chatgpt
Industry

യൂബറും റാപ്പിഡോയും കുഴപ്പത്തിലാകുമോ? നിരക്ക് കുറച്ച് നിരത്ത് പിടിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാരത് ടാക്‌സി എത്തി

ഇന്ത്യന്‍ ഫാര്‍മേഴ്‌സ് ഫെര്‍ട്ടിലൈസര്‍ കോഓപ്പറേറ്റീവ് ലിമിറ്റഡ് (IFFCO), അമൂല്‍, നബാര്‍ഡ് തുടങ്ങിയ സഹകരണ സ്ഥാപനങ്ങളുടെ സാമ്പത്തിക, സാങ്കേതിക പിന്തുണ ഭാരത് ടാക്‌സിക്കുണ്ട്

Dhanam News Desk

ഓണ്‍ലൈന്‍ അധിഷ്ഠിത ടാക്‌സി സര്‍വീസ് പ്ലാറ്റ്‌ഫോമുകളില്‍ സ്വകാര്യ കമ്പനികളുടെ ആധിപത്യം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കര്‍ കൊണ്ടുവരുന്ന ഭാരത് ടാക്‌സി (Bharat Taxi) ഇന്നുമുതല്‍ നിരത്തില്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഭാരത് ടാക്‌സിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. തുടക്കത്തില്‍ ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും സര്‍വീസ് ആരംഭിക്കുന്ന ഭാരത് ടാക്‌സി അധികം വൈകാതെ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും.

യൂബര്‍, ഒല, റാപ്പിഡോ അടക്കമുള്ള സ്വകാര്യ കമ്പനികളാണ് ഓണ്‍ലൈന്‍ ടാക്‌സി രംഗം നിയന്ത്രിക്കുന്നത്. ടാക്‌സി ചാര്‍ജ് നിശ്ചയിക്കാന്‍ ഈ കമ്പനികള്‍ക്ക് സാധിക്കുന്നത് ഓണ്‍ലൈന്‍ ടാക്‌സി മേഖലയില്‍ വലിയ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. ഈ പ്ലാറ്റ്‌ഫോമുകളില്‍ രജിസ്റ്റര്‍ ചെയ്ത് ഓടുന്ന ഡ്രൈവര്‍മാര്‍ക്ക് ലഭിക്കുന്ന കുറഞ്ഞ കമ്മീഷനും പലപ്പോഴും വിമര്‍ശനത്തിന് കാരണമാകുന്നുണ്ട്. ഇതിനൊരു പരിഹാരം കണ്ടെത്താന്‍ ഭാരത് ടാക്‌സിക്ക് കഴിയുമെന്നാണ് വിലയിരുത്തല്‍.

സഹകരണ മേഖലയ്ക്ക് കീഴിലാണ് ഭാരത് ടാക്‌സി പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇന്ത്യന്‍ ഫാര്‍മേഴ്‌സ് ഫെര്‍ട്ടിലൈസര്‍ കോഓപ്പറേറ്റീവ് ലിമിറ്റഡ് (IFFCO), അമൂല്‍, നബാര്‍ഡ് തുടങ്ങിയ സഹകരണ സ്ഥാപനങ്ങളുടെ സാമ്പത്തിക, സാങ്കേതിക പിന്തുണ ഭാരത് ടാക്‌സിക്കുണ്ട്.

എന്താണ് പ്രത്യേകത?

ഭാരത് ടാക്‌സിയുടെ ഏറ്റവും വലിയ സവിശേഷത ഡ്രൈവര്‍മാരുടെ ഉടമസ്ഥാവകാശമാണ്. യൂബറിലും റാപ്പിഡോയിലും ഡ്രൈവര്‍മാര്‍ കമ്മീഷനില്‍ ഓടുന്ന പങ്കാളികള്‍ മാത്രമാണ്. എന്നാല്‍ ഭാരത് ടാക്‌സിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഡ്രൈവര്‍മാര്‍ ഓഹരി പങ്കാളിത്തം ലഭിക്കും.

സ്വകാര്യ കമ്പനികള്‍ ഓരോ യാത്രയ്ക്കും കമ്മീഷന്‍ ഈടാക്കുന്ന രീതിയാണ് പിന്തുടരുന്നത്. എന്നാല്‍ ഭാരത് ടാക്‌സിയില്‍ കമ്മീഷന്‍ നല്‌കേണ്ടതില്ല. പകരം, ഡ്രൈവര്‍മാര്‍ സര്‍വീസ് നടത്തുന്ന ദിവസം 30 രൂപ മാത്രം നല്കിയാല്‍ മതിയാകും. ഒരു ദിവസം എത്ര സര്‍വീസ് വേണമെങ്കിലും ഈ 30 രൂപയ്ക്ക് നടത്താം.

ഡ്രൈവരില്‍ നിന്ന് കമ്മീഷന്‍ ഈടാക്കാത്തതിന്റെ നേട്ടം യാത്രക്കാര്‍ക്ക് ലഭിക്കുമെന്നാണ് ഭാരത് ടാക്‌സി അധികൃതരുടെ അവകാശവാദം. സ്വകാര്യ ടാക്‌സി കമ്പനികളെ അപേക്ഷിച്ച് യാത്രനിരക്കില്‍ 30 ശതമാനം വരെ കുറവുവരുത്താന്‍ ഇത് വഴിയൊരുക്കുമെന്നാണ് വാദം. ആപ്പ് ഉപയോഗിക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ പോലീസുമായി ചേര്‍ന്നുള്ള പദ്ധതികളും ഉണ്ടാകും.

കഴിഞ്ഞ കുറച്ചുനാളുകളായി പദ്ധതിയുടെ പരീക്ഷണം ഗുജറാത്തിലും ഡല്‍ഹിയിലുമായി നടക്കുന്നുണ്ടായിരുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യം മുഴുവന്‍ സര്‍വീസ് ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. ഭാരത് ടാക്‌സി സജീവമാകുന്നതോടെ നിരക്ക് കുറയ്ക്കാന്‍ സ്വകാര്യ കമ്പനികളും നിര്‍ബന്ധിതരായേക്കും.

Bharat Taxi launches as a cooperative-based alternative to Uber and Rapido, offering lower fares and driver ownership

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT