കേണല്‍ രാജീവ് മണ്ണാളി, ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ എസ്‌യുടി ഹോസ്പിറ്റല്‍, പട്ടം 
Impact Feature

ക്യാന്‍സറിനെ മറികടക്കാന്‍ വേണം, പ്രതിരോധവും രോഗനിര്‍ണയവും

ക്യാന്‍സര്‍ നിയന്ത്രിക്കുന്നതിനായി നമ്മള്‍ സ്വീകരിക്കേണ്ട ഫലപ്രദമായ നടപടികള്‍

Dhanam News Desk

മനുഷ്യരാശി ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് പ്രായ, ലിംഗ ഭേദമന്യേ എല്ലാവരെയും പിടികൂടുന്ന ക്യാന്‍സര്‍. നിലവില്‍ ലോകത്ത് ഏറ്റവും മാരകമായ രോഗങ്ങളില്‍ ഒന്നാണ് ക്യാന്‍സര്‍. മനുഷ്യശരീരത്തിലെ വിവിധ അവയവങ്ങളെയും ചില സന്ദര്‍ഭങ്ങളില്‍ ഒരേസമയം ഒന്നിലധികം അവയവങ്ങളെയും ബാധിക്കുമെന്നതാണ് ക്യാന്‍സറിന്റെ ഏറ്റവും ആശങ്കാജനകമായ കാര്യം. ഇന്ത്യയില്‍ ദിനംപ്രതി ക്യാന്‍സര്‍ രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ പ്രാരംഭഘട്ടത്തില്‍ തന്നെ രോഗം കണ്ടെത്തേണ്ടിയിരിക്കുന്നു. എന്നാല്‍ ഇത് ഇപ്പോഴും ഒരു വെല്ലുവിളിയായി തുടരുകയാണ്.

വേണം, ഫലപ്രദമായ നടപടികള്‍

സംസ്ഥാനത്ത് ക്യാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ഷംതോറും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ രോഗത്തെ ഫലപ്രദമായി നേരിടാന്‍ നാം കൃത്യമായ നടപടികള്‍ സ്വീകരിച്ചേ മതിയാവൂ. ക്യാന്‍സറിനെതിരെയുള്ള പോരാട്ടത്തിലെ ആദ്യപടി പ്രതിരോധമാണ്. ഏറ്റവും പ്രതീക്ഷ നല്‍കുന്ന പ്രതിരോധ രീതികളിലൊന്ന് ജനിതക പരിശോധനയാണ്. ഇത് മുന്‍കൂട്ടി ക്യാന്‍സര്‍ സാധ്യതയുള്ള വ്യക്തികളെ തിരിച്ചറിയാന്‍ സഹായിക്കുന്നു. വാക്സിനേഷനുകളും മറ്റ് രോഗ പ്രതിരോധ മാര്‍ഗങ്ങളും പകര്‍ച്ചവ്യാധികളില്‍ നിന്ന് എങ്ങനെ നമ്മെ സംരക്ഷിക്കുന്നുവോ, അതുപോലെ ജനിതക പരിശോധന ക്യാന്‍സറിനെതിരായ ഒരു മുന്‍കരുതല്‍ എടുക്കുന്നതിന് സഹായകമാണ്.

ജനിതക പരിശോധന ഒരു പതിവ് രീതിയായി മാറുകയാണെങ്കില്‍ (പ്രത്യേകിച്ച് ജനന സമയത്ത് നടത്തുന്ന പരിശോധന) പിന്നീടുള്ള ജീവിതത്തില്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടെത്താന്‍ സഹായകമാകും. ഈ അറിവ് ഉപയോഗിച്ച്,ആരോഗ്യ സംരക്ഷണ വിദഗ്ധര്‍ക്ക് പ്രതിരോധ നടപടികള്‍ നടപ്പാക്കാനും അപകട സാധ്യതകള്‍ നിരീക്ഷിക്കാനും അവ ലഘൂകരിക്കാനും പതിവായി സ്‌ക്രീനിംഗ് ടെസ്റ്റുകള്‍ നടത്തുന്നതിനും വഴിയൊരുക്കും.

ലോകമെമ്പാടും ക്യാന്‍സര്‍ പ്രതിരോധത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നു ണ്ട് എന്നത് വലിയ ആശ്വാസമാണ്. എന്നിരുന്നാലും, രോഗബാധിതരുടെ എണ്ണം വളരെ കൂടുതലായതിനാല്‍ കൃത്യമായി ഏകോപിപ്പിച്ച ഒരു സമീപനം ആവശ്യമായി വരുന്നു. പോളിയോ വാക്സിനേഷന്റെ കാര്യത്തില്‍ തെളിയിക്കപ്പെട്ടതുപോലെ, രോഗപ്രതിരോധ പരിപാടികള്‍ ലോകമെമ്പാടും വിജയകരമായി നടപ്പാക്കിയതുപോലെ ജനിതക പരിശോധനയിലൂടെയുള്ള പ്രതിരോധം നമുക്ക് പ്രാവര്‍ത്തികമാക്കാവുന്നതേയുള്ളൂ. ഇപ്രകാരമുള്ള ജനിതക പരിശോധന വെല്ലുവിളി നിറഞ്ഞ ഒന്നായിത്തോന്നാം. എന്നാല്‍ സര്‍ക്കാര്‍ പിന്തുണ, ബിസിനസ് മേഖലയുടെ ഇടപെടല്‍, പൊതുജന പങ്കാളിത്തം എന്നിവയിലൂടെ ഇത് യാഥാര്‍ത്ഥ്യമാക്കാവുന്നതാണ്. നാം പോളിയോയെ പ്രതിരോധിച്ചത് പോലെ.

ശീലിക്കാം, ഇവയൊക്കെ

യോഗ, ധ്യാനം, പ്രാണായാമം തുടങ്ങിയ പരിശീലനങ്ങള്‍ സമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും മൊത്തത്തിലുള്ള മാനസികാരോഗ്യം വര്‍ധിപ്പിക്കുന്നതിനും കാരണ മാകുന്നു. ചെറുപ്പം മുതല്‍ ഈ ശീലങ്ങള്‍ പാലിക്കുന്നത് ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള ജീവിതശൈലീ രോഗങ്ങള്‍ക്കെതിരേ പ്രതിരോധിക്കാന്‍ സാധിക്കും.ക്യാന്‍സര്‍ രോഗം ബാധിച്ചാല്‍, അത് നിയന്ത്രിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. സര്‍ക്കാര്‍ പിന്തുണ നിര്‍ണായകമാണെങ്കിലും, പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാരിതര സംഘടനകളും (എന്‍ജിഒകള്‍) നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. അവബോധം വളര്‍ത്താനും സ്‌ക്രീനിംഗ് സൗകര്യങ്ങള്‍ നല്‍കാനും രോഗികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പിന്തുണ നല്‍കാനും ഈ സംഘടനകള്‍ക്ക് സാധിക്കും.

രോഗനിര്‍ണയം

രോഗനിര്‍ണയം നേരത്തെ നടത്തുന്നതിനായി ആവശ്യമുള്ള ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തണം. ഇന്ത്യ പോലുള്ള ഒരു രാജ്യത്ത്, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആവശ്യമായ സ്‌ക്രീനിംഗും രോഗനിര്‍ണയ സൗകര്യങ്ങളും ഉണ്ടാകേണ്ടതാണ്. നേരത്തേയുള്ള കണ്ടെത്തല്‍ സമയബന്ധിതമായ വൈദ്യസഹായത്തിന് വഴിയൊരുക്കുന്നു. ഇത് വിജയകരമായ ചികിത്സയും അതിജീവനത്തിനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നതിന് സഹായകമാകുന്നു. ജനിതക പരിശോധനയ്ക്കും നേരത്തേയുള്ള കണ്ടെത്തലിനും അപ്പുറം, ജീവിതശൈലീ മാറ്റങ്ങള്‍ ക്യാന്‍സര്‍ പ്രതിരോധത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. അനാരോഗ്യകരമായ ജീവിതശൈലികള്‍, അമിത സമ്മര്‍ദ്ദം, പാരിസ്ഥിതിക ഘടകങ്ങള്‍ എന്നിവ ക്യാന്‍സര്‍ രോഗ സാധ്യത വര്‍ധിക്കുന്നതിന് ഗണ്യമായ പങ്ക് വഹിക്കുന്നുണ്ട്. ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ പൊതു അവബോധ പ്രചാരണവും അത്യാവശ്യമാണ്.

ക്യാന്‍സറിനെ നേരിടുന്നതിന് പ്രതിരോധം, നേരത്തെയുള്ള രോഗനിര്‍ണയം, ജീവിതശൈലി മാറ്റങ്ങള്‍, സര്‍ക്കാരിന്റെയും ആരോഗ്യ സംരക്ഷണ ദാതാക്കളുടെയും സമൂഹത്തിന്റെയും മൊത്തത്തിലുള്ള കൂട്ടായ ശ്രമങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ബഹുമുഖ സമീപനം അത്യന്താപേക്ഷിതമാണ്. മുന്‍കരുതല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിലൂടെ, ക്യാന്‍സര്‍ നേരത്തേ കണ്ടെത്തി ഫലപ്രദമായി ചികിത്സിക്കുകയും പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിലൂടെ രോഗബാധ ഒരു പരിധിവരെ തടയുകയും ചെയ്യാന്‍ സാധിക്കുന്ന കാലം വിദൂരമല്ല എന്ന് നമുക്ക് പ്രത്യാശിക്കാം.

(ധനം ദ്വൈവാരികയില്‍ 2025 മാര്‍ച്ച് 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്‌)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT