Industry

7000 കോടി ഡോളര്‍ നഷ്ടം! ഒടുവില്‍ മുട്ടുമടക്കി മാര്‍ക്ക് സക്കര്‍ബര്‍ഗ്, മെറ്റാവേഴ്സിന് എന്തുപറ്റി?

മെറ്റാവേഴ്സില്‍ നിന്ന് ശ്രദ്ധ മാറ്റിയ മെറ്റ നിര്‍മ്മിത ബുദ്ധി, സ്മാര്‍ട്ട് ഗ്ലാസസ് എന്നിവയിലേക്ക് തിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍

Dhanam News Desk

ഫെയ്സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റായുടെ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് താന്‍ ലോകത്തിന് മുന്നില്‍ വെച്ച ഏറ്റവും വലിയ സ്വപ്നം 'പ്രതീക്ഷിച്ചതുപോലെ വിജയിക്കുന്നില്ല' എന്ന് ഒടുവില്‍ സമ്മതിച്ചിരിക്കുന്നു.

കമ്പനിയുടെ പേര് പോലും മാറ്റി വലിയ പ്രതീക്ഷ നല്‍കിയ മെറ്റാവേഴ്സ് (Metaverse) സംരംഭമാണ് വന്‍ നഷ്ടത്തില്‍ വഴിമുട്ടി നില്‍ക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ 70 ബില്യണ്‍ ഡോളറില്‍ (ഏകദേശം 6.30 ലക്ഷം കോടി രൂപ) അധികമാണ് മെറ്റാവേഴ്സ് യൂണിറ്റായ റിയാലിറ്റി ലാബ്സിന് (Reality Labs) നഷ്ടം രേഖപ്പെടുത്തിയത്.

മെറ്റാവേഴ്സ് സംരംഭത്തിന്റെ ഭീമമായ നഷ്ടവും ഉപഭോക്താക്കള്‍ക്കിടയിലെ താല്‍പര്യക്കുറവും തിരിച്ചറിഞ്ഞ സക്കര്‍ബര്‍ഗ്, ഈ വിഭാഗത്തിനായുള്ള ബജറ്റ് വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. 2026 സാമ്പത്തിക വര്‍ഷത്തേക്കുള്ള റിയാലിറ്റി ലാബ്സിന്റെ ചെലവ് 30% വരെ കുറച്ചേക്കും. വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റുകള്‍ നിര്‍മ്മിക്കുന്ന ഈ യൂണിറ്റില്‍ കൂട്ടപ്പിരിച്ചുവിടലിനും സാധ്യതയുണ്ട്.

ശ്രദ്ധ എ.ഐയില്‍

മെറ്റാവേഴ്സില്‍ നിന്ന് ശ്രദ്ധ മാറ്റിയ മെറ്റ നിര്‍മ്മിത ബുദ്ധി (Artificial Intelligence - AI), സ്മാര്‍ട്ട് ഗ്ലാസസ് എന്നിവയിലേക്ക് തിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

'ചെലവുകള്‍ കുറയ്ക്കാനുള്ള ഈ നീക്കം വൈകിയാണെങ്കിലും ബുദ്ധിപരമായ തീരുമാനമാണ്. മാനേജ്മെന്റ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കരുതിയ അത്രയും വരുമാനം മെറ്റാവേഴ്സില്‍ നിന്ന് ലഭിക്കില്ലെന്ന് ഇതിലൂടെ അവര്‍ സമ്മതിച്ചിരിക്കുന്നു,' ഹ്യൂബര്‍ റിസര്‍ച്ച് പാര്‍ട്‌ണേഴസിലെ അനലിസ്റ്റ് ക്രെയിഗ് ഹ്യൂബര്‍ വിലയിരുത്തി.

നിക്ഷേപകര്‍ക്ക് ആശ്വാസം

മെറ്റാവേഴ്സിലെ ചെലവ് കുറച്ചുകൊണ്ട്, എ.ഐ പോലുള്ള ലാഭകരമായ മേഖലകളില്‍ കൂടുതല്‍ പണം മുടക്കാനുള്ള മെറ്റയുടെ ഈ തീരുമാനം നിക്ഷേപകര്‍ക്ക് ആശ്വാസമാകുന്നുണ്ട്. മെറ്റാവേഴ്സ് ചെലവ് വെട്ടിക്കുറച്ചേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ കമ്പനിയുടെ ഓഹരി വില 4 ശതമാനം വരെ ഉയര്‍ന്നു.

ഒരു വര്‍ച്വല്‍ ലോകം എന്ന മെറ്റാവേഴ്സ് കാഴ്ചപ്പാട് ഗെയിമിംഗ് ലോകത്തിനപ്പുറത്തേക്ക് വ്യാപിപ്പിക്കാന്‍ മെറ്റയ്ക്ക് സാധിച്ചിരുന്നില്ല. ഹൊറൈസണ്‍ വേള്‍ഡ്സ് (Horizon Worlds) പോലുള്ള സാമൂഹിക വെര്‍ച്വല്‍ റിയാലിറ്റി പ്ലാറ്റ്ഫോമുകളോടും, വിആര്‍ ഹാര്‍ഡ്വെയറുകളോടും ഉപഭോക്താക്കള്‍ക്ക് താല്‍പര്യമില്ലാത്തതാണ് വന്‍ നഷ്ടത്തിന് കാരണമായതെന്നാണ് വിലയിരുത്തല്‍.

മെറ്റയുടെ 'സൂപ്പര്‍ ഇന്റലിജന്‍സ് ലാബ്‌സ്'

കഴിഞ്ഞ വര്‍ഷം തന്നെ, എ.ഐ. രംഗത്തെ മറ്റ് ഭീമന്മാര്‍ക്ക് ഒപ്പം എത്താനായി സൂപ്പര്‍ ഇന്റലിജന്‍സ് ലാബ്സ് രൂപീകരിച്ചുകൊണ്ട് മെറ്റ എഐ നീക്കങ്ങള്‍ ശക്തമാക്കിയിരുന്നു. ഈ വര്‍ഷം 72 ബില്യണ്‍ ഡോളര്‍ വരെ മൂലധനച്ചെലവ് എ.ഐ. ഇന്‍ഫ്രാസ്ട്രക്ചറിനായി മെറ്റ നീക്കിവെച്ചേക്കും. ഓഹരി ഉടമകളുമായുള്ള സംഭാഷണത്തില്‍, എ.ഐ. രംഗത്തെ ഏറ്റവും ശുഭാപ്തിവിശ്വാസമുള്ള സാഹചര്യങ്ങള്‍ക്കായി തയ്യാറെടുക്കാന്‍ ശേഷി വര്‍ധിപ്പിക്കുന്നത് ശരിയായ തന്ത്രമാണെന്ന് സക്കര്‍ബര്‍ഗ് വ്യക്തമാക്കിയിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT