image credit : vizhinjam international port 
Industry

ഇടപാട് മൂല്യം ₹27,000 കോടി, വിഴിഞ്ഞം തുറമുഖത്ത് വൻ നിക്ഷേപം, അദാനിയും എംഎസ്‌സി ഗ്രൂപ്പും കൈകോർക്കുന്നു

ഒരു വിദേശ സ്വകാര്യ കമ്പനി ഇന്ത്യൻ തുറമുഖ അടിസ്ഥാന സൗകര്യ മേഖലയില്‍ നടത്തുന്ന ഏറ്റവും വലിയ നിക്ഷേപം

Dhanam News Desk

അദാനി പോർട്‌സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡും (APSEZ), ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ് ഗ്രൂപ്പായ എം.എസ്.സിയുടെ (MSC Group) ടെർമിനൽ വിഭാഗമായ ടി.ഐ.എല്ലും (TiL) തമ്മിൽ വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിനായി നിർണായക കരാറിൽ ഒപ്പുവെച്ചു. കരാർ പ്രകാരം അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ (AVPPL) 49 ശതമാനം ഓഹരികൾ ടി.ഐ.എൽ സ്വന്തമാക്കും. ഏകദേശം 2.85 ബില്യൺ യുഎസ് ഡോളർ (ഏകദേശം 27,000 കോടി രൂപ) മൂല്യം കണക്കാക്കുന്ന ഈ ഇടപാടിൽ, തങ്ങളുടെ ഓഹരി വിഹിതത്തിന് ആനുപാതികമായി ടി.ഐ.എൽ 1.397 ബില്യൺ ഡോളർ നിക്ഷേപിക്കും.

ഒരു വിദേശ സ്വകാര്യ കമ്പനി ഇന്ത്യൻ തുറമുഖ അടിസ്ഥാന സൗകര്യ മേഖലയില്‍ നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണ് ഇത്. നിലവിൽ 1.6 മില്യൺ ടി.ഇ.യു (TEUs) ശേഷിയുള്ള വിഴിഞ്ഞം തുറമുഖം വലിയ വിപുലീകരണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. 2028 ഡിസംബറോടെ തുറമുഖത്തിന്റെ ശേഷി 3.5 മടങ്ങ് വർദ്ധിപ്പിച്ച് 5.7 മില്യൺ ടി.ഇ.യുവിലെത്തിക്കുകയാണ് ലക്ഷ്യം.

പ്രവർത്തനമാരംഭിച്ച് വെറും 18 മാസത്തിനുള്ളിൽ 2 മില്യൺ ടി.ഇ.യു എന്ന നാഴികക്കല്ല് പിന്നിടുന്ന ആദ്യ ഇന്ത്യൻ തുറമുഖം എന്ന ബഹുമതിയും വിഴിഞ്ഞം ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. കൂട്ടുകെട്ട് ആഗോളതലത്തിൽ വിതരണ ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കുകയും ഇന്ത്യയുടെ പ്രധാന ആഗോള വിപണികളിലേക്കുള്ള പ്രവേശനം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് APSEZ-ന്റെ മുഴുവൻ സമയ ഡയറക്ടറും സിഇഒയുമായ അശ്വനി ഗുപ്ത പറഞ്ഞു.

അന്താരാഷ്ട്ര കിഴക്ക്-പടിഞ്ഞാറ് കപ്പൽപ്പാതയിൽ നിന്ന് വെറും 10 നോട്ടിക്കൽ മൈൽ മാത്രം അകലെയുള്ള വിഴിഞ്ഞത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനം ഈ നിക്ഷേപത്തിന്റെ മൂല്യം വർദ്ധിപ്പിക്കുന്നു. പുതിയ പങ്കാളിത്തത്തിലൂടെ വിഴിഞ്ഞം തുറമുഖത്തേക്ക് കൂടുതൽ കാർഗോ വോളിയം എത്തുമെന്നും, നിലവിൽ തെക്കുകിഴക്കൻ ഏഷ്യൻ ഹബ്ബുകളെ ആശ്രയിക്കുന്ന ബംഗ്ലാദേശ് കാർഗോയുടെ വലിയൊരു വിഹിതം സ്വന്തമാക്കാൻ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു. ലോകമെമ്പാടും നൂറിലധികം ടെർമിനലുകൾ കൈകാര്യം ചെയ്യുന്ന ടി.ഐ.എല്ലിന്റെ സാങ്കേതിക തികവും എം.എസ്.സി ഗ്രൂപ്പിന്റെ ആഗോള ശൃംഖലയും വിഴിഞ്ഞത്തെ ലോകോത്തര ട്രാൻസ്ഷിപ്പ്‌മെന്റ് ഹബ്ബായി ഉയർത്താൻ സഹായിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT