Represenational Image by Canva 
Industry

കൊച്ചിയിൽ 10,000 തൊഴിലവസരങ്ങള്‍, ₹ 690 കോടിയുടെ പദ്ധതി, 37 ഏക്കറില്‍ ടി.സി.എസിന്റെ കാമ്പസ്

അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിലൂടെ കൂടുതല്‍ ബഹുരാഷ്ട്ര കമ്പനികള്‍ കൊച്ചിയിലേക്ക് എത്തും

Dhanam News Desk

കൊച്ചിയില്‍ 37 ഏക്കറിൽ കാമ്പസ് സ്ഥാപിക്കാൻ പദ്ധതിയുമായി ടാറ്റ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്). 10,000 ത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതായിരിക്കും പദ്ധതി. കിൻഫ്ര ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് മേഖലയിലാണ് ടി.സി.എസ് കാമ്പസ് സ്ഥാപിക്കുകയെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

690 കോടി രൂപയുടെ നിക്ഷേപമാണ് ടി.സി.എസ് നടത്തുക. ഇലക്ട്രോണിക്‌സ് ഗവേഷണ വികസന പ്രവര്‍ത്തനങ്ങളിലും ഐ.ടി/ ഐ.ടി അനുബന്ധ സേവനങ്ങളിലായിരിക്കും പദ്ധതി ശ്രദ്ധയൂന്നുക. അതേസമയം, കൊച്ചി ഇൻഫോപാർക്കിൽ 5,000 ജീവനക്കാരെ ഉൾക്കൊള്ളാൻ സാധിക്കുന്ന ഓഫീസ് സ്ഥലം കമ്പനി തേടുന്നുണ്ട്.

കൊച്ചി വിമാനത്താവളം, കൊച്ചി തുറമുഖം, എന്‍.എച്ച് 544 എന്നിവയ്ക്ക് സമീപമാണ് കാക്കനാട് കിന്‍ഫ്ര പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ലോജിസ്റ്റിക്സ്, വിതരണ ശൃംഖല എന്നിവയ്ക്ക് മികച്ച കണക്റ്റിവിറ്റിയാണ് പാര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ ടെക് പാർക്കുകളിൽ നിക്ഷേപങ്ങള്‍ ആകർഷിക്കുന്നതിനായി കേരള സർക്കാർ വലിയ പ്രാധാന്യമാണ് നല്‍കി വരുന്നത്. നിക്ഷേപകർക്ക് അനുകൂലമായ അന്തരീക്ഷം സംസ്ഥാനം സൃഷ്ടിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ഡിജിറ്റല്‍ സാങ്കേതികവിദ്യക്കും മാനുഫാക്ചറിംഗിനും പ്രാധാന്യം നല്‍കിയുളള പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും പി. രാജീവ് പറഞ്ഞു.

കേരളത്തിൻ്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ഉത്തേജനം നല്‍കുന്നതായിരിക്കും ടി.സി.എസിന്റെ പദ്ധതി. 5,000 ത്തിലധികം തൊഴിലവസരങ്ങൾ നല്‍കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ജെന്‍എ.ഐ ഇന്നൊവേഷൻ സെൻ്റർ ഇൻഫോപാർക്കിൽ ഐ.ബി.എം അടുത്തിടെ ആരംഭിച്ചിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിലൂടെ കൂടുതല്‍ ബഹുരാഷ്ട്ര കമ്പനികള്‍ കൊച്ചിയിലേക്ക് എത്തുമെന്നാണ് കരുതുന്നത്. ഇന്ത്യയുടെ ടെക്, മാനുഫാക്ചറിംഗ് ഹബ്ബായി മാറാനുളള എല്ലാ സാധ്യതകളും കൊച്ചിക്കുണ്ടെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT