Image courtesy: canva/ adani 
Industry

അദാനി ഗ്രൂപ്പും തമിഴ്നാട്ടിലേക്ക്, ഗ്രീന്‍ എനര്‍ജിയിലുള്‍പ്പെടെ വമ്പന്‍ നിക്ഷേപം

നിക്ഷേപം സൃഷ്ടിക്കുക നിരവധി തൊഴിലവസരങ്ങൾ

Dhanam News Desk

തമിഴ്നാട്ടില്‍ വിവിധ മേഖലകളിലായി 42,700 കോടി രൂപയുടെ വമ്പന്‍ നിക്ഷേപ പദ്ധതികളുമായി അദാനി ഗ്രൂപ്പ്. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, വ്യവസായ മന്ത്രി ടി.ആര്‍.ബി രാജ എന്നിവരുടെ സാന്നിധ്യത്തില്‍ സംസ്ഥാനത്ത് നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിലാണ് ഇതുമായി ബന്ധപ്പെട്ട കരാറില്‍ അദാനി ഗ്രൂപ്പ് ഒപ്പിട്ടത്.

അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ മാനേജിംഗ് ഡയറക്ടര്‍ കരണ്‍ അദാനിയുടെ നേതൃത്വത്തിൽ ഒപ്പിട്ട കരാറിൽ  24,500 കോടിയുടെ നിക്ഷേപം നടത്തുന്നത് അദാനി ഗ്രീന്‍ എനര്‍ജിയാണ്. ഗ്രീന്‍ എനര്‍ജിക്കൊപ്പം സിറ്റി ഗ്യാസ്, അംബുജ സിമന്റ്സ് എന്നീ കമ്പനികള്‍ ബാക്കി നിക്ഷേപം നടത്തും.

പമ്പ് സ്റ്റോറേജ് പദ്ധതികള്‍

അടുത്ത അഞ്ച് മുതല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാകുന്ന പമ്പ് സ്റ്റോറേജ് പദ്ധതികള്‍ക്കായിട്ടാണ് അദാനി ഗ്രീന്‍ എനര്‍ജിയുടെ 24,500 കോടി രൂപയുടെ നിക്ഷേപം നടത്തുന്നത്. 4,900 മെഗാവാട്ട് ലക്ഷ്യമിടുന്ന പദ്ധതികള്‍ തെന്‍മല, അല്ലേരി, അലിയാര്‍ എന്നിവിടങ്ങളിലായി 4,500ല്‍ അധികം തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡേറ്റാ സെന്റര്‍

സംസ്ഥാനത്ത് അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ 13,200 കോടി രൂപ ഹൈപ്പര്‍സ്‌കെയില്‍ ഡേറ്റാ സെന്ററിനായും നിക്ഷേപിക്കും. ചെന്നൈയിലെ സിപ്‌കോട്ട് ഐ.ടി പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന 33 മെഗാവാട്ട് ശേഷിയുള്ള നൂതന ഡേറ്റാ സെന്റര്‍ 200 മെഗാവാട്ടായി ഉയര്‍ത്താനും പദ്ധതിയുണ്ട്.

സിമന്റ് ഗ്രൈന്‍ഡിംഗ് യൂണിറ്റ്

അംബുജ സിമന്റ്‌സ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ മൂന്ന് സിമന്റ് ഗ്രൈന്‍ഡിംഗ് യൂണിറ്റുകളിലായി 3,500 കോടി രൂപ നിക്ഷേപിച്ച് ഉത്പാദനം 14 ദശലക്ഷം മെട്രിക് ടണ്ണായി ഉയര്‍ത്തും. മധുക്കരൈ, കാട്ടുപള്ളി, തൂത്തുക്കുടി എന്നിവിടങ്ങളിലായി 5,000ത്തിലധികം തൊഴിലവസരങ്ങള്‍ ഈ പ്ലാന്റുകള്‍ സൃഷ്ടിക്കും.

സിറ്റി ഗ്യാസ് പദ്ധതി

അദാനി ടോട്ടല്‍ ഗ്യാസ് എട്ട് വര്‍ഷത്തിനുള്ളില്‍ സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി 1,568 കോടി രൂപ നിക്ഷേപിക്കും. 180 കോടി രൂപ മുതല്‍മുടക്കില്‍ 100 കിലോമീറ്ററിലധികം പൈപ്പ് ലൈനുകള്‍ സ്ഥാപിച്ച് നിലവില്‍ 5,000 വീടുകളില്‍ പൈപ്പ് ഗ്യാസ് ഉപയോഗിച്ച് സേവനം നല്‍കിവരുന്നുണ്ട്.

വിവിധ മേഖലകളിലായി ഒട്ടനേകം ബഹുരാഷ്ട്ര കമ്പനികള്‍ മൊത്തം 6.64 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് തമിഴ്നാട്ടില്‍ നടത്താനൊരുങ്ങുന്നത്. ഈ നിക്ഷേപം സംസ്ഥാനത്ത് 26.90 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT