Industry

അദാനിയുടെ നോട്ടം ഇനി അലൂമിനിയത്തിലേക്ക്; ഹിന്‍ഡാല്‍കോയുടെയും വേദാന്തയുടെയും കുത്തക തകരും! 1 ലക്ഷം കോടിയുടെ വമ്പന്‍ സംയുക്ത സംരംഭം ഒഡീഷയില്‍

അദാനി ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയായ അദാനി എന്റര്‍പ്രൈസസും IHC-യുടെ സബ്സിഡിയറിയായ ഇന്റര്‍നാഷണല്‍ റിസോഴ്സസ് ഹോള്‍ഡിംഗും 50:50 അനുപാതത്തിലാണ് ഈ സംയുക്ത സംരംഭം ആരംഭിക്കുന്നത്

Dhanam News Desk

ഇന്ത്യന്‍ അലുമിനിയം വിപണിയിലെ വമ്പന്മാരായ ഹിന്‍ഡാല്‍കോയുടെയും വേദാന്തയുടെയും കുത്തക തകര്‍ക്കാന്‍ ഗൗതം അദാനി ഒരുങ്ങുന്നു. അബുദാബിയിലെ പ്രമുഖ നിക്ഷേപക ഗ്രൂപ്പായ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് കമ്പനിയുമായി (IHC) ചേര്‍ന്ന് 11.5 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 1.1 ലക്ഷം കോടി രൂപ) സംയുക്ത സംരംഭത്തിനാണ് അദാനി ഗ്രൂപ്പ് രൂപം നല്‍കിയിരിക്കുന്നത്. ഒഡീഷയിലാണ് രാജ്യത്തെ ഏറ്റവും വലിയ അലുമിനിയം ഹബ്ബുകളിലൊന്ന് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്.

അദാനി ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയായ അദാനി എന്റര്‍പ്രൈസസും IHC-യുടെ സബ്സിഡിയറിയായ ഇന്റര്‍നാഷണല്‍ റിസോഴ്സസ് ഹോള്‍ഡിംഗും (IRH) 50:50 അനുപാതത്തിലാണ് ഈ സംയുക്ത സംരംഭം ആരംഭിക്കുന്നത്. ഒഡീഷയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപമാണിത് (FDI).

ആകെ നിക്ഷേപം 1.1 ലക്ഷം കോടിരൂപയാണ്. ഒന്നാം ഘട്ടത്തില്‍ 66,000 കോടിയും രണ്ടാം ഘട്ടത്തില്‍ 44,000 കോടിയും നിക്ഷേപിക്കും. പ്രതിവര്‍ഷം 4 മില്യണ്‍ ടണ്‍ ശേഷിയുള്ള അലൂമിനിയം റിഫൈനറി റായഗഡയില്‍ 3,200 ഏക്കറില്‍ സ്ഥാപിക്കും. പ്രതിവര്‍ഷം 2 മില്യണ്‍ ടണ്‍ ശേഷിയുള്ള അലൂമിനിയം സ്‌മെല്‍റ്റര്‍ സുന്ദര്‍ഗഢില്‍ 4,100 ഏക്കറില്‍ നിര്‍മ്മിക്കും.

ഫാക്ടറിയുടെ ആവശ്യത്തിനായി 4,000 മെഗാവാട്ട് ശേഷിയുള്ള പവര്‍ പ്ലാന്റും ഇതില്‍ 400 മെഗാവാട്ട് ഹരിത ഊര്‍ജ്ജ സ്രോതസ്സും ഉള്‍പ്പെടുന്നു.

അനുബന്ധ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനായി 1 മില്യണ്‍ ടണ്‍ ശേഷിയുള്ള മാനുഫാക്ചറിങ് പാര്‍ക്കും നിര്‍മിക്കും. നിര്‍മ്മാണ വേളയില്‍ 35,000 പേര്‍ക്കും പ്രവര്‍ത്തന ഘട്ടത്തില്‍ 18,500 പേര്‍ക്കും ഉള്‍പ്പെടെ ആകെ 53,500 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

ലക്ഷ്യം കുത്തക തകര്‍ക്കലല്ല, വിപണിയിലെ വന്‍ ഡിമാന്‍ഡ്

നിലവില്‍ ഇന്ത്യയിലെ അലുമിനിയം ഉല്‍പ്പാദനത്തിന്റെ 90 ശതമാനവും നിയന്ത്രിക്കുന്നത് ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഹിന്‍ഡാല്‍കോയും അനില്‍ അഗര്‍വാളിന്റെ വേദാന്ത അലുമിനിയവുമാണ്. എന്നാല്‍ ഇവരോട് നേരിട്ട് ഏറ്റുമുട്ടുന്നതിനേക്കാള്‍, ഭാവിയില്‍ ഇന്ത്യയിലുണ്ടാകാന്‍ പോകുന്ന വന്‍ ഡിമാന്‍ഡ് മുന്‍കൂട്ടി കണ്ടാണ് അദാനിയുടെ ഈ നീക്കം.

ഇന്ത്യയില്‍ നിര്‍മ്മാണ മേഖല, പുനരുപയോഗ ഊര്‍ജ്ജം (Renewable Energy), ഇലക്ട്രിക്കല്‍ വാഹനങ്ങള്‍, ഡിജിറ്റലൈസേഷന്‍ എന്നിവ അതിവേഗം വളരുകയാണ്. നിലവില്‍ ഇന്ത്യ പ്രതിവര്‍ഷം 4.2 മില്യണ്‍ ടണ്‍ അലുമിനിയം ഉല്‍പ്പാദിപ്പിക്കുന്നുണ്ടെങ്കിലും രാജ്യത്തെ ആവശ്യങ്ങള്‍ക്കായി ഇപ്പോഴും വലിയ തോതില്‍ അലുമിനിയം ഇറക്കുമതി ചെയ്യുന്നുണ്ട്. ഈ വിടവ് നികത്തുകയാണ് അദാനിയുടെ ലക്ഷ്യം. അദാനിയുടെ പ്ലാന്റ് പൂര്‍ണ്ണസജ്ജമാകുന്നതോടെ ഇന്ത്യയുടെ ആകെ അലുമിനിയം ഉല്‍പ്പാദന ശേഷി 50 ശതമാനത്തോളം വര്‍ധിക്കും.

'വലിയ പ്ലെയേഴ്‌സ് വിപണിയിലുണ്ടെങ്കിലും നമ്മള്‍ ഇപ്പോഴും അലുമിനിയം ഇറക്കുമതി ചെയ്യുന്നുണ്ട്. ഇത് കാണിക്കുന്നത് വിപണിയില്‍ ഇനിയും ആവശ്യക്കാരുണ്ടെന്നാണ്. എല്ലാവര്‍ക്കും ഇവിടെ വളരാന്‍ അവസരമുണ്ട്.'
കരണ്‍ അദാനി, മാനേജിങ് ഡയറക്ടര്‍, അദാനി പോര്‍ട്‌സ്

സാധ്യതകള്‍ മുന്‍കൂട്ടി കണ്ടറിഞ്ഞ്

അദാനി ഗ്രൂപ്പ് അടുത്തിടെ നടത്തിയ വലിയ നിക്ഷേപങ്ങളുടെ തുടര്‍ച്ചയാണ് ഈ അലുമിനിയം പ്രോജക്റ്റും. ഇന്ത്യയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനം ശക്തമായപ്പോള്‍ ഗ്രൂപ്പ് സിമന്റ് വിപണിയിലേക്ക് പ്രവേശിച്ചു; ഊര്‍ജ്ജ മേഖല വളര്‍ന്നപ്പോള്‍ ഗുജറാത്തില്‍ ലോകത്തിലെ ഏറ്റവും വലിയ കോപ്പര്‍ (ചെമ്പ്) സ്‌മെല്‍റ്റര്‍ സ്ഥാപിച്ചു. ഇപ്പോള്‍ പവര്‍ ട്രാന്‍സ്മിഷനും ഗ്രീന്‍ എനര്‍ജിക്കും അത്യന്താപേക്ഷിതമായ അലുമിനിയം വിപണിയിലേക്കും ഗ്രൂപ്പ് സാന്നിധ്യം വ്യാപിപ്പിക്കുകയാണ്.

അലുമിനിയം നിര്‍മ്മാണം വന്‍തോതില്‍ ഊര്‍ജ്ജം ആവശ്യമുള്ള ഒന്നാണ്. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ചിലവില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന കമ്പനികളിലൊന്നായ അദാനിക്ക് സ്വന്തമായി ക്യാപ്റ്റീവ് പവര്‍ പ്ലാന്റ് കൂടി വരുന്നതോടെ ഉല്‍പ്പാദന ചിലവ് ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും. ഇത് വിപണിയില്‍ അവര്‍ക്ക് വലിയ മത്സരക്ഷമത നല്‍കും.

പദ്ധതി പൂര്‍ണ്ണതോതില്‍ ഉല്‍പ്പാദനം ആരംഭിക്കാന്‍ അഞ്ച് വര്‍ഷത്തോളമെടുക്കും. അപ്പോഴേക്കും ഹിന്‍ഡാല്‍കോയും വേദാന്തയും ശേഷി വര്‍ദ്ധിപ്പിക്കുമെന്നതിനാല്‍ ഉടനടി ഒരു വിലയുദ്ധത്തിന് വിപണി സാക്ഷ്യം വഹിക്കാനിടയില്ല. എങ്കിലും, മൂന്നാമതൊരു വമ്പന്‍ കമ്പനിയുടെ വരവ് ഇന്ത്യയെ ആഗോള മെറ്റല്‍ സപ്ലൈ ചെയിനിലെ ഒരു പ്രധാന ശക്തിയാക്കി മാറ്റുമെന്നുറപ്പാണ്.

Adani Group partners with Abu Dhabi's IHC for a massive 50:50 joint venture in Odisha, aiming to disrupt the domestic aluminium market.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT