Air India  facebook.com/AirIndia
Industry

വിമാന ടിക്കറ്റ് നിരക്ക് ഉയരും, ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളിൽ ഫ്യുവൽ സർചാർജ് വർധിപ്പിച്ച് എയർ ഇന്ത്യ

2,000 കിലോമീറ്ററിന് മുകളിലുള്ള ആഭ്യന്തര റൂട്ടുകളിൽ 899 രൂപ വരെയാണ് അധികമായി നൽകേണ്ടി വരിക

Dhanam News Desk

ആഗോളതലത്തിൽ വിമാന ഇന്ധന (ATF) വില കുതിച്ചുയരുന്ന സാഹചര്യത്തിൽ, ആഭ്യന്തര-അന്താരാഷ്ട്ര വിമാന യാത്രക്കാർക്കുള്ള ഫ്യുവൽ സർചാർജ് വർദ്ധിപ്പിക്കാൻ ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ തീരുമാനിച്ചു. പരിഷ്കരിച്ച നിരക്കുകൾ നാളെ (ഏപ്രിൽ 8) മുതൽ പ്രാബല്യത്തിൽ വരും. ആഭ്യന്തര റൂട്ടുകളിൽ ദൂരത്തിനനുസരിച്ചുള്ള പുതിയ പ്രൈസിംഗ് മോഡലാണ് എയർ ഇന്ത്യ അവതരിപ്പിച്ചിരിക്കുന്നത്.

ആഭ്യന്തര റൂട്ടുകള്‍

500 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് 299 രൂപയും, 501 മുതൽ 1,000 കിലോമീറ്റർ വരെ 399 രൂപയും ഫ്യുവൽ സർചാർജ് നൽകണം. ദൈർഘ്യമേറിയ യാത്രകൾക്ക്, അതായത് 2,000 കിലോമീറ്ററിന് മുകളിലുള്ള റൂട്ടുകളിൽ 899 രൂപ വരെയാണ് അധികമായി നൽകേണ്ടി വരിക.

അന്താരാഷ്ട്ര റൂട്ടുകളിൽ ഓരോ മേഖലയ്ക്കും പ്രത്യേക നിരക്കുകളാണ് നിശ്ചയിച്ചിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള (West Asia) യാത്രക്കാർക്ക് 50 ഡോളറും, സിംഗപ്പൂരിലേക്ക് 60 ഡോളറും സർചാർജ് നൽകണം. കൂടുതൽ ദൂരമുള്ള നോർത്ത് അമേരിക്ക, ഓസ്‌ട്രേലിയ റൂട്ടുകളിലാണ് ഏറ്റവും ഉയർന്ന നിരക്കായ 280 ഡോളർ ഈടാക്കുന്നത്. അതേസമയം, യൂറോപ്പ്, യുകെ റൂട്ടുകളിലേക്ക് 205 ഡോളറാണ് അധിക നിരക്ക്.

ഫെബ്രുവരി അവസാനം ബാരലിന് 99.40 ഡോളറായിരുന്ന വിമാന ഇന്ധന വില മാർച്ച് 27 ആയപ്പോഴേക്കും ഏകദേശം ഇരട്ടിയായി വർദ്ധിച്ച് 195.19 ഡോളറിലെത്തി. ഈ സാഹചര്യം നേരിടാനാണ് നിരക്ക് വർദ്ധനയെങ്കിലും, ഇന്ധനവിലയിലുണ്ടായ വൻ വർദ്ധനവ് പൂർണമായി യാത്രക്കാരിൽ നിന്ന് ഈടാക്കുന്നില്ലെന്നും ഒരു വലിയ ഭാഗം കമ്പനി തന്നെ വഹിക്കുകയാണെന്നും എയർ ഇന്ത്യ അറിയിച്ചു. ഏപ്രിൽ 8 ന് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്തവരെ ഈ വർദ്ധന ബാധിക്കില്ല, എന്നാൽ യാത്രയുടെ തീയതിയോ റൂട്ടോ മാറ്റുകയാണെങ്കിൽ പുതിയ നിരക്ക് ബാധകമാകും.

പുതിയ സിഇഒയെ തേടുന്നു

അതേസമയം, സ്ഥാനമൊഴിഞ്ഞ എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ നിലവിൽ ആറ് മാസത്തെ നോട്ടീസ് കാലാവധിയിലാണെന്ന് സിഎൻബിസി-ടിവി 18 റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്‍ഗാമിയെ കണ്ടെത്തുന്നത് വരെ വിൽസൺ എയര്‍ ഇന്ത്യയില്‍ തുടരും. 2025 ജൂണ്‍ 12 ന് നടന്ന 241 പേരുടെ മരണത്തിന് ഇടയാക്കിയ അഹമ്മദാബാദ് വിമാന അപകടത്തെ തുടര്‍ന്നുളള പ്രതിസന്ധികളെ തുടര്‍ന്നാണ് കാംബെലിന്റെ രാജി. ഈ വർഷം റെക്കോർഡ് നഷ്ടമുണ്ടാകാനുളള സാധ്യതകള്‍, പ്രവർത്തന തടസങ്ങൾ, വർദ്ധിച്ചുവരുന്ന ചെലവുകൾ തുടങ്ങിയവയുമായി എയർലൈൻ കമ്പനി പോരാടുന്ന സമയത്താണ് നേതൃമാറ്റത്തിന് കളമൊരുങ്ങുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT