Stock Image 
Industry

അദാനി പവറില്‍ ₹8,000 കോടി നിക്ഷേപിച്ചത് 'ഒറ്റയാന്‍' കമ്പനി; ബിനാമിയെന്ന് സംശയം

ജെ.പി.സി അന്വേഷണം വേണമെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ്

Dhanam News Desk

സ്വന്തം കമ്പനികളില്‍ ബിനാമി വഴി അദാനി തന്നെ നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന ആരോപണങ്ങള്‍ക്ക്  മൂര്‍ച്ചകൂട്ടുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത്. അദാനി പവറിലെ ഏറ്റവും വലിയ നിക്ഷേപകരായ ഒപാല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് 'ഒറ്റയാള്‍' കമ്പനിയാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് കോര്‍പറേറ്റ് റെക്കോഡ്‌സില്‍ നിന്നുള്ള വിവരങ്ങള്‍ ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് ചെയ്തു. അദാനി കമ്പനികള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കുന്ന സെബിക്ക് ലഭിച്ചിരിക്കുന്ന പുതിയ തെളിവാണിത്.

അദാനി കമ്പനികളില്‍ നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സെബി നിരീക്ഷിക്കുന്ന 13 കമ്പനികളില്‍ ഒന്നാണ് ഒപാല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ്. യു.എ.ഇ സ്വദേശിയായ ആദെല്‍ ഹസന്‍ അഹമ്മദ് അലാലിയുടെ ഉടമസ്ഥതയിലുള്ള ഒപാല്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് 8,000 കോടി രൂപയുടെ നിക്ഷേപമാണ് അദാനി പവറില്‍ നടത്തിയിട്ടുള്ളത്. ഏകദേശം 4.7 ശതമാനം ഓഹരികള്‍ വരുമിത്. മൗറീഷ്യസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കടലാസ് കമ്പനിയാണിത്.

സെബിക്കെതിരെ കോൺഗ്രസ് 

ശക്തമായ തെളിവുകള്‍ കിട്ടിയിട്ടും സെബി നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ച കോണ്‍ഗ്രസ് വീണ്ടും ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. സത്യം പുറത്തുകൊണ്ടുവരാന്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി (ജെ.പി.സി) അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ പവര്‍ ഉത്പാദക കമ്പനിയായ അദാനി പവറില്‍ എങ്ങനെയാണ് ദുബൈ ആസ്ഥാനമായ ഒറ്റയാള്‍ സ്ഥാപനത്തിന് നിക്ഷേപിക്കാനാകുകയെന്നും ഇന്ത്യന്‍ സെക്യൂരിറ്റീസ് നിയമങ്ങള്‍ ലംഘിക്കുന്നുവെന്നുമാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ് ആരോപിക്കുന്നത്. അദാനിക്കെതിരായുള്ള എല്ലാ ആരോപണങ്ങളും  കണ്ടെത്താന്‍ ജെ.പി.സി അന്വേഷണം വേണമെന്നും അദ്ദേഹം എക്‌സില്‍ (ട്വിറ്റർ) കുറിച്ചു.

അദാനി പവറിലെ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരായ കമ്പനിക്ക് അദാനി കുടുംബവുമായി ബന്ധമുണ്ടെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു.  അദാനി കുടുംബവുമായി ബന്ധമുള്ള ധനകാര്യ സ്ഥാപനമായ ട്രസ്റ്റ്‌ലിങ്ക് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് ആണ് കമ്പനി രൂപീകരിച്ചിരിക്കുന്നത്.

ഒപാല്‍ ഇന്‍വെസ്റ്റ്‌മെന്റിന് വെബ്‌സൈറ്റോ ജീവനക്കാരോ മാര്‍ക്കറ്റിംഗ് മെറ്റീരിയലോ ഇല്ലെന്ന് ഈ വര്‍ഷമാദ്യം ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT