതില്‍ രാജ്യത്ത് തന്നെ ഏറ്റവും മോശം പ്രകടനമാണ് നടത്തുന്നത്.
2. മാനവിക വികാസം ജനസംഖ്യാപരമായ ചില മാറ്റങ്ങള്‍ക്കും കാരണമായി. 2011 ഓടെ കേരളത്തിലെ ജനസംഖ്യാ വളര്‍ച്ച സ്തംഭിച്ച മട്ടായി (പ്രതിവര്‍ഷം അര ശതമാനത്തില്‍ താഴെ വളര്‍ച്ച). ഇപ്പോള്‍ അത് ഏതാണ്ട് പൂജ്യത്തിനടുത്താണ്.
3. 60 വര്‍ഷ കാലയളവിലെ ആദ്യഘട്ടം, അതായത് 1960-61 മുതല്‍ 1986-87 വരെയുള്ള ഘട്ടത്തില്‍ വളര്‍ച്ച ഒട്ടും ആകര്‍ഷണീയമായിരുന്നില്ല. ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ മാത്രമല്ല പ്രതിശീര്‍ഷ വരുമാനത്തിന്റെ കാര്യത്തിലും ഇത് പ്രകടമായിരുന്നു. ദേശീയതലത്തില്‍ സാമ്പത്തിക വളര്‍ച്ചയില്‍ കുതിപ്പ് പ്രകടമായതിന് കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഇവിടെയും സമാനമായ ചലനമുണ്ടായി. ഇത് സംഭവിക്കാനുണ്ടായ പ്രധാന കാരണം ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും അതിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇങ്ങോട്ടേക്കുണ്ടായ പണം വരവും കാരണമാണ്.
അങ്ങനെ നോക്കുമ്പോള്‍ മാനവിക വികാസത്തിലുണ്ടായ വളര്‍ച്ച വിദ്യാസമ്പന്നരായവരുടെ കുടിയേറ്റത്തിനും 1987-88 മുതല്‍ 2019-20 വരെയുള്ള കാലയളവിലെ സാമ്പത്തിക വളര്‍ച്ചയ്ക്കും കാരണമാകുന്നുണ്ട്. 1980-85ല്‍ വാര്‍ഷിക പ്രവാസി പണം വരവ് 536 കോടി രൂപയായിരുന്നുവെങ്കില്‍ 1990-95ല്‍ ഇത് 3,409 കോടി രൂപയായി.
2005-10ല്‍ ഇത് 30,539 കോടി രൂപയായും 2015-20ല്‍ ഇത് 90,468 കോടി രൂപയ്ക്ക് മുകളിലേക്കും എത്തി. പ്രവാസി പണം കേരളത്തിന്റെ വളര്‍ച്ചയില്‍ കുതിച്ചുചാട്ടത്തിന് കാരണമായി. 60 വര്‍ഷത്തെ കണക്കെടുത്താല്‍ കേരളത്തിലേക്ക് വന്ന പ്രവാസി പണം സംസ്ഥാന സര്‍ക്കാരിന്റെ പൊതുചെലവിനേക്കാള്‍ കൂടുതലാണ്!
4. സാമ്പത്തിക രംഗത്തുണ്ടായ വളര്‍ച്ച കണ്‍സ്ട്രക്ഷന്‍, സേവന മേഖലയുടെ മുന്നേറ്റത്തിന് കാരണമായി.
ഇതിന് മറ്റൊരു മറുവശം കൂടിയുണ്ടായി. നിര്‍മാണം, കൃഷി, കാര്‍ഷിക അനുബന്ധമേഖലകളുടെ നിറംമങ്ങി. അതിനെ തുടര്‍ന്ന് പ്രാഥമിക മേഖലകളില്‍ നിന്ന് തൊഴിലാളികള്‍ കൂട്ടത്തോടെ കണ്‍സ്ട്രക്ഷന്‍, സേവന മേഖലകളിലേക്ക് മാറി. അതോടെ കേരളീയ സമൂഹത്തില്‍ ഘടനാപരമായ മാറ്റവും സംഭവിച്ചു. സേവനമേഖലയിലെ തൊഴില്‍ സേനയുടെ ശതമാനം ദേശീയതലത്തില്‍ 32 ആണെങ്കില്‍ കേരളത്തിലെ തൊഴില്‍ സേനയില്‍ പകുതിയിലധികവും ഈ രംഗത്താണ്.
5. ഇത്തരത്തിലുള്ള വളര്‍ച്ച തൊഴില്‍ മേഖലയില്‍ വലിയൊരു വ്യത്യാസമുണ്ടാക്കിയില്ല. പ്രത്യേകിച്ച് വിദ്യാസമ്പന്നരായ തൊഴില്‍രഹിതരുടെ കാര്യത്തില്‍. അഭ്യസ്തവിദ്യരായ പുരുഷ തൊഴില്‍ രഹിതര്‍ 'ജോലി നോക്കുന്നവരുടെ' വിഭാഗത്തില്‍ പെട്ടു. പക്ഷേ ഈ ഗണത്തില്‍ അധികം സ്ത്രീകളുണ്ടായിരുന്നില്ല. തൊഴിലില്ലായ്മയെ ജോലി തേടുന്നവര്‍, തേടാത്തവര്‍ എന്ന് വിഭജിക്കുമ്പോള്‍, ഉപയോഗിക്കപ്പെടാത്ത തൊഴില്‍ശേഷിയില്‍ (Labour underutilization -LU) സ്ത്രീകളുടെ പ്രാതിനിധ്യം വളരെയേറെയായിരുന്നു. വിദ്യാഭ്യാസ രംഗത്തുനിന്നും തൊഴിലിടത്തുനിന്നും വിട്ടുനില്‍ക്കുന്ന സ്ത്രീകളുടെ എണ്ണം ഏറെ കൂടുതലായിരുന്നു.
2020 ഓടെ 20-39 വയസിനിടയിലുള്ള 8.6 ലക്ഷം യുവതികള്‍, ഏറ്റവും കുറഞ്ഞത് ബിരുദ വിദ്യാഭ്യാസമെങ്കിലും നേടിയവര്‍, ജോലിയില്‍ നിന്നും വിദ്യാഭ്യാസ മേഖലയില്‍ നിന്നും വിട്ടുനില്‍ക്കുന്നതായി കാണാം. യുവാക്കളുടെ കാര്യത്തില്‍ ഇത് 1.8 ലക്ഷമായിരുന്നു. തൊഴില്‍ തേടി കുടിയേറ്റം നടത്താമെന്നതാണ് ഈ കുറഞ്ഞ കണക്കിന് പിന്നിലെ ഒരു കാരണം. വിദ്യാസമ്പന്നരായ ആളുകളെ വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്താത്തതിനെ, അതും മാനവിക സൂചകങ്ങളിലും സാമ്പത്തിക വളര്‍ച്ചയിലും ഉയര്‍ന്ന തലത്തിലായിട്ടും, സമ്പൂര്‍ണ പരാജയം എന്നല്ലാതെ മറ്റൊന്നും പറയാനാകില്ല.
വിദ്യാസമ്പന്നരായ സ്ത്രീകള്‍
ഇത്തരം നിരാശാജനകമായ സാഹചര്യമായിരുന്നിട്ടു പോലും കേരളത്തിലെ സ്ത്രീകള്‍ മനസ് മടുക്കാതെ നിരന്തരം ഉന്നത വിദ്യാഭ്യാസം നേടിക്കൊണ്ടേയിരുന്നു. തലമുറകളായി കൈമാറി വരുന്ന ഫ്യൂഡല്‍ മനഃസ്ഥിതിയില്‍ നിന്ന് അന്തസ്സും സമത്വവും കാംക്ഷിക്കുന്ന ആധുനിക മനോഭാവത്തിലേക്ക് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക സാഹചര്യങ്ങളില്‍ വിദ്യാഭ്യാസത്തിന്റെ മൂല്യം തീര്‍ച്ചയായും മനസിലാക്കാവുന്നതേയുള്ളൂ.
