Industry

ചോക്സി, മല്ല്യ...പൊതുമേഖലാ ബാങ്കുകളില്‍ 2,426 പേരുടെ കുടിശിക 1,47,350 കോടി രൂപ

Dhanam News Desk

രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ക്ക് 1,47,350 കോടി രൂപയുടെ കുടിശിക വരുത്തിയ മെഹുല്‍ ചോക്സി, വിജയ് മല്ല്യ എന്നിവരടക്കം 2,426 പ്രമുഖരുടെ വിവരങ്ങള്‍ അഖിലേന്ത്യാ ബാങ്ക് എംപ്‌ളോയീസ് അസോസിയേഷന്‍ പുറത്തുവിട്ടു.സെന്‍ട്രല്‍ റെപോസിറ്ററി ഓഫ് ഇന്‍ഫര്‍മേഷന്‍ ഓണ്‍ ലാര്‍ജ് ക്രെഡിറ്റ്‌സ് കഴിഞ്ഞ സെപ്തംബറില്‍ ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് എ.ഐ.ബി.ഇ.എ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഏറ്റവും കൂടുതല്‍ വായ്പ കുടിശികയുള്ളത് എസ്.ബി.ഐയ്ക്കാണ് (685 അക്കൗണ്ടുകള്‍ വഴി 43,887കോടി). 325 അക്കൗണ്ടുകളില്‍ നിന്നുള്ള 22370 കോടി കുടിശികയുമായി പഞ്ചാബ് നാഷണല്‍ ബാങ്കാണ് രണ്ടാം സ്ഥാനത്ത്. ഈ കുടിശികക്കാരെല്ലാം പ്രമുഖ കമ്പനികളാണ്. എല്ലാം തന്നെ  പ്രവര്‍ത്തിക്കുന്നുമുണ്ട്.മെഹുല്‍ ചോക്സിയുടെ ഗീതാഞ്ജലി ജെംസ് പഞ്ചാബ് നാഷണല്‍ ബാങ്കിന് 4644 കോടി രൂപ നല്‍കാനുണ്ട്.വിജയ് മല്ല്യയുടെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് 586 കോടി രൂപയാണ് എസ്.ബി.ഐ യെ കബളിപ്പിച്ചിട്ടുള്ളത്. മല്ല്യ വിവധ ബാങ്കുകളില്‍ വരുത്തിയിട്ടുള്ള കുടിശിക 9000 കോടിയിലേറെ വരും.

പൊതുമേഖലാ ബാങ്കുകളിലെ കുടിശികക്കാരുടെ മാത്രം കണക്കാണ് എ.ഐ.ബി.ഇ.എ പ്രസിദ്ധീകരിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി സി.എച്ച്. വെങ്കിടാചലം അറിയിച്ചു.500 കോടി രൂപയ്ക്കു മുകളില്‍ കുടിശിക വരുത്തിയ 33 അക്കൗണ്ടുകള്‍ വഴി മാത്രം ലഭിക്കാനുള്ളത് 32,737 കോടി രൂപയാണ്. റെയ് അഗ്രോ 2,423 കോടിയും  രുചി സോയ ഇന്‍ഡസ്ട്രീസ് 1,618 കോടിയും  ഗില്ലി ഇന്ത്യ 1,447 കോടിയും ജതിന്‍ മെഹ്തയുടെ വിന്‍സം ഡയമണ്ട് ജ്വല്ലറി 2,918കോടിയും കുഡോസ് കെമി 1,810 കോടിയും നക്ഷത്ര ബ്രാന്‍ഡ്സ് 1109 കോടിയു കുടിശിക വരുത്തിയിട്ടുണ്ട്.

ഈ കുടിശിക തിരിച്ചു പിടിച്ച് മൂലധന സഹായം നല്‍കുന്നതിന് പകരം സ്വകാര്യവത്ക്കരണ നടപടികള്‍ ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധിക്കുള്ള പരിഹാരമല്ലെന്ന് വെങ്കിടാചലം അഭിപ്രായപ്പെട്ടു. ഇവരുടെ നഷ്ടം പൊതുജനങ്ങള്‍ സഹിക്കേണ്ട കാര്യമില്ല. കിട്ടാക്കടം വീണ്ടെടുക്കാന്‍ ക്രിമിനല്‍ നടപടികള്‍ ആരംഭിക്കണം.ഇതിനായി പ്രത്യേക ഓര്‍ഡിനന്‍സിറക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT