'Nothing Beats a Londoner' നൈക്കിന്റെ (Nike) പരസ്യകാമ്പയിനായിരുന്നു. അതിന് എടുത്തുകാട്ടേണ്ട വലിയൊരു പ്രത്യേകതയുണ്ടായിരുന്നു. മുന്‍കാലത്തെപ്പോലെ പ്രശസ്തരായ അത്‌ലറ്റുകളെ ഉപയോഗിച്ചായിരുന്നില്ല ആ കാമ്പയിന്‍ ചെയ്തത്. അതിനു പകരം ലണ്ടനിലെ തെരുവുകളിലും കളിക്കളങ്ങളിലും വിവിധ കായിക വിനോദങ്ങള്‍ (Sports) പരിശീലിച്ചിരുന്ന യുവാക്കളെയാണ് അതില്‍ കാണിച്ചത്. നൈക്കിന്റെ വസ്ത്രങ്ങള്‍ അണിഞ്ഞ് ലണ്ടനിലെ അങ്ങോളമിങ്ങോളമുള്ള ചെറുപ്പക്കാര്‍ ടെലിവിഷനുകളില്‍ പ്രത്യക്ഷപ്പെട്ടു. ഇതോടെ ലണ്ടനില്‍ നൈക്കിന്റെ സ്‌പോര്‍ട്‌സ് ഉല്‍പ്പന്നങ്ങള്‍ സെര്‍ച്ച് ചെയ്യുന്നവരുടെ എണ്ണം 93 ശതമാനമാണ് വര്‍ദ്ധിച്ചത്.
പ്രശസ്തരായ അത്‌ലറ്റുകളില്‍ ഒരാള്‍ പോലും ഈ മാര്‍ക്കറ്റിംഗ് കാമ്പയിന്റെ ഭാഗമായില്ല. ലണ്ടനിലെ സാധാരണക്കാരായ യുവാക്കള്‍ ആഗോള ബ്രാന്‍ഡിന്റെ സന്ദേശവാഹകരായി. ഓരോ പ്രദേശത്തെയും വൈകാരികമായി സ്പര്‍ശിക്കുവാന്‍ ഈ കാമ്പയിനിലൂടെ നൈക്കിന് സാധിച്ചു. ലോക്കല്‍ മാര്‍ക്കറ്റിംഗിലൂടെ തങ്ങളുടെ വില്‍പ്പനയില്‍ നൈക്ക് വലിയൊരു കുതിച്ചു ചാട്ടം തന്നെ ലണ്ടനില്‍ സൃഷ്ടിച്ചു.
മക്‌ഡൊണാള്‍ഡിന്റെ ഇന്ത്യയിലെ മെനു ശ്രദ്ധിക്കുക. നിങ്ങള്‍ക്കതില്‍ 'ദോശ മസാല ബര്‍ഗര്‍' എന്ന ഒരു ഐറ്റം കാണാം. സ്‌പെയിനില്‍ 'Patatas Deluxe' , നെതര്‍ലാന്‍ഡില്‍ 'Mckrokte' എന്നിവയും മെനുവില്‍ ഉണ്ടാകും. തങ്ങള്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രാദേശിക വിഭവങ്ങള്‍ കൂടി മെനുവില്‍ ഉള്‍പ്പെടുത്താന്‍ അവര്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. മറ്റൊരു രാജ്യത്തെ ബ്രാന്‍ഡ് തങ്ങളുടെ പ്രദേശത്ത് പ്രവര്‍ത്തിക്കുമ്പോള്‍ പ്രാദേശിക വിഭവങ്ങളുടെ സാന്നിധ്യം ഉപഭോക്താക്കള്‍ക്ക് ആ ബ്രാന്ഡുകമായുള്ള ഒരാത്മബന്ധം ഉടലെടുപ്പിക്കുന്നു.
ലോക്കല്‍ മാര്‍ക്കറ്റിംഗ് തന്ത്രം വ്യത്യസ്തങ്ങളായ പല രീതികളിലൂടെ പ്രയോഗിക്കാം. ഒരു സ്ഥലത്തുള്ള ഉപഭോക്താക്കളെ മാത്രം ലക്ഷ്യം വെച്ച് പ്രൊമോഷന്‍ നടത്തുമ്പോള്‍ ആ പ്രദേശത്ത് അറിയപ്പെടുന്ന സെലിബ്രിറ്റിയെ ഉപയോഗിക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും. പ്രാദേശികമായി നിര്‍മ്മിക്കപ്പെടുന്ന ഉല്‍പ്പന്നങ്ങള്‍, നല്‍കപ്പെടുന്ന സേവനങ്ങള്‍ എന്നിവയെ പിന്തുണക്കുമ്പോള്‍ ബിസിനസിന്റെ സ്വീകാര്യത വര്‍ധിക്കുന്നു. അതുപോലെ തന്നെ പ്രാദേശികമായി ആവശ്യമുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും എത്തിച്ചു നല്‍കുന്ന ബിസിനസുകളോടും ഉപഭോക്താക്കളുടെ മമത കൂടും. പ്രാദേശിക പ്രവര്‍ത്തനങ്ങളില്‍, ആഘോഷങ്ങളില്‍, പരിപാടികളില്‍ ഭാഗഭാക്കാകുന്ന ബിസിനസുകള്‍ക്ക് കൂടുതല്‍ പ്രാദേശിക പിന്തുണ ലഭിക്കും. നമ്മുടെ നാട്ടിലെ ബിസിനസുകള്‍ വളരെ ബുദ്ധിപരമായി ഈ തന്ത്രം ഉപയോഗിക്കുന്നത് കാണുവാന്‍ സാധിക്കും.
മോറിസണ്‍സ് (Morrisons) സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വളരെ വിപുലങ്ങളായ പരസ്യ കാമ്പയിനുകളാണ് പ്രാദേശിക ഉല്‍പ്പാദകരെ പിന്തുണക്കുവാന്‍ സംഘടിപ്പിക്കുന്നത്. ഷോപ്പിന് ചുറ്റും ഒരു നിശ്ചിത ദൂരത്തുള്ള ഉല്‍പ്പാ ദകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ പ്രദര്‍ശിപ്പിക്കുവാനും വില്‍ക്കുവാനുമുള്ള സൗകര്യം മോറിസണ്‍സ് ഒരുക്കുന്നു. ഇതിനു പുറമേ പ്രാദേശിക പരിപാടികള്‍ സംഘടിപ്പിച്ചു കൊണ്ട് അത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് പ്രൊമോഷന്‍ നല്‍കുവാനും അവര്‍ ശ്രദ്ധിക്കുന്നു. ഏകദേശം 240 പ്രാദേശിക ഉല്‍പ്പാദകരുടെ കയ്യില്‍ നിന്നും 1000 ത്തോളം വരുന്ന പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്ക് അവസരം നല്‍കുവാന്‍ ഇതുവഴി അവര്‍ക്ക് സാധിച്ചു.
പൂക്കടകള്‍ (Flower Shops) വിവാഹ ആവശ്യങ്ങള്‍ നിറവേറ്റുന്ന പ്രാദേശിക ബിസിനസുകളുമായി കൈകോര്‍ക്കുന്നതും ഒരു പ്രദേശത്ത് നിലനില്‍ക്കുന്ന പ്രത്യേക വിവാഹ ചടങ്ങുകളുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട് 'Theme' ഉണ്ടാക്കുന്നതും ലോക്കല്‍ മാര്‍ക്കറ്റിംഗിന്റെ ശക്തി മനസിലാക്കിയിട്ടാണ്. വില്‍പ്പനക്കാരന്‍ ഉപഭോക്താക്കളുടെ പേരുകള്‍ ഓര്‍ത്തിരിക്കുന്നതും അവര്‍ വരുമ്പോള്‍ പേര് വിളിച്ച് സംബോധന ചെയ്യുന്നതും ഈ തന്ത്രത്തിന്റെ ഭാഗം തന്നെയാണ്. ബ്രാന്‍ഡ് നാമങ്ങള്‍ (Brand Names), അടയാളങ്ങള്‍, സ്‌റ്റോറി ടെല്ലിംഗ് പോലുള്ളവയും ലോക്കല്‍ മാര്‍ക്കറ്റിംഗിന് ഉപയോഗിക്കാം.
Read DhanamOnline in English
Subscribe to Dhanam Magazine