കണക്കുകള്‍ പരിശോധിച്ചാല്‍, 1983ല്‍ 15നും 59നും ഇടയില്‍ പ്രായമുള്ള, അതായത് ജോലി ചെയ്യാന്‍ ശേഷിയുള്ള പ്രായത്തിലുള്ള, സ്ത്രീകളില്‍ 15.4 ശതമാനം മാത്രമായിരുന്നു സെക്കന്‍ഡറി തലത്തിന് അപ്പുറം വിദ്യാഭ്യാസം നേടിയിരുന്നത്. പുരുഷന്മാരില്‍ ഇത് 18.5 ശതമാനമായിരുന്നു. 2020 ഓടെ ഈ സാഹചര്യം ആകെ മാറി. സ്ത്രീകളുടേത് 61.2 ശതമാനവും പുരുഷന്മാരുടേത് 60.8 ശതമാനവുമായി. തൊഴില്‍ ചെയ്യാന്‍ പ്രാപ്തിയുള്ള പ്രായക്കാരിലെ മിനിമം ബിരുദമെങ്കിലുമുള്ള സ്ത്രീകളുടെ എണ്ണം 1983ലെ 2.3 ശതമാനത്തില്‍ നിന്ന് 2020ല്‍ ഇത് 19.8 ശതമാനമായിട്ടുണ്ട്. പുരുഷന്മാരുടെ കാര്യത്തില്‍ ഇത് 2.9 ശതമാനത്തില്‍ നിന്ന് 14.8 ശതമാനമായാണ് വര്‍ധിച്ചത്. 2020ലെ പുരുഷന്മാരുടെ കണക്കിലെ കുറവ് വന്നിരിക്കുന്നത്, എനിക്ക് തോന്നുന്നത് ഉന്നത വിദ്യാഭ്യാസം നേടിയ പുരുഷന്മാര്‍ കേരളത്തിന് പുറത്തേക്ക് പോയതുകൊണ്ടാവുമെന്നാണ്.
യുവ സമൂഹത്തിന്റെ ജനസംഖ്യയാണ് ഇനി ശ്രദ്ധിക്കേണ്ടത്. കാരണം വരാനിരിക്കുന്നതെന്തെന്ന സൂചനയാണ് അത് നല്‍കുന്നത്. 20-39 വയസ് പ്രായമുള്ള സെക്കന്‍ഡറി വിദ്യാഭ്യാസത്തിനും അതിന് മുകളിലും വിദ്യാഭ്യാസ യോഗ്യതയുള്ള സ്ത്രീകളുടെ എണ്ണം 1983ല്‍ 16.4 ശതമാനത്തില്‍ നിന്ന് 2020ല്‍ 78.9 ശതമാനമായി ഉയര്‍ന്നു. പുരുഷന്മാരില്‍ ഇത് 19.7ഉം 75.7 ഉം ശതമാനമായിരുന്നു. ബിരുദധാരികള്‍ക്കും അതിനു മുകളിലുള്ളവര്‍ക്കും ഈ കാലയളവിലെ വര്‍ധന സ്ത്രീകളില്‍ 3.7 മുതല്‍ 34.7 ശതമാനവും പുരുഷന്മാരില്‍ 4.0 മുതല്‍ 24.4 ശതമാനവുമാണ്. കേരളത്തിലെ തൊഴില്‍ വിപണിയിലെ യുവാക്കളുടെയും യുവതികളുടെയും ഏറ്റവും കുറഞ്ഞ തലത്തിലുള്ള വിദ്യാഭ്യാസമായി ഇപ്പോള്‍ സെക്കന്‍ഡറി തലത്തിലുള്ള വിദ്യാഭ്യാസം മാറിയിരിക്കുന്നുവെന്ന നിഗമനത്തിലെത്താം.
6. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ തേടുമ്പോള്‍ വിഭവ സമാഹരണം നടത്തിക്കൊണ്ട് സാമ്പത്തിക അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലുള്ള സര്‍ക്കാരിന്റെ പ്രകടനം, പൊതുമേഖലാ സ്ഥാപനങ്ങളുടെ മാനേജ്‌മെന്റ്, പൊതു അടിസ്ഥാന സൗകര്യ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ സമയവും വിഭവങ്ങളും പാഴാക്കുന്നത് ഒഴിവാക്കല്‍ എന്നിവയിലെല്ലാമുള്ള കാര്യങ്ങള്‍ കൂടി പരിഗണിക്കണം. ഇതിലെല്ലാം സര്‍ക്കാരിന്റെ പ്രകടനം അങ്ങേയറ്റം നിരാശാജനകമാണ്. അത് മറ്റൊരു കൂട്ടം പരാജയങ്ങള്‍ക്കും കാരണമായി.
വിഭവ സമാഹരണത്തിന്റെ കാര്യത്തില്‍ നിന്നാണ് പരാജയം ആരംഭിക്കുന്നത് തന്നെ. റവന്യു കളക്ഷന്റെ കാര്യത്തില്‍ സംസ്ഥാനത്ത് ചരിത്രപരമായി തന്നെ ഇടിവിന്റെ ചിത്രമാണ് കാണുന്നത്. നേരത്തേ സംസ്ഥാനത്തിന്റെ വരുമാനത്തിലെ ഓരോ 100 രൂപയിലും 12.5 രൂപ റവന്യുകളക്ഷനായി വന്നിരുന്നുവെങ്കില്‍ 2020ല്‍ അവസാനിച്ച കഴിഞ്ഞ ദശാബ്ദത്തില്‍ ഇത് 8.5 രൂപയായി. കോവിഡ് മഹാമാരിക്കാലത്ത് സാഹചര്യം വീണ്ടും മോശമായെങ്കിലും ഇപ്പോള്‍ 8.5 രൂപയിലെത്തിയിട്ടുണ്ട്.
നിലവില്‍, സംസ്ഥാന വരുമാനത്തിന്റെ നാല് ശതമാനത്തിന് തുല്യമായ തനത് വരുമാനത്തിന്റെ വാര്‍ഷിക നഷ്ടം ഏകദേശം 40,000 കോടി രൂപയാണ്, ഇത് സര്‍ക്കാരിന്റെ വാര്‍ഷിക കടത്തേക്കാള്‍ കൂടുതലാണ്.
മറ്റൊരു പരാജയ കഥ
പൊതുമേഖലാ സ്ഥാപനങ്ങളുടെ മാനേജ്‌മെന്റ് കാര്യത്തില്‍ വളരെയേറെ നിരാശാജനകമായ അവസ്ഥയാണ് 1980 മുതല്‍ ഭൂരിഭാഗം വര്‍ഷങ്ങളിലും കണ്ടുവരുന്നത്. വളരെ വലിയൊരു സഞ്ചിതനഷ്ടമാണ് ഇവ ഉണ്ടാക്കിയത്. അത്തരമൊരു സാഹചര്യം വരാനിടയാക്കിയ വലിയ സ്ഥാപനങ്ങളില്‍ സമ്പൂര്‍ണ അഴിച്ചുപണി നടത്താതെ ഇതിനൊരു അര്‍ത്ഥപൂര്‍ണമായ പരിഹാരം കണ്ടെത്താനുമാവില്ല. പൊതു അടിസ്ഥാനസൗകര്യങ്ങളുടെ പേരിലുള്ള വിഭവങ്ങള്‍ പാഴാക്കല്‍ മറ്റൊരു പരാജയ കഥയാണ്. അത് മനസിലാക്കാന്‍ രണ്ട് വിഭാഗങ്ങളിലെ,ജലസേചനം, വൈദ്യുതി ഉല്‍പ്പാദനം എന്നിവയുടെ കാര്യം തന്നെയെടുക്കാം. സമയവും ചെലവും പലമടങ്ങ് കൂടുന്നു. അത് വിഭവങ്ങള്‍ പലമടങ്ങ് നഷ്ടമാകാന്‍ കാരണമാവുന്നു. മാത്രമല്ല അധിക മൂലധനസൃഷ്ടിക്കുള്ള അവസരങ്ങള്‍ കൂടി ഇത് നഷ്ടമാക്കുന്നു.
പൊതു ഇടപെടല്‍ ഉണ്ടായില്ല
പൊതുസമൂഹത്തിന്റെ ഇടപെടല്‍ സംസ്ഥാനത്തെ മാനവിക വികാസത്തിന് കാരണമായിട്ടുണ്ടെങ്കിലും പൊതു ധനകാര്യം, പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം എന്നിവയുടെ കാര്യത്തില്‍ അത്തരമൊന്ന് ഉണ്ടായിട്ടില്ലെന്നുള്ള അനുമാനത്തിലാണ് ഞങ്ങള്‍ അവസാനമെത്തുന്നത്. വിദ്യാഭ്യാസം അല്ലെങ്കില്‍ ആരോഗ്യം എന്നിവയുടെ കാര്യത്തിലെല്ലാമുള്ളതുപോലെയുള്ള പൊതു ഇടപെടല്‍ ഇക്കാര്യത്തിലുണ്ടായിട്ടില്ല. ഒരുപക്ഷേ പൊതുസമൂഹത്തിന്റെ ഇടപെടലിനുള്ള അവസരങ്ങള്‍ പരിമിതമായതു കൊണ്ടുകൂടിയാകാം ഇത്.
അത്തരം അവസരങ്ങള്‍ രാഷ്ട്രീയ - ഉദ്യോഗസ്ഥ കൂട്ടുകെട്ടുകള്‍ക്ക് പങ്കുപറ്റ് സംസ്‌കാരം വളര്‍ത്തിക്കൊണ്ടുവരാനുള്ള സാഹചര്യവും സൃഷ്ടിക്കും. സാങ്കേതിക കാര്യക്ഷമതയില്ലായ്മയും പൊതുവിലുള്ള കാര്യക്ഷമതയില്ലായ്മയും കൂടി ഇക്കാര്യത്തില്‍ കൂട്ടിച്ചേര്‍ത്ത് പറയേണ്ടതായിരിക്കുന്നു.
എന്നാല്‍ ധാര്‍മിക ഭരണത്തിനും പൊതുഭരണത്തിന്റെ എല്ലാ മേഖലകളിലും കാര്യക്ഷമത നടപ്പാക്കാനുള്ള കഴിവും പ്രതിജ്ഞാബദ്ധതയുമുള്ള ഒരു രാഷ്ട്രീയ നേതൃത്വമുണ്ടെങ്കില്‍ മാത്രമേ ഈ രണ്ട് പ്രശ്‌നങ്ങളും തടയാന്‍ കഴിയൂ.
ദാരിദ്ര്യ നിരക്ക് കുറഞ്ഞു
വൈരുധ്യമെന്തെന്നാല്‍, കേരളത്തിന്റെ കൊട്ടിഘോഷിക്കപ്പെടുന്ന കേരള മോഡല്‍ അഭിവൃദ്ധിപ്രാപിക്കുന്ന പ്രൈവറ്റ് ഇക്കോണമിയെയും അങ്ങേയറ്റം പ്രശ്‌നകലുഷിതമായ, കടഭാരമുള്ള, പങ്കുപറ്റല്‍ സംസ്‌കാരമുള്ള, കാര്യക്ഷമതയില്ലാത്ത പബ്ലിക് ഇക്കോണമിയെയും സൃഷ്ടിച്ചിരിക്കുന്നു. ഉപഭോക്തൃ നിയന്ത്രിത സമ്പദ്‌വ്യവസ്ഥ എന്നതിനൊപ്പം കേരളം പ്രവാസി പണത്തെ വലിയ തോതില്‍ ആശ്രയിച്ചുമാണ്‌നില്‍ക്കുന്നത്. സമ്പദ്‌വ്യവസ്ഥയില്‍ നിക്ഷേപങ്ങള്‍ ഇല്ലാത്തതല്ല, മറിച്ച് പ്രധാനമായും ഊന്നല്‍ സേവന, നിര്‍മാണ മേഖലകള്‍ക്കാണെന്ന് മാത്രം.
ഉയര്‍ന്ന വേതനവും സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികളും സമൂഹത്തിലെ താഴെ തട്ടിലുള്ളവര്‍ക് സൗജന്യ നിരക്കില്‍ ലഭിക്കുന്ന കാര്യങ്ങളും എല്ലാം ചേര്‍ന്നതോടെ ദാരിദ്യ നിരക്ക് വലിയ തോതില്‍ സംസ്ഥാനത്ത് കുറഞ്ഞിട്ടുണ്ട്. ഇതോടൊപ്പം മാനവിക വികാസ രംഗത്തെ ഉയര്‍ന്ന സൂചികകള്‍ കൂടി ചേര്‍ന്നതോടെ ദാരിദ്ര്യം ഏതാണ്ട് തുടച്ചുമാറ്റപ്പെട്ടുവെന്ന് തന്നെ പറയാം. (ഏതാണ്ട് ഒരു ശതമാനത്തില്‍ താഴെ മാത്രമാണിത്) അതേസമയം ദേശീയതലത്തിലെ ശരാശരി 27 ശതമാനമാണ്. ഈ സാഹചര്യം തൊഴില്‍ വിപണിയില്‍ മറ്റൊരു വൈരുധ്യം സൃഷ്ടിക്കുന്നുണ്ട്.
ഏറ്റവും കുറഞ്ഞത് സെക്കന്‍ഡറി വിദ്യാഭ്യാസമെങ്കിലുമുള്ള പുരുഷന്മാരും സ്ത്രീകളും കൈത്തൊഴിലുകളില്‍ നിന്ന് മാറിപ്പോയി. അതോടെ ഈ തൊഴിലുകള്‍ ചെയ്യാനുള്ള ഇതര സംസ്ഥാനക്കാരുടെ വിപണിയായി കേരളം മാറി. സൂക്ഷ്മവും ആസൂത്രിതവുമായ തിരുത്തല്‍ നടപടികള്‍ കേരളത്തില്‍ ആവശ്യമായുണ്ട്. കാര്‍ഷിക മേഖല തളര്‍ച്ചയിലാണെങ്കിലും വിദ്യാസമ്പന്നരായ യുവതീയുവാക്കള്‍ ആധുനികകൃഷിരീതികളിലേക്ക് വരുന്നുണ്ട്. ശ്രദ്ധേയമായ മറ്റൊരു കാര്യം, മതിയായ മൂലധനത്തോടെ ചെറിയ ആധുനിക മാനുഫാക്ചറിംഗ് ഗ്രൂപ്പുകളും കേരളത്തിലുണ്ടാകുന്നുണ്ട്. വിജ്ഞാനാധിഷ്ഠിതമായ തൊഴിലുകള്‍ ഇവ സൃഷ്ടിക്കുകയും ചെയ്യുന്നു. എന്നാല്‍ കേരളത്തിലെ സമ്പദ് വ്യവസ്ഥയെ പൊതുവില്‍ എടുത്താന്‍ ഇത് വളരെ ചെറിയൊരു ശതമാനമാണ്; വ്യാപകമായി കണ്ടുവരുന്നതല്ല.
(സാമ്പത്തികകാര്യ വിദഗ്ദ്ധനും സി.ഡി.എസ് മുന്‍ ഡയറക്റ്ററുമാണ് ലേഖകന്‍)
(This article was originally published in Dhanam Magazine June 15 and 30 issue)
Read DhanamOnline in English
Subscribe to Dhanam Magazine