Image Courtesy: Canva 
Industry

അദാനിക്ക് അഞ്ചു ലക്ഷം കോടി വേണം! ഓഹരി വിപണിയിലേക്ക് വരുന്നു, ലക്ഷം കോടി സമാഹരിക്കാന്‍

2019 നും 2024 നും ഇടയിൽ ഏകദേശം 13.8 ബില്യൺ ഡോളറാണ് ഓഹരി വിപണിയില്‍ നിന്ന് ഗ്രൂപ്പ് സമാഹരിച്ചത്

Dhanam News Desk

ഓഹരി വിപണിയില്‍ നിന്ന് ഒരു ലക്ഷം കോടി രൂപ സമാഹരിക്കാന്‍ പദ്ധതിയുമായി അദാനി ഗ്രൂപ്പ്. 12.5 ബില്യൺ ഡോളറിലധികം (ഏകദേശം 1,09,219 കോടി രൂപ) അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സമാഹരിക്കാനാണ് പദ്ധതിയെന്ന് ഇക്കമോണിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 5 ലക്ഷം കോടി രൂപയുടെ (57.16 ബില്യൺ ഡോളർ) മൂലധനച്ചെലവിന് പണം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ധന സമാഹരണം ലക്ഷ്യമിടുന്നത്.

റൈറ്റ്സ് ഇഷ്യു വഴിയോ ക്യു.ഐ.പി (ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റ്യുഷണല്‍ പ്ലേസ്മെന്റ്) വഴിയോ ധനം സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. വര്‍ഷം 2.5 ബില്യണ്‍ ഡോളര്‍ വീതം അഞ്ച് വര്‍ഷം കൊണ്ട് ധന സമാഹരണം നടത്താനാണ് പദ്ധതിയെന്ന് അദാനി ഗ്രൂപ്പ് സി.എഫ്.ഒ ജുഗീഷിന്ദർ സിംഗ് പറഞ്ഞു.

വൈദ്യുതി പ്രക്ഷേപണം, യൂട്ടിലിറ്റികൾ, ഹരിത ഊർജ്ജം, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ എന്നീ മേഖലകളിലാണ് മൂലധനത്തിന്റെ ഭൂരിഭാഗവും ഉപയോഗിക്കുക. മൂലധനത്തിന്റെ 85 ശതമാനവും ഈ മേഖലയിലായിരിക്കും വിനിയോഗിക്കുകയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഖനനം, ലോഹങ്ങൾ തുടങ്ങിയവയിലാണ് ബാക്കി തുക ചെലവഴിക്കുക.

2019 നും 2024 നും ഇടയിൽ അദാനി ഗ്രൂപ്പ് ഏകദേശം 13.8 ബില്യൺ ഡോളറാണ് ഓഹരി വിപണിയില്‍ നിന്ന് സമാഹരിച്ചത്. അദാനി ടോട്ടൽ ഗ്യാസ്, അദാനി ഗ്രീൻ എനർജി, അദാനി എന്റർപ്രൈസസ് തുടങ്ങിയ കമ്പനികള്‍ വഴിയാണ് പ്രധാനമായും സമാഹരണം നടത്തിയത്.

2024 സെപ്റ്റംബർ 30 വരെയുളള കണക്കനുസരിച്ച് അദാനി ഗ്രൂപ്പിന് 53,024 കോടി രൂപയുടെ ക്യാഷ് ബാലൻസാണ് ഉളളത്. ഇത് മൊത്തം കടത്തിന്റെ 20.5 ശതമാനമാണ്. ധന സമാഹരണത്തിന് വളരെയധികം സഹായിക്കുന്ന കോർ ഇൻഫ്രാസ്ട്രക്ചർ പോർട്ട്‌ഫോളിയോയാണ് അദാനി ഗ്രൂപ്പിനുളളത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT