ശതകോടീശ്വരന്‍ മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ റീട്ടെയില്‍ വിഭാഗമായ റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്‌സില്‍ (RRVL) 4,966.80 കോടി രൂപ നിക്ഷേപിക്കാന്‍ അബുദബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി (ആദിയ/ADIA). റിലയന്‍സ് റീട്ടെയിലിന് 8.38 ലക്ഷം കോടി രൂപ ഓഹരി മൂല്യം (ഇക്വിറ്റി വാല്യു) വിലയിരുത്തിയാകും നിക്ഷേപം. ഇന്ത്യയിലെ ഏറ്റവും വലിയ നാല് കമ്പനികളിലൊന്നെന്ന നേട്ടത്തിലേക്കാണ് ഈ ഇക്വിറ്റി മൂല്യം റിലയന്‍സ് റീട്ടെയിലിനെ ഉയര്‍ത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.
റിലയന്‍സ് റീട്ടെയിലിന്റെ 0.59 ശതമാനം ഓഹരികളാണ് പുതിയ നിക്ഷേപത്തിലൂടെ അദിയ ഏറ്റെടുക്കുന്നത്. 2020 ഒക്ടോബറില്‍ 5,512.5 കോടി രൂപ നിക്ഷേപിച്ച് റിലയന്‍സ് റീട്ടെയിലിന്റെ 1.18 ശതമാനം ഓഹരികള്‍ അദിയ സ്വന്തമാക്കിയിരുന്നു.
നിക്ഷേപമൊഴുകുന്നു
അദിയ ഉള്‍പ്പെടെ അടുത്തിടെ മാത്രം മൂന്ന് പ്രമുഖ നിക്ഷേപക സ്ഥാപനങ്ങളാണ് റിലയന്‍സ് റീട്ടെയിലില്‍ നിക്ഷേപം നടത്തിയത്. ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, ആഗോള നിക്ഷേപക സ്ഥാപനമായ കെ.കെ.ആര്‍ എന്നിവയാണ് മറ്റ് രണ്ട് കമ്പനികള്‍. മൂന്ന് കമ്പനികള്‍ക്കുമായി 1.83 ശതമാനം ഓഹരികളാണ് റിലയന്‍സ് റീട്ടെയില്‍ വിറ്റഴിച്ചത്. കഴിഞ്ഞമാസം 2,069.5 കോടി നിക്ഷേപിച്ച് 0.25 ശതമാനം ഓഹരികളാണ് കെ.കെ.ആര്‍ വാങ്ങിയത്.
റിലയന്‍സ് റീട്ടെയില്‍
ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ സ്ഥാപനങ്ങളിലൊന്നാണ് മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്‌സ്. രാജ്യമെമ്പാടുമായി 18,500 സ്റ്റോറുകളും ഡിജിറ്റല്‍ (ഇ-കൊമേഴ്‌സ്) സാന്നിദ്ധ്യവുമുള്ള കമ്പനിക്ക് 26.7 കോടി ഉപയോക്താക്കളുമുണ്ട്. പലചരക്ക്, ഫാഷന്‍, ലൈഫ്‌സ്റ്റൈല്‍, ഫാര്‍മ, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് തുടങ്ങിയ മേഖലകളിലാണ് റിലയന്‍സ് റീട്ടെയിലിന്റെ സാന്നിദ്ധ്യം.
Read DhanamOnline in English
Subscribe to Dhanam Magazine