ലോകബാങ്ക് ധനസഹായത്തോടെയുള്ള ‘കേര’ പദ്ധതിയുടെ ഭാഗമായി കേരള സ്റ്റാർട്ടപ്പ് മിഷൻ നടപ്പിലാക്കുന്ന ‘അഗ്രി-നെക്സ്റ്റ്’ കാർഷിക സാങ്കേതികവിദ്യ വികസന പദ്ധതിയിൽ ഫീൽഡ്-റെഡി ഉൽപ്പന്നങ്ങളുള്ള അഗ്രിടെക് സ്റ്റാർട്ടപ്പുകളിൽ നിന്ന് വീണ്ടും അപേക്ഷകൾ ക്ഷണിക്കുന്നു. 25 ലക്ഷം രൂപ വരെ സൗജന്യ ഗ്രാന്റ്, മെന്റർഷിപ്പ്, ഇൻകുബേഷൻ, കർഷക ശൃംഖലകളിലേക്കുള്ള പ്രവേശനം, ഫീൽഡ് ട്രയൽ അവസരങ്ങൾ എന്നിവയാണ് പ്രധാന ആനുകൂല്യങ്ങൾ.
കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) നടപ്പിലാക്കുന്ന കാർഷിക സാങ്കേതികവിദ്യ വികസന പദ്ധതിയായ 'അഗ്രി-നെക്സ്റ്റ്' (Agri-Next) പുതിയ ഘട്ടത്തിലേക്ക്. ഫീൽഡ് തലത്തിൽ പ്രയോഗിക്കാൻ സജ്ജമായ (Field-ready) ഉത്പന്നങ്ങളുള്ള അഗ്രിടെക് സ്റ്റാർട്ടപ്പുകളിൽ നിന്ന് പുതിയ അപേക്ഷകൾ ക്ഷണിച്ചു. ലോകബാങ്ക് ധനസഹായത്തോടെയുള്ള 'കേര' (KERA) പദ്ധതിയുടെ ഭാഗമായി 38 കോടി രൂപ ചെലവിൽ നടപ്പിലാക്കുന്ന പദ്ധതിയിലൂടെ ഗ്രാന്റുകൾ വിതരണം ചെയ്യുന്ന ഘട്ടത്തിലേക്കാണ് ഇപ്പോൾ കടക്കുന്നത്.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 150 അഗ്രിടെക് സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ 2025 നവംബറിൽ ആരംഭിച്ച പദ്ധതിയിലേക്ക് ഇതുവരെ 270-ഓളം അപേക്ഷകൾ ലഭിച്ചതായി സ്റ്റാർട്ടപ്പ് മിഷൻ വൃത്തങ്ങൾ ധനം ഓൺലൈനോട് പറഞ്ഞു. ഇതിൽ നിന്നും 126 സ്റ്റാർട്ടപ്പുകളെ മൂല്യനിർണ്ണയത്തിനായി തിരഞ്ഞെടുത്തു. വിശദമായ വിലയിരുത്തലുകൾക്കുശേഷം 20-ഓളം അഗ്രി ടെക് സ്റ്റാർട്ടപ്പുകളെ ഗ്രാന്റ് വിതരണത്തിനുള്ള അന്തിമ അംഗീകാരത്തിനായി നിർദേശിച്ചിട്ടുണ്ട്.
തിരഞ്ഞെടുക്കപ്പെട്ട സ്റ്റാർട്ടപ്പുകളിൽ അധികവും വിപണിയിൽ പരീക്ഷിച്ചു തെളിയിച്ച വികസിത ഉൽപ്പന്നങ്ങളുള്ളവരാണ് (MVP/Market-ready). സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള മാറ്റങ്ങൾക്കാണ് പ്രോഗ്രാമിൽ മുൻഗണന ലഭിക്കുന്നത്.
വേസ്റ്റ് & റിസോഴ്‌സ് മാനേജ്‌മെന്റ് (34.1%): വാഴ അവശിഷ്ടങ്ങൾ, ചക്ക, ചിരട്ട, ചകിരി തുടങ്ങിയവയിൽ നിന്ന് ബയോ പ്ലാസ്റ്റിക്, ജൈവവളങ്ങൾ, ബയോചാർ എന്നിവ നിർമ്മിക്കുന്ന സ്റ്റാർട്ടപ്പുകളാണ് മുൻപന്തിയിൽ.
സപ്ലൈ ചെയിൻ & മാർക്കറ്റ് ലിങ്കേജ് (19.8%): കാർഷിക വിളകളുടെ സംഭരണവും കർഷകരെ നേരിട്ട് ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുന്നതുമായ സാങ്കേതികവിദ്യകൾ.
ഫാം ഓട്ടോമേഷൻ (16.7%): തൊഴിൽ ക്ഷാമം പരിഹരിക്കുന്നതിനായി യന്ത്രവൽക്കരണവും ആധുനിക ഉപകരണങ്ങളും.
എ.ഐ & ഐ.ഒ.ടി (15.1%): കൃഷി മാനേജ്‌മെന്റും വിവരശേഖരണവും ഡാറ്റ അടിസ്ഥാനമാക്കിയുള്ള കാർഷിക പ്ലാനിംഗും.
ലഭ്യമാകുന്ന ഗ്രാന്റ് -----------► ₹25 ലക്ഷം വരെ
പദ്ധതിയുടെ കാലാവധി (2029) -----------► 40,000 കർഷകരിലേക്ക് സാങ്കേതികവിദ്യ
പ്രധാന മേഖലകൾ -----------► അഗ്രിടെക്, പ്രിസിഷൻ ഫാമിംഗ്, വേസ്റ്റ് മാനേജ്‌മെന്റ്
വെബ്‌സൈറ്റ് -----------► agrinext.startupmission.in
തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകൾക്ക് 25 ലക്ഷം രൂപ വരെയുള്ള സാമ്പത്തിക സഹായത്തിന് (Grant) പുറമെ മെന്റർഷിപ്പ്, ഇൻകുബേഷൻ പിന്തുണ, കർഷക ശൃംഖലകളിലേക്കുള്ള പ്രവേശനം, ഫീൽഡ് ട്രയൽ അവസരങ്ങൾ എന്നിവ ലഭിക്കും. കാർഷിക ഉത്പാദക സംഘടനകൾ (FPO), കാർഷിക സ്ഥാപനങ്ങൾ എന്നിവ വഴി സാങ്കേതികവിദ്യകളുടെ നിലവാരം നേരിട്ടുതന്നെ പരീക്ഷിക്കപ്പെടുന്നതായിരിക്കും. 2029-ഓടെ 40,000 കർഷകരിലേക്ക് പുതിയ സാങ്കേതികവിദ്യകൾ എത്തിക്കുകയാണ് ലക്ഷ്യം.
ഡ്രോൺ ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സ്മാർട്ട് ഇറിഗേഷൻ, അഗ്രി-ഫിൻടെക്, ക്ലൈമറ്റ്-സ്മാർട്ട് അഗ്രികൾച്ചർ തുടങ്ങിയ മേഖലകളിൽ ഫീൽഡ്-റെഡി ഉൽപ്പന്നങ്ങളുള്ള സ്റ്റാർട്ടപ്പുകൾക്ക് agrinext.startupmission.in എന്ന പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാം.
Read DhanamOnline in English
Subscribe to Dhanam Magazine