Industry

ലോക്ഡൗണില്‍ തൊഴില്‍ നഷ്ടമായത് രാജ്യത്തെ 1.5 ദശലക്ഷം വനിതകള്‍ക്ക്

തൊഴിലില്ലായ്മാ നിരക്ക് ഏറ്റവും ഉയര്‍ന്നത് യുവജനതയ്ക്കിടയിലെന്നും കണക്കുകള്‍.

Dhanam News Desk

കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണിന് ശേഷം ഇങ്ങോട്ട് രാജ്യത്തെ 1.5 ദശലക്ഷം സ്ത്രീകള്‍ക്ക് ജോലി നഷ്ടമായതായി റിപ്പോര്‍ട്ടുകള്‍. ആക്സസ് ഡെവലപ്മെന്റ് സര്‍വീസസ് തയ്യാറാക്കായി സ്റ്റേറ്റ് ഓഫ് ഇന്ത്യ, ലൈവ്‌ലിഹുഡ് റിപ്പോര്‍ട്ട് പ്രകാരമാണിത്. ഈ കാലയളവില്‍ ആകെ നഷ്ടമായ തൊഴിലവസരങ്ങള്‍ 6.3 ദശലക്ഷമാണെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

ഈ കാലയളവില്‍ മൊത്തം 6.3 മില്യണ്‍ തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടതില്‍ പരമാവധിയും ചെറുപ്പക്കാര്‍ക്കെന്നും റിപ്പോര്‍ട്ടുകള്‍.

59 ശതമാനം പുരുഷന്മാര്‍ക്ക് ജോലി നഷ്ടമായപ്പോള്‍ 71 ശതമാനം ഗ്രാമീണ സ്ത്രീകള്‍ക്കും ലോക്ക്ഡൗണിന് ശേഷം തൊഴില്‍ നഷ്ടപ്പെട്ടതായി കാണാം.

പ്രൊഫഷണല്‍ മേഖലയിലല്ലാത്ത സ്ത്രീ തൊഴിലാളികളെ ലോക്ഡൗണ്‍ തൊഴിലില്ലായ്മ മോശമായി ബാധിച്ചതായി റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. വ്യാഴാഴ്ച നടന്ന ലൈവ്ലിഹുഡ്സ് ഇന്ത്യ ഉച്ചകോടിയില്‍ നബാര്‍ഡ് ചെയര്‍മാന്‍ ജി ആര്‍ ചിന്തലയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

2021 സെപ്തംബര്‍ വരെ തൊഴിലില്ലായ്മാ നിരക്ക് 8.3 ശതമാനമായി കുറഞ്ഞെങ്കിലും 2021 ആഗസ്ത് വരെ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 32 ശതമാനമായിരുന്നുവെന്നും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു.

സമ്പദ്വ്യവസ്ഥ വീണ്ടെടുക്കല്‍ പാതയിലാണെങ്കിലും ഗ്രാമങ്ങളില്‍ ഇപ്പോഴും തൊഴില്‍ പ്രതിസന്ധി നിലനില്‍ക്കുന്നതായാണ് പഠനങ്ങള്‍. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംജിഎന്‍ആര്‍ഇജിഎസ്) യുടെ ഡാറ്റ സൂചിപ്പിക്കുന്നത്, കോവിഡ് ലോക്ഡൗണുകള്‍ക്ക് ശേഷം തൊഴില്‍ വിപണിയിലെ വര്‍ധിച്ചുവന്ന സമ്മര്‍ദ്ദം ഇപ്പോഴും നിലനില്‍ക്കുന്നു എന്നാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT