Image courtesy: adani group 
Industry

അദാനിക്ക് പുതിയ കുരുക്ക്, 77 കോടിയുടെ നികുതി വെട്ടിപ്പില്‍ അന്വേഷണം, മിസൈൽ ഘടകങ്ങളുടെ ഇറക്കുമതിയിൽ ക്രമക്കേടോ?

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രതിരോധ മേഖലയിലെ നികുതി വെട്ടിപ്പ് അദാനി ഗ്രൂപ്പിന് പുതിയ നിയമപരമായ തലവേദനയായിരിക്കുകയാണ്

Dhanam News Desk

പ്രതിരോധ മേഖലയിലെ പ്രമുഖ സ്വകാര്യ കമ്പനിയായ അദാനി ഡിഫൻസ് സിസ്റ്റംസ് ആൻഡ് ടെക്നോളജീസിന് (Adani Defence Systems and Technologies) എതിരെ ഇറക്കുമതി തീരുവ വെട്ടിപ്പ് നടത്തിയതിന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസിന്റെ (DRI) അന്വേഷണം. യുദ്ധോപകരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ചില ഭാഗങ്ങൾ ഇറക്കുമതി ചെയ്തതിലാണ് നികുതി വെട്ടിപ്പ് നടന്നതായി ആരോപണമുളളത്. 77 കോടി രൂപയുടെ (ഏകദേശം 9 മില്യൺ ഡോളര്‍) തീരുവ വെട്ടിച്ചതിനാണ് അദാനി ഡിഫൻസ് അന്വേഷണം നേരിടുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വൈദ്യുതി മുതല്‍ മുതൽ വിമാനത്താവളങ്ങൾ വരെ വ്യാപിച്ചു കിടക്കുന്ന ഗൗതം അദാനി ഗ്രൂപ്പിന്റെ താരതമ്യേന ചെറിയ ബിസിനസുകളിൽ ഒന്നാണ് അദാനി ഡിഫൻസ്. മിസൈലുകൾ, ഡ്രോണുകൾ, ചെറു ആയുധങ്ങൾ തുടങ്ങിയ പ്രതിരോധ ഉപകരണങ്ങളാണ് പ്രധാനമായും കമ്പനി ഇന്ത്യന്‍ പ്രതിരോധ സേനയ്ക്കായി നിർമ്മിക്കുന്നത്.

ആരോപണം ഇങ്ങനെ

ഹ്രസ്വദൂര മിസൈൽ സംവിധാനങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന സ്‌ഫോടകവസ്തുക്കളല്ലാത്ത ഭാഗങ്ങളും അനുബന്ധ ഉപകരണങ്ങളും ഇറക്കുമതി ചെയ്തതിലാണ് നികുതി വെട്ടിപ്പ് നടന്നതായി സംശയിക്കുന്നത്. കസ്റ്റംസ് നികുതികളിൽ നിന്നും തീരുവകളിൽ നിന്നും ഒഴിവാക്കപ്പെട്ട വിഭാഗത്തിൽ ഇവ തെറ്റായി ചേര്‍ത്തുവെന്നാണ് ആരോപണം. ഈ ഭാഗങ്ങൾക്ക് യഥാർത്ഥത്തിൽ 10 ശതമാനം ഇറക്കുമതി തീരുവയും 18 ശതമാനം പ്രാദേശിക നികുതിയും നൽകേണ്ടതുണ്ടായിരുന്നു.

എന്നാൽ, ഇവയെ തീരുവയിൽ നിന്ന് ഒഴിവാക്കപ്പെട്ട ദീർഘദൂര മിസൈൽ ഭാഗങ്ങൾ എന്ന വിഭാഗത്തിൽ തെറ്റായി ഉൾപ്പെടുത്തി ഇറക്കുമതി ചെയ്തു എന്നതിലാണ് അന്വേഷണം നേരിടുന്നത്. 2024-25 സാമ്പത്തിക വർഷത്തിലെ അദാനി ഡിഫൻസിന്റെ വരുമാനത്തിന്റെ 10 ശതമാനത്തിലധികമാണ് ആരോപിക്കപ്പെടുന്ന 9 മില്യൺ ഡോളര്‍ നികുതി വെട്ടിപ്പ്.

അദാനി ഗ്രൂപ്പിൻ്റെ പ്രതികരണം

അതേസമയം, വിഷയത്തിൽ ഡിആർഐ തങ്ങളുടെ ഇറക്കുമതികളെക്കുറിച്ച് വിശദീകരണങ്ങൾ തേടിയിട്ടുണ്ടെന്നും ആവശ്യമായ രേഖകളോടുകൂടിയ മറുപടി നൽകിയെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി. നികുതി അടച്ച് വിഷയം തീർപ്പാക്കിയോ എന്ന ചോദ്യത്തോട് കമ്പനി പ്രതികരിച്ചില്ല. സർക്കാരിന്റെ പുതിയ കസ്റ്റംസ് നിയമങ്ങളെക്കുറിച്ചുള്ള വ്യാഖ്യാനവുമായി ബന്ധപ്പെട്ടാണ് പ്രശ്നം ഉണ്ടായതെന്ന് അദാനി ഗ്രൂപ്പ് സൂചിപ്പിക്കുന്നു.

2025 സെപ്റ്റംബറിൽ വന്ന പുതിയ സർക്കാർ നിയമം ഏതൊരു മിസൈൽ ഭാഗങ്ങൾക്കും തീരുവ ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ പഴയ നിയമമനുസരിച്ച് ഹ്രസ്വദൂര മിസൈൽ ഭാഗങ്ങൾക്ക് ഈ ഇളവ് ലഭ്യമല്ലായിരുന്നു.

വിവിധങ്ങളായ ആരോപണങ്ങളും അന്വേഷണങ്ങളും നേരിടുന്ന അദാനി ഗ്രൂപ്പിന്, രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രതിരോധ മേഖലയിൽ ഉയർന്നുവരുന്ന ഈ നികുതി വെട്ടിപ്പ് കേസ് ഒരു പുതിയ നിയമപരമായ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

Adani Defence faces DRI investigation over alleged ₹77 crore import duty evasion in defence equipment components.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT