യുഎസ് ഫെഡറൽ ഗവൺമെന്റിന്റെ ഭാഗികമായ അടച്ചുപൂട്ടൽ (shutdown) കാരണം, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കെതിരായ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന്റെ (SEC) സിവിൽ നിയമനടപടികൾ താൽക്കാലികമായി നിർത്തിവച്ചു. ഗൗതം അദാനി സെക്യൂരിറ്റീസ് നിയമങ്ങൾ ലംഘിച്ചുവെന്ന ആരോപണമാണ് നേരിടുന്നത്.
ഗവൺമെന്റ് ഷട്ട്ഡൗൺ കാരണം SEC-യിലെ ഉദ്യോഗസ്ഥർക്ക് ലീവ് നൽകിയതിനെത്തുടർന്ന്, കേസ് കൈകാര്യം ചെയ്യുന്ന അറ്റോർണിക്ക് ജോലിക്കെത്താൻ സാധിക്കാത്ത സാഹചര്യമുണ്ടായതാണ് നടപടികൾ നിർത്തിവെക്കാൻ കാരണമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. കേസുമായി ബന്ധപ്പെട്ട ഹർജികൾ ഫയൽ ചെയ്യുന്നതിൽ കാലതാമസം നേരിടുമെന്ന് SEC ന്യൂയോർക്ക് കോടതിയെ അറിയിച്ചിരുന്നു. SEC-യുടെ ഈ ആവശ്യം യുഎസ് മജിസ്‌ട്രേറ്റ് ജഡ്ജ് ജെയിംസ് ചോ അംഗീകരിക്കുകയും ചെയ്തു. ഷട്ട്ഡൗൺ അവസാനിച്ച ശേഷം 30 ദിവസത്തിനുള്ളിൽ കേസിന്റെ നിലവിലെ സ്ഥിതി റിപ്പോർട്ട് ചെയ്യാൻ കോടതി നിർദേശം നൽകി.
അദാനി ഗ്രീൻ എനർജി ലിമിറ്റഡിലെ എക്സിക്യൂട്ടീവുകളായ അനന്തരവൻ സാഗർ ആർ. അദാനി, വിനീത് എസ്. ജെയിൻ തുടങ്ങിയവരുടെ പേരുകളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യുഎസ് സെക്യൂരിറ്റീസ് നിയമങ്ങൾ പ്രകാരം ഗൗതമും സാഗർ അദാനിയും അദാനി ഗ്രീൻ എനർജിയെക്കുറിച്ച് തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവനകൾ നടത്തിയെന്ന് എസ്ഇസി ഫയൽ ചെയ്ത സിവിൽ കേസ് ആരോപിക്കുന്നു.
സോളാർ എനർജി കരാറുകൾ നേടുന്നതിനായി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 2021 ല്‍ 250 മില്യൺ ഡോളറിലധികം കൈക്കൂലി വാഗ്ദാനം ചെയ്തുവെന്നും, ഈ വിവരങ്ങൾ മറച്ചുവെച്ചുകൊണ്ട് യുഎസ് നിക്ഷേപകരിൽ നിന്ന് ഫണ്ട് സമാഹരിച്ചു എന്നുമാണ് SEC-യുടെ ആരോപണം. ഈ സിവിൽ കേസ് താൽക്കാലികമായി നിർത്തിവച്ചെങ്കിലും, ഇതുമായി ബന്ധപ്പെട്ട ക്രിമിനൽ നടപടികൾ തുടർന്നും നടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം, ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അദാനി ഗ്രൂപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു.
സിവിൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് നടപടികൾ താൽക്കാലികമായി നിർത്തിവച്ചതോടെ നയതന്ത്രപരമായ നീക്കങ്ങളിലേക്ക് കമ്പനി കടക്കാനുളള സാധ്യതകളുമുണ്ട്. അതേസമയം ക്രിമിനൽ, സിവിൽ നടപടിക്രമങ്ങള്‍ നേരിടുന്നത് ആഗോള ധനസമാഹരണത്തിനും കോർപ്പറേറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും അദാനി ഗ്രൂപ്പിന് പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചേക്കും.
Adani faces halted SEC civil proceedings and ongoing criminal scrutiny in the U.S., potentially affecting global fundraising efforts.
Read DhanamOnline in English
Subscribe to Dhanam Magazine