ബൈജു രവീന്ദ്രന്‍  
Industry

ബൈജൂസില്‍ നിന്ന് വീണ്ടും രാജി; മൂന്ന് ഉന്നതര്‍ കൂടി കമ്പനി വിട്ടു

പ്രവര്‍ത്തന പുനഃക്രമീകരണത്തിന്റെ ഭാഗമായാണ് രാജിയെന്ന് ബൈജൂസ്

Dhanam News Desk

സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ ബൈജൂസിന് കൂടുതല്‍ ക്ഷീണവുമായി തലപ്പത്ത് നിന്ന് വീണ്ടും ഉന്നതരുടെ രാജി. ചീഫ് ബിസിനസ് ഓഫീസര്‍ പ്രത്യുഷ അഗര്‍വാള്‍, ബൈജൂസ് ട്യൂഷന്‍ സെന്റേഴ്‌സ് ബിസിനസ് ഹെഡ് ഹിമാന്‍ഷു ബജാജ്, ക്ലാസ് 4-10 ബിസിനസ് ഹെഡ് മുകുത് ദീപക് എന്നിവരാണ് രാജിവച്ചത്.

ബൈജൂസിന്റെ അന്താരാഷ്ട്ര ബിസിനസ് ചുമതലയുള്ള സീനിയര്‍ വൈസ് പ്രസിഡന്റും മലയാളിയുമായ ചെറിയാന്‍ തോമസ് അടുത്തിടെ രാജിവച്ചിരുന്നു. 

പുനഃസംഘടനയിൽ രാജി!

വളര്‍ച്ചാസ്ഥിരതയും ലാഭക്ഷമതയും ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായി കൈക്കൊണ്ട പുനഃക്രമീകരണങ്ങളെ തുടര്‍ന്നാണ് പ്രത്യുഷ അഗര്‍വാള്‍, ഹിമാന്‍ഷു ബജാജ്, മുകുത് ദീപക് എന്നിവര്‍ രാജിവച്ചതെന്നാണ് ചില ദേശീയ മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ ബൈജൂസ് വ്യക്തമാക്കിയത്.

കെ3, 4-10 ക്ലാസ് ലെവല്‍സ്, 11-12 ക്ലാസ് ലെവല്‍സ്, ഓഫ്‌ലൈന്‍ ട്യൂഷന്‍ സെന്റര്‍ (BTC) എന്നിങ്ങനെ നാല് പ്രവര്‍ത്തന വിഭാഗങ്ങളാണ് (verticals) ബൈജൂസിനുണ്ടായിരുന്നത്. ഇത് കെ10 (K10), എക്‌സാം പ്രിപ്പറേഷന്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായാണ് പുനഃക്രമീകരിച്ചത്. കെ10നെ രമേഷ് കരായും എക്‌സാം പ്രിപ്പറേഷനെ ജിതേഷ് ഷായും നയിക്കും.

പടിയിറക്കവും മൂല്യം വെട്ടലും

2021-22 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനഫലം ബൈജൂസ് ഇനിയും പുറത്തുവിട്ടിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് ബൈജൂസിന്റെ ഓഡിറ്റര്‍ ചുമതല പ്രമുഖ ധനകാര്യ സ്ഥാപനമായ ഡെലോയിറ്റ് ഒഴിഞ്ഞിരുന്നു.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇതിനിടെ 2,000ഓളം ജീവനക്കാരെ ബൈജൂസ് പിരിച്ചുവിട്ടു. പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബൈജൂസിലെ നിക്ഷേപത്തിന്റെ മൂല്യം പ്രധാന നിക്ഷേപകരായ പീക്ക് എക്‌സ്.വി പാര്‍ട്‌ണേഴ്‌സ് വെട്ടിക്കുറച്ചിരുന്നു. യു.എസ് ആസ്ഥാനമായ മറ്റൊരു നിക്ഷേപകരായ ബാരണ്‍ കാപ്പിറ്റലും ബൈജൂസിന്റെ മൂല്യം പാതിയോളം താഴ്ത്തി 1,200 കോടി ഡോളറായി നിശ്ചയിച്ചിരുന്നു.

കരകയറാന്‍ ശ്രമം

മലയാളിയായ ബൈജു രവീന്ദ്രന്‍ നയിക്കുന്ന പ്രമുഖ വിദ്യാഭ്യാസ ടെക്‌നോളജി (EdTech) കമ്പനിയായ ബൈജൂസ് ഏറെക്കാലമായി ഭരണനിർവഹണം, ധനകാര്യം, കടബാദ്ധ്യത, വായ്പകൾ സംബന്ധിച്ച കേസ് തുടങ്ങിയ പ്രശ്‌നങ്ങളില്‍പ്പെട്ട് ഉഴലുകയാണ്.

പ്രതിസന്ധികളില്‍ നിന്ന് കരകയറാനുള്ള നടപടികളുടെ ഭാഗമായി ഇന്‍ഫോസിസ് മുന്‍ സി.എഫ്.ഒ മോഹന്‍ദാസ് പൈ, എസ്.ബി.ഐ മുന്‍ ചെയര്‍മാന്‍ രജനീഷ് കുമാര്‍ എന്നിവരെ ബൈജൂസ് ഉപദേശക സമിതിയില്‍ നിയമിച്ചിരുന്നു. കമ്പനിയുടെ എച്ച്.ആര്‍ മേധാവിയായി റിച്ചാഡ് ലോബോയെയും നിയമിച്ചിട്ടുണ്ട്. സെപ്റ്റംബറില്‍ ലോബോ ചുമതലയേല്‍ക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT