Guest Column

തനിച്ചുള്ള സമയം ആസ്വദിക്കാനുള്ള മൂന്നു വഴികള്‍

നിങ്ങള്‍ക്ക് ഒഴിവുസമയം ലഭിക്കുമ്പോള്‍ സാങ്കേതിക ഉപകരണങ്ങള്‍ക്കായി കൈനീട്ടുന്നതിനു പകരം ഇക്കാര്യങ്ങള്‍ ചെയ്തു നോക്കു

Anoop Abraham

ഒറ്റയ്ക്ക് സമയം ചെലവഴിക്കുന്നതിനെ കുറിച്ച് നിങ്ങള്‍ക്ക് ആശങ്കയുണ്ടോ? നിങ്ങളുടെ ചിന്തകളുമായി നിങ്ങള്‍ ഒറ്റയ്ക്കാവുമ്പോള്‍ നിങ്ങളുടെ ഫോണ്‍ കൈയിലെടുക്കാനുള്ള ത്വര ചെറുക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ? എന്നാല്‍ ഒറ്റയ്ക്കിരിക്കുന്നതില്‍ വിരസതയോ അസ്വസ്ഥതയോ തോന്നേണ്ട കാര്യമില്ല. ടെക്നോളജിയുടെ സഹായം ഇല്ലാതെ തന്നെ ഗുണപരമായി തനിച്ച് സമയം ചെലവഴിക്കാനുള്ള മൂന്ന് ലളിതമായ വഴികളിതാ..

ജേര്‍ണല്‍ (Journal)

നിങ്ങളുടെ വിചാരവികാരങ്ങള്‍ പേപ്പറില്‍ എഴുതിയിടുന്നതാണ് ജേര്‍ണലിംഗ് കൊണ്ട് ഉദ്ദേശിക്കുന്നത്. നിങ്ങളുടെ സ്വപ്നം കണ്ടെത്തുന്നതിനും അലങ്കോലമായ മനസ്സ് വൃത്തിയാക്കുന്നതിനും മുന്‍ഗണനകളില്‍ വ്യക്തത വരുത്തുന്നതിനും ഉള്ള ഒരുപകരണമായി നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാം.

ജേര്‍ണലിംഗ് എന്നത് ഞാന്‍ പ്രത്യേകം ഇഷ്ടപ്പെടുന്ന കാര്യമാണ്. എന്നിലുള്ള, എന്നാല്‍ ഞാനറിയാത്ത വശങ്ങളും താല്‍പ്പര്യങ്ങളും കണ്ടെത്താന്‍ അത് എന്നെ സഹായിച്ചിട്ടുണ്ട്.

ജേര്‍ണലിംഗില്‍ ആരേയും സന്തോഷിപ്പിക്കേണ്ടതില്ല. അക്ഷര-വ്യാകരണ തെറ്റുകള്‍ പ്രശ്നമല്ല. ജേര്‍ണലില്‍ എഴുതിയിടുന്നതെല്ലാം നിങ്ങള്‍ക്ക് മാത്രം കാണാനാണ്. പാടുന്നതിന് കഴിവുള്ള ഒരു ഗായകനാകണമെന്നില്ല എന്നതു പോലെ എഴുതാന്‍ നിങ്ങള്‍ വിദഗ്ധനായ എഴുത്തുകാരനാകേണ്ടതില്ല. എന്നാല്‍ ഈ പ്രക്രിയ തന്നെ ആസ്വാദ്യകരമായ ഒരനുഭവമായിരിക്കും.

ജേര്‍ണലിനായി അനന്തമായ ക്രിയാത്മക വഴികളുണ്ട്. ചില നിര്‍ദ്ദേശങ്ങള്‍ താഴെ പറയുന്നു.

  • നിങ്ങളുടെ സ്വപ്നങ്ങളെയും ഫാന്റസികളെയും കുറിച്ച് എഴുതുക.
  • നിങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങളുടെ പട്ടിക തയാറാക്കുക
  • നിങ്ങളുടെ ജീവിതത്തില്‍ കൃതജ്ഞതയുളവാക്കുന്ന അഞ്ചു കാര്യങ്ങളെ കുറിച്ച് എഴുതുക.
  • നിങ്ങളുടെ അതാത് ദിവസത്തെ കുറിച്ച് എഴുതുക.
വായന

സോഷ്യല്‍ മീഡിയയുടെയും നെറ്റ്ഫ്‌ളിക്‌സിന്റെയും കാലത്ത് പുസ്തകം വായിക്കുക എന്നത് അത്ര ജനപ്രിയമായ ശീലമായിരിക്കില്ല. എന്നാല്‍ നിങ്ങള്‍ വിനോദത്തിനും ത്രില്ലിനും രസത്തിനും ചിരിക്കും വേണ്ടി തിരയുകയാണെങ്കില്‍ അതെല്ലാം പുസ്തകങ്ങളിലുണ്ട്.

ഒരു നല്ല പുസ്തകത്തില്‍ മുഴുകിയിരിക്കുമ്പോള്‍ എല്ലാ ആശങ്കകളും ഇല്ലാതാകുകയും അത് നമ്മളെ വേറൊരു ലോകത്തേക്ക് കൊണ്ടു പോകുകയും ചെയ്യുന്നു. മറ്റ് വിനോദ മാധ്യമങ്ങളില്‍ നിന്ന് വ്യത്യസ്തമായി പുസ്തകങ്ങള്‍ ജീവിതം മാറ്റിമറിക്കുന്ന തരത്തിലുള്ള സ്വാധീനം ഉണ്ടാക്കുന്നു.

ഇലോണ്‍ മസ്‌ക്, ഓപ്ര വിന്‍ഫ്രേ, വാറന്‍ ബഫറ്റ് തുടങ്ങിയ ശതകോടീശ്വരന്മാര്‍ തങ്ങളുടെ വായനാശീലം ജീവിതത്തിലും വിജയത്തിലും നിര്‍ണായക പങ്ക് വഹിച്ചതായി പറയുന്നു. Goodreads.com, WhatShouldIReadNext.com തുടങ്ങിയ വെബ്സൈറ്റുകളിലൂടെ നിങ്ങള്‍ക്ക് മികച്ച പുസ്തകങ്ങള്‍ കണ്ടെത്താം.

ദിവാ സ്വപ്നം

ദിവാസ്വപ്നം കാണുക എന്നത് അത്ര നല്ല ഏര്‍പ്പാടായല്ല പൊതുവേ കണക്കാക്കുന്നത്. മാത്രമല്ല, നമ്മുടെ ഒഴിവു സമയങ്ങളില്‍ ഭൂരിഭാഗവും സാങ്കേതിക ഉപകരണങ്ങള്‍ കവര്‍ന്നെടുക്കുന്നതിനാല്‍ ഇന്ന് നമ്മളില്‍ പലരും ബോധപൂര്‍വം ദിവാസ്വപ്നം കാണാറുമില്ല. എന്നാല്‍ നമ്മള്‍ ദിവാസ്വപ്നം കാണുമ്പോള്‍ ചില രസകരമായ കാര്യങ്ങള്‍ തിരശ്ശീലയ്ക്ക് പിന്നില്‍ സംഭവിക്കുന്നു.

വിരസതയെ കുറിച്ച് ഗവേഷണം നടത്തിയ ഡോ സാന്‍ഡി മന്‍ പറയുന്നതു പോലെ, ' നിങ്ങള്‍ ദിവാസ്വപ്നം കാണാന്‍ തുടങ്ങുകയും മനസ്സിനെ വ്യാപരിക്കാന്‍ അനുവദിക്കുകയും ചെയ്താല്‍ ബോധമണ്ഡലത്തിനപ്പുറത്തേക്ക്- അബോധതലത്തിലേക്ക് ചിന്തിക്കാന്‍ തുടങ്ങും. അത് വ്യത്യസ്തമായ മാനസിക ബന്ധങ്ങളിലേക്ക് നയിക്കുന്നു'.

എല്ലാ ദിവസവും എന്റെ ബാല്‍ക്കണിയില്‍ കുറച്ചു സമയം നടക്കാന്‍ ഞാനിഷ്ടപ്പെടുന്നു. അവിടെ മനസ്സിനെ ശാന്തമാക്കുവാനും ദിവാസ്വപ്നം കാണാനും വിടുന്നു. ദിവാസ്വപ്നം കാണുമ്പോള്‍ ചിന്തകള്‍ കൂടുതല്‍ ഉള്‍ക്കാഴ്ചയുള്ളതായി എനിക്ക് തോന്നുന്നു. ഇത് വേഗതയൊന്ന് കുറച്ച് ജീവിതത്തെ വലിയ കാഴ്ചപ്പാടോടെ നോക്കിക്കാണാനും സഹായിക്കുന്നു.

നമ്മള്‍ ദിവാസ്വപ്നം കാണുമ്പോള്‍ സങ്കീര്‍ണമായ പ്രശ്നപരിഹാരവുമായി ബന്ധപ്പെട്ട മസ്തിഷ്‌ക ഭാഗങ്ങള്‍ സജീവമാകുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ശ്രദ്ധയെ വ്യതിചലിക്കുന്ന ഇക്കാലത്ത് ഒറ്റയ്ക്ക് സമയം ചെലവഴിക്കുന്നത് നിങ്ങള്‍ക്ക് പ്രാധാന്യമുള്ളതും നിങ്ങളുടെ സമയത്തിന്റെ മൂല്യം ലഭിക്കുന്നതുമായ കാര്യങ്ങളെ കുറിച്ച് ബോധവാന്മാരാക്കി കൂടുതല്‍ സംതൃപ്തമായ ജീവിതം നയിക്കാന്‍ നിങ്ങളെ സഹായിക്കും.

അതിനാല്‍ അടുത്ത തവണ നിങ്ങള്‍ക്ക് ഒഴിവു സമയം ലഭിക്കുമ്പോള്‍ സാങ്കേതിക ഉപകരണങ്ങള്‍ക്കായി കൈ നീട്ടുന്നതിനു പകരം ഈ കാര്യങ്ങള്‍ ചെയ്യുന്നത് പരിഗണിക്കുക.

For more simple and practical tips to live better and be happier visit Anoop's website: https://www.thesouljam.com

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT