Image : Canva 
Industry

മുംബൈയില്‍ നിന്ന് കൊച്ചിയിലേക്ക് 4,000 രൂപ: വിമാനടിക്കറ്റ് നിരക്കില്‍ വന്‍ കുറവ്‌

20,000 രൂപയില്‍ നിന്നാണ് നിരക്ക് കുത്തനെ താഴ്ന്നത്

Dhanam News Desk

കുതിച്ചുയര്‍ന്ന ആഭ്യന്തര വിമാനടിക്കറ്റ് നിരക്ക് താഴേക്ക്. മുംബൈയില്‍ നിന്ന് കൊച്ചിയിലേക്ക് 4,000 രൂപയാണ് നിലവിൽ നിരക്ക്. മേയിലും  ജൂണ്‍ ആദ്യ ആഴ്ചകളിലും 20,000 രൂപയായിരുന്ന നിരക്കാണ് കുത്തനെ താഴ്ന്നത്. യാത്രയ്ക്ക് 24 മണിക്കൂർ മുൻപ് എടുക്കാവുന്ന ടിക്കറ്റിന്റെ നിരക്കാണിത്. ഇന്ത്യയിലുടനീളം മണ്‍സൂണ്‍ കാറ്റ് വീശിത്തുടങ്ങിയതോടെ യാത്രാ സീസണിന് വിരമമായതാണ് നിരക്ക് താഴാനിടയാക്കിയത്. 

ദീര്‍ഘനാളുകള്‍ക്ക് ശേഷമാണ് 24 മണിക്കൂറിനു  മുന്‍പെടുക്കാവുന്ന വണ്‍വേ നോണ്‍ സ്‌റ്റോപ്പ് നിരക്ക് 4,000 രൂപയിലെത്തുന്നത്. മുംബൈയില്‍ നിന്ന് കൊച്ചിയിലേക്ക് പറക്കാന്‍ ഇന്‍ഡിഗോയ്ക്ക് 4,029 രൂപ, എയര്‍ ഇന്ത്യ 4,051 രൂപ, വിസ്താര 4,112 രൂപ എന്നിങ്ങനെയാണ് നിരക്ക്.

ഡൽഹി -മുംബൈ നിരക്കും കുറഞ്ഞു

മറ്റു റൂട്ടുകളിലേക്കുള്ള നിരക്കും കുറഞ്ഞിട്ടുണ്ട്. മേയ് അവസാന വാരത്തിലും ജൂണിന്റെ തുടക്കത്തിലും ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള ഏറ്റവും കുറഞ്ഞ നിരക്ക് 19,000 രൂപയായിരുന്നു. അതേ സമയം, ഡല്‍ഹിയില്‍ നിന്ന് ദുബൈയിലേക്ക് ഈ സമയത്ത് 14,000 രൂപ മാത്രമായിരുന്നു നിരക്ക്. വ്യോമയാന മന്ത്രാലയം ഇടപെട്ട് ഡല്‍ഹി-മുംബൈ ടിക്കറ്റ് നിരക്ക് 18,000 ആക്കി. ഒരാഴ്ചയ്ക്ക് ശേഷം നിരക്ക് 14,000 രൂപയായി. ഇന്നലത്തെ നിരക്ക് 4,500 രൂപയാണ്.

ഗോ ഫസ്റ്റ്  പ്രതിസന്ധി

നഷ്ടത്തിലായതിനെ തുടർന്ന് മേയ് മാസത്തില്‍ പ്രമുഖ വിമാനക്കമ്പനിയായ ഗോ ഫസ്റ്റ് സര്‍വീസ് നിര്‍ത്തലാക്കിയതിനെ തുടര്‍ന്നാണ് ചില ആഭ്യന്തര റൂട്ടുകളിലേക്കുള്ള നിരക്കുകള്‍ കുത്തനെ ഉയര്‍ന്നത്. മേയ് വസാനം മുതല്‍ ജൂണ്‍ ആദ്യം വരെയുള്ള സമയത്ത് എക്കാലത്തെയും ഉയര്‍ന്ന നിലയിലായിരുന്നു നിരക്കുകള്‍.

ആഴ്ചയില്‍ 1,538 വിമാനസര്‍വീസുകളാണ് ഗോ ഫസ്റ്റ് നടത്തിയിരുന്നത്. ലേയില്‍ നിന്ന് ശ്രീനഗറിലേക്കുള്ള നിരക്കാണ് ഇക്കാലയളവില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നത്. നിലവില്‍ ഡല്‍ഹി-ലേ വണ്‍വേ ടിക്കറ്റ് നിരക്ക് 15,000 രൂപയാണ്. കഴിഞ്ഞ മാസം ഇത് 23,000 രൂപയായിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT