Air India  facebook.com/AirIndia
Industry

യു.എസ് വിമാന സർവീസുകളിൽ വ്യാപക തടസം; എയർ ഇന്ത്യ മുന്നറിയിപ്പ്, നിങ്ങളുടെ യാത്രയെ ബാധിച്ചിട്ടുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം?

സെപ്റ്റംബർ 11 ഭീകരാക്രമണത്തിനും 2023-ലെ സാങ്കേതിക തടസത്തിനും ശേഷം യു.എസ് ചരിത്രത്തിൽ ഉണ്ടാകുന്ന മൂന്നാമത്തെ രാജ്യവ്യാപക ഗ്രൗണ്ട് സ്റ്റോപ്പ്

Dhanam News Desk

അമേരിക്കയിൽ എയർ ട്രാഫിക് കൺട്രോൾ പ്രവർത്തനങ്ങളെ ബാധിച്ച ടെലികമ്മ്യൂണിക്കേഷൻ തടസങ്ങളെ (Outage) തുടർന്ന് രാജ്യവ്യാപകമായി വിമാന സർവീസുകൾ തടസപ്പെട്ടു. ഇതേത്തുടർന്ന് യു.എസിലേക്കുള്ള നിർദ്ദിഷ്ട എയർ ഇന്ത്യ സർവീസുകളിൽ തടസങ്ങളും കാലതാമസവും ഉണ്ടായേക്കാമെന്ന് വ്യക്തമാക്കി എയർ ഇന്ത്യ യാത്രാ മുന്നറിയിപ്പ് (Travel Advisory) പുറപ്പെടുവിച്ചു. എയർപോർട്ടുകളിലേക്ക് തിരിക്കുന്നതിന് മുൻപ് വിമാനങ്ങളുടെ നിലവിലെ സ്ഥിതി (Flight Status) ഓൺലൈനായി പരിശോധിക്കാൻ എയർ ഇന്ത്യ യാത്രക്കാരോട് ആവശ്യപ്പെട്ടു.

തടസത്തിന് പിന്നിലെ കാരണം

യു.എസിലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) കമ്മ്യൂണിക്കേഷൻ തടസത്തെ തുടർന്ന് വിമാനങ്ങൾ പുറപ്പെടുന്നത് താൽക്കാലികമായി തടയുന്ന 'ഗ്രൗണ്ട് സ്റ്റോപ്പ്' (Ground Stop) പ്രഖ്യാപിക്കുകയായിരുന്നു. സെപ്റ്റംബർ 11 ഭീകരാക്രമണത്തിനും 2023-ലെ സാങ്കേതിക തടസത്തിനും ശേഷം യു.എസ് ചരിത്രത്തിൽ ഉണ്ടാകുന്ന മൂന്നാമത്തെ രാജ്യവ്യാപക ഗ്രൗണ്ട് സ്റ്റോപ്പാണിത്. എന്നാൽ തടസം പ്രഖ്യാപിച്ച സമയത്ത് സര്‍വീസില്‍ ഉണ്ടായിരുന്ന വിമാനങ്ങൾക്ക് സുരക്ഷിതമായി ലക്ഷ്യസ്ഥാനങ്ങളിൽ ലാൻഡ് ചെയ്യാൻ അനുമതി നൽകിയിരുന്നു.

ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ 6:45-ഓടെ ഗ്രൗണ്ട് സ്റ്റോപ്പ് പിൻവലിക്കുകയും വിമാന സർവീസുകൾ പുനരാരംഭിക്കുകയും ചെയ്തു. ഗ്രൗണ്ട് സ്റ്റോപ്പ് നീക്കിയെങ്കിലും ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കപ്പെടുകയും വൈകുകയും ചെയ്തതിനാൽ വരും മണിക്കൂറുകളിലും സർവീസുകളിൽ തടസങ്ങൾ തുടരാൻ സാധ്യതയുണ്ട്. യാത്രക്കാർ വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുൻപ് അതത് എയർലൈനുകളുമായി ബന്ധപ്പെടുകയോ FlightAware പോലുള്ള പ്ലാറ്റ്‌ഫോമുകൾ വഴി ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കുകയോ ചെയ്യേണ്ടതാണ്.

എയർ ഇന്ത്യ ഫ്ലൈറ്റ് സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം?

ഓൺലൈനായി വിമാന വിവരങ്ങൾ അറിയാൻ താഴെ പറയുന്ന ഘട്ടങ്ങൾ പാലിക്കുക:

വെബ്‌സൈറ്റ് സന്ദർശിക്കുക: എയർ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.airindia.com സന്ദർശിക്കുക (അല്ലെങ്കിൽ ഫ്ലൈറ്റ് സ്റ്റാറ്റസ് പേജ് നേരിട്ട് തുറക്കുക).

Book and Manage: ഹോംപേജിലുള്ള 'Book and Manage' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

Flight Status: ഡ്രോപ്പ്ഡൗൺ മെനുവിൽ നിന്ന് 'Flight Status' ക്ലിക്ക് ചെയ്യുക.

വിവരങ്ങൾ നൽകുക: നിങ്ങളുടെ ഫ്ലൈറ്റ് നമ്പർ, പി.എൻ.ആർ (PNR) അല്ലെങ്കിൽ യാത്ര ചെയ്യുന്ന റൂട്ടും തീയതിയും രേഖപ്പെടുത്തുക.

സ്റ്റാറ്റസ് പരിശോധിക്കുക: 'Get Flight Status' ക്ലിക്ക് ചെയ്ത് വിമാനത്തിന്റെ പുതിയ വിവരങ്ങൾ ലഭ്യമാക്കുക.

യു.എസ് സർവീസുകളിലെ മാറ്റങ്ങൾ കമ്പനി കൃത്യമായി നിരീക്ഷിച്ചുവരികയാണെന്നും എയർ ഇന്ത്യ അറിയിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT