Image : Gautam Adani (Dhanam File) 
Industry

പണമൊഴുക്ക് കൂട്ടണം, അദാനി കുടുംബം വീണ്ടും ഓഹരി വിൽക്കുന്നു

ഗ്രൂപ്പിലെ വിവിധ ലിസ്റ്റഡ് കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കും

Dhanam News Desk

ശതകോടീശ്വരന്‍ ഗൗതം അദാനി നേതൃത്വം നല്‍കുന്ന അദാനി ഗ്രൂപ്പിന്റെ പ്രമോട്ടര്‍മാര്‍, പ്രധാനമായും കുടുംബാംഗങ്ങള്‍ ഓഹരി വില്‍പ്പനയ്‌ക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഗ്രൂപ്പിനു കീഴിലുള്ള ലിസ്റ്റഡ് കമ്പനികളുടെ ഓഹരികളാണ് വരും മാസങ്ങളില്‍ വിറ്റഴിക്കുക. പണ ലഭ്യതയ്ക്കൊപ്പം മറ്റു വിവിധ സ്ഥാപനങ്ങള്‍ക്ക് മൂലധനം ഉറപ്പുവരുത്താനുമാണ് പുതിയ നീക്കം.

പ്രാഥമിക, ദ്വിദ്ദീയ വിപണികളിലൂടെയായിരിക്കും വില്‍പ്പന. ആഗോള സാമ്പത്തികരംഗങ്ങളില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ കാഷ് റിസര്‍വ് ഉയര്‍ത്താനുള്ള മാര്‍ഗമായാണ് ഓഹരി വില്‍പ്പനയെന്ന് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. വിവിധ ആഗോള നിക്ഷേപകരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. വെസ്റ്റ് ഏഷ്യയിലെ നിക്ഷേപകരുമായുള്ള ഇടപാട് സെപ്റ്റംബറില്‍ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

ജി.ക്യു.ജി ഇടപാടുകള്‍ക്ക് പിന്നാലെ

അടുത്തിടെ യു.എസ് ആസ്ഥാനമായ നിക്ഷേപ സ്ഥാപനമായ ജി.ക്യു.ജി പാര്‍ട്‌ണേഴ്‌സിന് പ്രമോട്ടര്‍മാര്‍ ഓഹരി വിറ്റിരുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഓഹരികള്‍ നഷ്ടത്തിലായിരുന്ന സമയത്താണ് രാജീവ് ജെയിന്‍ നേതൃത്വം നല്‍കുന്ന ജി.ക്യു.ജി പാര്‍ട്‌ണേഴ്‌സ് ഓഹരികള്‍ സ്വന്തമാക്കിയത്.  അദാനി എന്റര്‍പ്രൈസില്‍ 5,460 കോടി രൂപയുടെ ഓഹരികളും ആദാനി ഗ്രീന്‍ എനര്‍ജിയില്‍ 2,806 കോടിയുടെ ഓഹരികളും അദാനി പോര്‍ട്‌സ് ആന്‍ഡ് സെസില്‍ 5,282 കോടി രൂപയുടെ ഓഹരികളും അദാനി ട്രാന്‍സ്മിഷനില്‍ 1,898 കോടി രൂപയുടെ ഓഹരികളുമാണ് ജി.ക്യു.ജി പാര്‍ട്‌ണേഴ്‌സ് വിവിധ ഘട്ടങ്ങളിലായി വാങ്ങിയത്. 

അദാനി കുടുംബത്തിന്റെ ഓഹരികള്‍

അദാനി ഗ്രീന്‍ എനര്‍ജിയും എ.സി.സിയു മൊഴികെയുള്ള ഗ്രൂപ്പ് കമ്പനികളില്‍ അദാനി കുടുംബത്തിന് 60 ശതമാനത്തിനു മുകളില്‍ ഓഹരി പങ്കാളിത്തമുണ്ട്. അദാനി എന്റര്‍പ്രൈസില്‍ 69.23%, അദാനി പോര്‍ട്ട് ആന്‍ഡ് സെസില്‍ 61.03%, അദാനി പവര്‍ 74.97% അദാനി ട്രാന്‍സ്മിഷന്‍ 71.65% ശതമാനം എന്നിങ്ങനെയാണ് പ്രമോട്ടര്‍മാരുടെ പങ്കാളിത്തം. അദാനി ഗ്രീന്‍ എനര്‍ജിയില്‍ 57.26% അദാനി ടോട്ടല്‍ ഗ്യാസ് 74.80%, അദാനി വില്‍മര്‍ 87.94% എന്നിങ്ങനെയും ഓഹരി പങ്കാളിത്തമുണ്ട്. എല്ലാ കമ്പനികളിലെയും ഓഹരി പങ്കാളിത്തം 50 ശതമാനത്തിനടിത്ത് നിലനിര്‍ത്താനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

Source : BSE

ഓഹരി വില്‍പ്പനവഴി ലഭിച്ച പണം എവിടെ നിക്ഷേപിച്ചെന്നു കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, ജി.ക്യു.ജി പാര്‍ട്‌ണേഴ്‌സിന്റെ ഇടപാടുകള്‍ നടന്ന് ദിവസങ്ങള്‍ക്കകം ലിസ്റ്റഡ് കമ്പനികളുടെ ഓഹരികള്‍ പണയം വച്ച് പ്രമോട്ടര്‍മാര്‍ എടുത്തിരുന്ന 215 കോടി ഡോളറിന്റെ കടം കമ്പനി തിരിച്ചടച്ചിരുന്നു. പുനരുപയോഗ ഊര്‍ജം ഡേറ്റ സെന്ററുകള്‍, എയര്‍പോര്‍ട്ട് എന്നീ മേഖലകളില്‍ കമ്പനി വലിയ നിക്ഷേപം നടത്തുന്നുമുണ്ട്.

അദാനി ഗ്രൂപ്പ് ഓഹരികള്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി ചാഞ്ചാട്ടത്തിലാണ്.  ജനുവരിയില്‍ ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് വലിയ താഴ്ചയിലായ ഓഹരികള്‍ അടുത്തിടെയാണ് തിരിച്ചു കയറി തുടങ്ങിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT