Image courtesy: Canva
Industry

ഉത്സവകാല ഷോപ്പിംഗ് ചെലവേറും, എസി, ടിവി, വീട്ടുപകരണങ്ങൾക്ക് അടുത്തമാസം വിലവർധന

ഈ വര്‍ഷം ഉപഭോക്തൃ ഇലക്ട്രോണിക്‌സ് മേഖലയിൽ നടക്കുന്ന മൂന്നാമത്തെ വില വർദ്ധനവാണിത്

Dhanam News Desk

ഉത്സവ സീസണിന് മുന്നോടിയായി എയർ കണ്ടീഷണറുകൾ, എൽ.ഇ.ഡി ടിവികൾ, വാഷിംഗ് മെഷീനുകൾ ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങളുടെ വില ഒക്ടോബർ 1 മുതൽ 5 ശതമാനം മുതൽ 8 ശതമാനം വരെ വർദ്ധിപ്പിക്കാൻ മുൻനിര കമ്പനികള്‍.. അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ വൻ വർദ്ധനവും, വിദേശ കറൻസിയുടെ വിനിമയ നിരക്കിലെ വ്യതിയാനങ്ങളുമാണ് വില വർദ്ധനവിന് പ്രധാന കാരണമായി കമ്പനികൾ ചൂണ്ടിക്കാണിക്കുന്നത്. 2026-ൽ ഉപഭോക്തൃ ഇലക്ട്രോണിക്‌സ് മേഖലയിൽ നടക്കുന്ന മൂന്നാമത്തെ വില വർദ്ധനവാണിത്.

വില വർദ്ധനവിനുള്ള പ്രധാന കാരണങ്ങൾ

കോപ്പർ, അലുമിനിയം, സ്റ്റീൽ, ക്രൂഡ് ഓയിൽ ഉൽപന്നങ്ങൾ തുടങ്ങിയ പ്രധാന അസംസ്‌കൃത വസ്തുക്കളുടെ വില വർദ്ധനവും ചരക്കുകൂലിയിലുണ്ടായ ഉയർന്ന ചെലവുമാണ് വില കൂട്ടാൻ കമ്പനികളെ നിർബന്ധിതരാക്കിയത്. പടിഞ്ഞാറൻ ഏഷ്യയിലെ പ്രതിസന്ധികൾ കാരണം വിനിമയ നിരക്കിലുണ്ടായ വ്യതിയാനങ്ങളും കമ്പനികൾക്ക് തിരിച്ചടിയായി. പ്രത്യേകിച്ച്, എസികളുടെ നിർമ്മാണത്തിന് അത്യന്താപേക്ഷിതമായ കോപ്പറിന്റെ വില ടണ്ണിന് കഴിഞ്ഞ വർഷത്തെ 8,000-9,000 ഡോളറിൽ നിന്ന് 14,500 ഡോളറായി ഉയർന്നത് നിർമ്മാണച്ചെലവ് കുത്തനെ കൂട്ടി.

കമ്പനികളുടെ നിലപാടും ഉത്സവ സീസണിലെ ആഘാതവും

ബ്ലൂ സ്റ്റാർ, ഗോദ്‌റെജ്, ഹെയർ, ഡൈക്കിൻ, സൂപ്പർ പ്ലാസ്‌ട്രോണിക്‌സ്, എൽ.ജി, ബോഷ് തുടങ്ങിയ പ്രമുഖ കമ്പനികൾ വില വർദ്ധനവ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം പാനസോണിക് നിലവിലെ വിപണി സാഹചര്യം വിലയിരുത്തി വരികയാണ്. ഓണം മുതൽ ദസറ, ദീപാവലി വരെയുള്ള ഉത്സവ സീസണുകളിലാണ് കമ്പനികളുടെ വാർഷിക വിൽപനയുടെ 30 മുതൽ 40 ശതമാനം വരെ നടക്കുന്നത്. എന്നാൽ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഡീലര്‍മാര്‍ പഴയ വിലയിൽ ഉൽപന്നങ്ങൾ വാങ്ങി സൂക്ഷിച്ചിട്ടുള്ളതിനാൽ ദീപാവലി വരെ ഉപഭോക്താക്കൾക്ക് പഴയ നിരക്കിൽ ഉൽപ്പന്നങ്ങൾ ലഭ്യമായേക്കാം. അതേസമയം ദീപാവലിക്ക് ശേഷം പുതിയ നിരക്കുകൾ പൂർണമായും നിലവിൽ വരും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT