രാജ്യത്ത് സാറ്റലൈറ്റ് ടെലികോം സര്‍വീസ് തുടങ്ങാന്‍ പൂര്‍ണ സജ്ജമെന്ന് ഭാരതി എയര്‍ടെല്‍. കേന്ദ്രത്തിന്റെ പച്ചക്കൊടിക്കായി കാത്തിരിക്കുന്നുവെന്നും അധികം വൈകാതെ രാജ്യമെമ്പാടും നടപ്പാക്കാനാകുമെന്നും ഭാരതി എന്റര്‍പ്രൈസസ് വൈസ് ചെയര്‍മാന്‍ രാജന്‍ ഭാരതി മിത്തല്‍ വ്യക്തമാക്കി.
ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കിനും മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയ്ക്കും വെല്ലുവിളി ഉയര്‍ത്തികൊണ്ടാണ് എയര്‍ടെല്ലിന്റെ പ്രഖ്യാപനം. ഗുജറാത്തിലും തമിഴ്‌നാട്ടിലുമുള്ള ബേസ് സ്റ്റേഷനുകളുടെ ജോലികള്‍ പൂര്‍ത്തിയാക്കിയതായും അനുമതി കിട്ടിയാലുടന്‍ സാറ്റലൈറ്റ് സര്‍വീസ് ആരംഭിക്കാനാകുമെന്നും മിത്തല്‍ ഉറപ്പു നല്‍കുന്നു.
ഇതിനകം 635 ഉപഗ്രഹങ്ങള്‍ എയര്‍ടെല്‍ വിക്ഷേപിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനവും നല്‍കുന്നു. അനുമതി ലഭിച്ചാല്‍ ഇന്ത്യയിലേക്കും വ്യാപിപ്പിക്കാൻ ആണ് പദ്ധതി.
ഉപഗ്രഹ സ്‌പെക്ട്രം വിതരണം ഭരണതലത്തില്‍ നേരിട്ടു നല്‍കണോ ലേലത്തിലൂടെ നല്‍കണോ എന്നതു സംബന്ധിച്ച തീരുമാനത്തില്‍ വ്യക്തത വരുത്താത്തതാണ് കമ്പനികള്‍ക്ക് ഇതുവരെ പ്രവര്‍ത്തനം തുടങ്ങാനാകാത്തത്. ജിയോയ്ക്കും സ്റ്റാര്‍ലിങ്കിനും പുറമേ ആമസോണിന്റെ പ്രൊജക്റ്റ് കൈപ്പറും സാറ്റലൈറ്റ് ടെലികോം വ്യവസായത്തിലേക്ക് കടക്കുന്നുണ്ട്.
ടെലികോം സ്‌പെക്ട്രം പോലെ ഉപഗ്രഹ സ്‌പെക്ട്രവും ലേലത്തിലൂടെ നല്‍കണമെന്നാണ് റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെല്ലും ആവശ്യപ്പെടുന്നത്. എന്നാല്‍ ടെലികോം നിയമപ്രകാരം ഉപഗ്രഹ സ്‌പെക്ട്രം ലേലം ചെയ്യാനാകില്ലെന്ന് കേന്ദ്ര വാര്‍ത്താ വിതരണമന്ത്രി ജോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിരുന്നു. ഭരണതലത്തില്‍ നേരിട്ടുനല്‍കാനേ സാധിക്കൂവെന്നും ഉപഗ്രഹ സ്‌പെക്ട്രം പരസ്പരം സഹകരിച്ച് ഉപയോഗിക്കുകയല്ലാതെ ഓരോ വ്യക്തിക്കും പ്രത്യേകം വില നിര്‍ണയിച്ചു നല്‍കാനാകില്ലെന്നും സിന്ധ്യ പറയുന്നു.
അതേസമയം, മസ്‌കിന്റെ സ്റ്റാര്‍ലിങ്കും പ്രോജക്റ്റ് കൈപ്പറും ഉപഗ്രഹ സേവനങ്ങള്‍ക്കായി സ്‌പെക്ട്രത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ് അലോക്കേഷന്‍ വേണമെന്ന് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഉപഗ്രഹ സ്‌പെക്ട്രം അനുവദിക്കുന്നതിനുള്ള രീതി ടെലികോം നിയന്ത്രണ അതോറിറ്റിയായ ട്രായിയാകും തീരുമാനിക്കുക.
എന്തായാലും ഇന്ത്യയിലെ ഗ്രാമീണ, വിദൂര പ്രദേശങ്ങളില്‍ താങ്ങാനാവുന്ന നിരക്കില്‍ സാറ്റലൈറ്റ് അധിഷ്ഠിത ടെലികോം സേവനങ്ങള്‍ നല്‍കാനാകുമെന്നാണ് മിത്തല്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. സ്റ്റാര്‍ലിങ്കിന്റെ നിരക്കുകള്‍ കൂടുതലാകാനാണ് സാധ്യത. ഇത് എയര്‍ടെല്ലിന് കുറച്ചു കൂടി മേല്‍ക്കോയ്മ നല്‍കിയേക്കും.
Read DhanamOnline in English
Subscribe to Dhanam Magazine