പെയിന്റ് വ്യവസായത്തില്‍ ആധിപത്യം സ്ഥാപിച്ച ശേഷം മറ്റൊരു മേഖലയില്‍ കൂടി ആധിപത്യം സ്ഥാപിക്കാന്‍ ആദിത്യ ബിർള ഗ്രൂപ്പ്. വയർ, കേബിൾ മേഖലയില്‍ രണ്ട് വർഷത്തിനുളളില്‍ 1,800 കോടി രൂപയുടെ നിക്ഷേപമാണ് ഗ്രൂപ്പ് നടത്തുക. ഇന്ത്യയിലെ ഏറ്റവും വലിയ സിമന്റ് നിര്‍മ്മാതാവായ ഗ്രൂപ്പിന്റെ മുൻനിര കമ്പനി അൾട്രാടെക് സിമന്റ് ഗുജറാത്തിലെ ബറൂച്ചിന് സമീപമാണ് ഫാക്ടറി സ്ഥാപിക്കുന്നത്. 2026 ഡിസംബറോടെ ഉത്പാദനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുള്ള ഗ്രൂപ്പിന്റെ വിശാലമായ തന്ത്രത്തിന്റെ ഭാഗമായാണ് ഈ നീക്കം. തങ്ങളുടെ ഉപയോക്താക്കൾക്ക് സമഗ്രമായ പരിഹാരങ്ങൾ നൽകുകയെന്ന കാഴ്ചപ്പാടുമായി യോജിക്കുന്ന കേബിള്‍, വയർ മേഖലയിലേക്കുളള ചുവടുവയ്പ്പിലൂടെ കണ്‍സ്ട്രക്ഷന്‍ മേഖലയിൽ കമ്പനിയുടെ സാന്നിധ്യം വിപുലീകരിക്കാൻ ഉദ്ദേശിക്കുന്നതായി ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗലം ബിർള പറഞ്ഞു.
അൾട്രാടെക്ക് സിമന്റ്, അലുമിനിയം, കോപ്പര്‍ ഉല്‍പ്പന്നങ്ങളുളള ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ഗ്രാസിമിലൂടെ പെയിന്റ് വ്യവസായത്തിലേക്കുള്ള പ്രവേശനം എന്നിവ ഗ്രൂപ്പിന്റെ വൈവിധ്യമാർന്ന പോർട്ട്ഫോളിയോയിൽ ഉൾപ്പെടുന്നു. ഈ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്ന ശ്രേണി ഗ്രൂപ്പിന് കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ തന്ത്രപരമായ മേധാവിത്തം പ്രദാനം ചെയ്യുന്നു. ഹിൻഡാൽകോയുടെ മെറ്റല്‍ ഉൽപ്പാദനം വയറുകളുടെയും കേബിളുകളുടെയും നിർമ്മാണത്തിനുള്ള പ്രധാന അസംസ്കൃത വസ്തുവാണ്.
നിലവിലുള്ള വിപണികളില്‍ തന്ത്രപരമായ വിപുലീകരണങ്ങള്‍ ആദിത്യ ബിർള ഗ്രൂപ്പ് മുമ്പും നടത്തിയിട്ടുണ്ട്. 2024 ലാണ് ഗ്രാസിം ഇൻഡസ്ട്രീസ് "ബിർള ഓപ്പസ്" ബ്രാൻഡ് അവതരിപ്പിച്ചുകൊണ്ട് പെയിന്റ് വ്യവസായത്തിൽ പ്രവേശിക്കുന്നത്. വ്യവസായത്തിന്റെ ശേഷി 40 ശതമാനം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് 10,000 കോടി രൂപയുടെ നിക്ഷേപമാണ് ഗ്രൂപ്പ് നടത്തിയത്. ആദ്യ മൂന്ന് വര്‍ഷത്തിനുള്ളില്‍ 10,000 കോടി രൂപയുടെ വരുമാനമാണ് കമ്പനി ലക്ഷ്യമിടുന്നത്.
ശക്തമായ വിപുലീകരണവും ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ ഈ വിഭാഗത്തിലേക്കുള്ള പ്രവേശനവും മത്സരം ശക്തമാക്കിയതു മൂലം ഏഷ്യൻ പെയിന്റ്സ്, ബെർഗർ പെയിന്റ്സ്, കൻസായ് നെറോലാക് പെയിന്റ്സ് തുടങ്ങിയ കമ്പനികളുടെ വിൽപ്പനയെയും ലാഭ മാർജിനിനെയും ബാധിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഈ കമ്പനികൾക്ക് നെഗറ്റീവ് അല്ലെങ്കിൽ നിസാരമായ വരുമാനം ലഭിക്കുന്നത് അവരുടെ ഓഹരി പ്രകടനത്തിലും പ്രതിഫലിക്കുന്നുണ്ട്.
കേബിൾസ് ആൻഡ് വയർസ് (സി & ഡബ്ല്യു) വിഭാഗത്തിലേക്ക് ആദിത്യ ബിർള ഗ്രൂപ്പിന്റെ സാമ്പത്തിക കരുത്തിന്റെ പിൻബലത്തിൽ അൾട്രാടെക് സിമന്റ് പ്രവേശിക്കുന്നത് ഈ മേഖലയിലും വലിയ സ്വാധീനം ചെലുത്തും. സി & ഡബ്ല്യു മേഖലയില്‍ എളുപ്പത്തില്‍ ആധിപത്യം സ്ഥാപിക്കാന്‍ അൾട്രാടെക്കിനാകുമെന്ന് പെയിന്റ് വ്യവസായത്തില്‍ ഗ്രാസിം വലിയ സ്വാധീനം ചെലുത്തുമെന്ന് കൃത്യമായി പ്രവചിച്ച മുൻ എസ്ബിഐ മ്യൂച്വൽ ഫണ്ട് ഇക്വിറ്റി മേധാവിയും റിസർച്ച് അനലിസ്റ്റുമായ സന്ദീപ് സബർവാൾ സമൂഹ മാധ്യമമായ എക്സില്‍ പറഞ്ഞു. സി & ഡബ്ല്യു മേഖലയിലെ മറ്റു കമ്പനികള്‍ക്ക് അൾട്രാടെക്ക് ബ്രാന്‍ഡിന്റെ മൂല്യം വലിയ തിരിച്ചടിയാണ് ഉണ്ടാക്കുക.
നിലവില്‍ വിപണിയിലുളള കമ്പനികള്‍ക്ക് കൂടുതൽ വെല്ലുവിളി നിറഞ്ഞ സാഹചര്യമാണ് ആദിത്യ ബിർള ഗ്രൂപ്പിന്റെ നീക്കം സൃഷ്ടിക്കുക. പോളികാബ് ഇന്ത്യ, കെഇഐ ഇൻഡസ്ട്രീസ്, ആർആർ കാബൽ തുടങ്ങിയ മുൻനിര കമ്പനികൾ വലിയ സമ്മർദ്ദം നേരിടേണ്ടിവരുമെന്നും സന്ദീപ് സബർവാൾ പറഞ്ഞു. അതേസമയം ഹോം വയറിംഗ് വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വി-ഗാർഡ് ഇൻഡസ്ട്രീസ് പോലുള്ള കമ്പനികൾക്ക് പരിമിതമായ തിരിച്ചടിയാണ് ഉണ്ടാകാന്‍ സാധ്യതയുളളത്.
Read DhanamOnline in English
Subscribe to Dhanam Magazine