Image : Canva 
Industry

ബജറ്റിലെ അപ്രതീക്ഷിത പ്രഖ്യാപനത്തില്‍ സ്വര്‍ണത്തിന് നഷ്ടം ₹10.7 ലക്ഷം കോടി, തിരിച്ചടി ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക്

30,000 ടണ്‍ സ്വര്‍ണമാണ് ഇന്ത്യന്‍ കുടുംബങ്ങളിലും ക്ഷേത്രങ്ങളിലുമായി സൂക്ഷിച്ചിരിക്കുന്നത്

Dhanam News Desk

ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ 15 ശതമാനത്തില്‍ ആറ് ശതമാനമായി കുറച്ചതു വഴി വിപണിക്കുണ്ടായത് വന്‍ നഷ്ടം. ഇന്ത്യന്‍ കുടുംബങ്ങളില്‍ 30,000 ടണ്‍ സ്വര്‍ണം ഉണ്ടെന്നാണ് കണക്കാക്കുന്നത്. ധനമന്ത്രിയുടെ പ്രഖ്യാപനത്തിനു ശേഷം എം.സി.എക്‌സില്‍ സ്വര്‍ണ വില 5 ശതമാനം കുറഞ്ഞു. പത്ത് ഗ്രാമിന് 72,875 രൂപയുണ്ടായിരുന്നത് 69,296 രൂപയിലെത്തി. ഇതോടെ ഇന്ത്യയിലെ സ്വര്‍ണ ശേഖരത്തിന്റെ മൂല്യത്തില്‍ ഒറ്റ ദിവസം കൊണ്ട് 10.7 ലക്ഷം കോടി രൂപയുടെ നഷ്ടമാണുണ്ടായത്.

 ഓഹരി വിപണിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതു വരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും വലിയ ആറാമത്തെ വലിയ തകര്‍ച്ചയാണിത്.

ഓഹരി വിപണിയില്‍ നിന്ന് വ്യത്യസ്തമായി സ്വര്‍ണത്തിന്റെ മൂല്യത്തിലുണ്ടായ കുറവ് കുടുംബങ്ങളെയാണ് കൂടുതല്‍ ബാധിച്ചത്. കാരണം ഓഹരി നിക്ഷേപത്തേക്കാള്‍ വളരെ കൂടുതലാണ് കുടുംബങ്ങളുടെ സ്വര്‍ണ നിക്ഷേപം. മറ്റു രാജ്യങ്ങളുമായി നോക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ സമ്പാദ്യമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ലോകത്തിലെ മൊത്തം സ്വര്‍ണത്തിന്റെ 11 ശതമാനവും ഒളിച്ചിരിക്കുന്നത് ഇന്ത്യന്‍ കുടുംബങ്ങളിലാണ്. ഇന്ത്യയിലെ ക്ഷേത്രങ്ങളും വീടുകളും ചേര്‍ന്ന് 30,000 ടണ്ണോളം സ്വര്‍ണമാണ് സൂക്ഷിക്കുന്നത്. വികസിത രാജ്യങ്ങളായ യു.എസ്.എ, ജര്‍മനി, സ്വിറ്റസര്‍ലന്‍ഡ് എന്നിവയുടെയും ഐ.എം.എഫിന്റെയും  സ്വര്‍ണ ശേഖരത്തേക്കാള്‍ കൂടുതലാണിത്.

സ്വര്‍ണത്തിന്റെ മുന്നേറ്റവും താഴ്ചയും

ഈ വര്‍ഷം തുടങ്ങിയതു മുതല്‍ വലിയ മുന്നേറ്റമാണ് സ്വര്‍ണ വിലയിലുണ്ടായത്. സെന്‍സെക്‌സ് 12.5 ശതമാനം  വളര്‍ന്നപ്പോള്‍ സ്വര്‍ണത്തിന്റെ വളര്‍ച്ച 14.7 ശതമാനമാണ്.

ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണത്തിന്റെ ജി.എസ്.ടി അടക്കമുള്ള നികുതി 18.5 ശതമാനത്തില്‍ നിന്ന് 9 ശതമാനമായി കുറഞ്ഞു. ഇതാണ് രാജ്യത്തെ സ്വര്‍വിലയിലും കുറവുണ്ടാക്കിയത്.  കസ്റ്റംസ് തീരുവയ്ക്ക് ആനുപാതികമായ വിലക്കുറവ് വരുത്തിയപ്പോള്‍ കേരളത്തില്‍ ഒരു പവന് 3,560 രൂപയും ഗ്രാമിന് 445 രൂപയുമാണ്  വ്യത്യാസം വന്നത്. മറ്റ് സംസ്ഥാനങ്ങളിലും സമാനമായ വിലക്കുറവ് വരുത്തിയിട്ടുണ്ട്. എന്നാല്‍ തീരുവയിലെ കുറവ് പൂര്‍ണമായും ഉപയോക്താക്കളിലേക്ക് ഒറ്റയടിക്ക്‌ നല്‍കുന്നതില്‍ സ്വര്‍ണ വ്യാപാരികള്‍ തൃപ്തരായിരുന്നില്ല. കൈയിലുള്ള സ്വര്‍ണത്തിന്റെ മൂല്യം കുറച്ച് വില്‍ക്കേണ്ടി വരുന്നത് അവര്‍ക്ക് ക്ഷീണമാണ്.

സ്വര്‍ണ വായ്പയെടുക്കുന്നവർക്കും വിലക്കുറവ് തിരിച്ചടിയാണ്. കയ്യിലുള്ള  ഒരു പവന്‍ സ്വര്‍ണത്തിന് ലഭിക്കുന്ന വായ്പാ തുക കുറയും. സ്വര്‍ണത്തിന്റെ വിപണി മൂല്യത്തിന്റെ 75 ശതമാനം (ലോണ്‍ ടു വാല്യു/LTV) വരെയാണ് ധനകാര്യ സ്ഥാപനങ്ങള്‍ വായ്പ നല്‍കുന്നത്. കൂടുതല്‍ തുക വേണ്ടി വരുന്നവര്‍ കൂടുതല്‍ സ്വര്‍ണം ഈടായി നല്‍കേണ്ടി വരും.

അതേസമയം, സ്വര്‍ണത്തിന്റെ വിലയിലുണ്ടാകുന്ന കുറവ് സ്വര്‍ണവായ്പകളെ ബാധിക്കില്ലെന്നും നിലവിലുള്ള വായ്പകളില്‍ മാറ്റം വരുത്തേണ്ടതില്ലെന്നുമാണ് മണപ്പുറം ഫിനാന്‍സ് സി.ഇ.ഒ വി.പി. നന്ദകുമാര്‍ എക്‌സില്‍ കുറിച്ചത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT