രാജ്യത്തെ സോളാർ ഊർജ മേഖലയിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്ന സാഹചര്യത്തിൽ, നോൺ-ഡിസിആർ (Non-DCR) പാനലുകളുടെ ഉപയോഗം സംബന്ധിച്ച പുതിയ തീരുമാനങ്ങൾ ചെറുകിട സംരംഭകർക്കും കൊമേഴ്സ്യൽ പ്രോജക്റ്റുകൾക്കും വലിയ ആശ്വാസമാകുന്നു. നോൺ-ഡിസിആർ പാനലുകൾ ഉപയോഗിക്കുന്നതിനുള്ള കാലാവധി ഡിസംബർ 31 വരെ നീട്ടി നൽകിയിരിക്കുകയാണ്. ഈ തീരുമാനത്തിന്റെ പശ്ചാത്തലവും സോളാർ മേഖലയിൽ ഇത് ചെലുത്തുന്ന സ്വാധീനവും പരിശോധിക്കാം.
ആഭ്യന്തരമായി നിർമ്മിക്കുന്ന ഘടകങ്ങൾ (Domestic Content Requirement) ഉപയോഗിക്കണമെന്ന നിബന്ധനയാണ് ഡിസിആർ. ഇതിനായി കേന്ദ്ര സർക്കാർ ALMM (Approved List of Models and Manufacturers) എന്ന അംഗീകൃത പട്ടിക പുറത്തിറക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ പാനലുകളും രണ്ടാമത്തെ പട്ടികയിൽ സെല്ലുകളും ഇന്ത്യയിൽ തന്നെ നിർമ്മിച്ചതാകണമെന്ന് നിർബന്ധമാക്കിയിരുന്നു. ഇനി വരാനിരിക്കുന്ന മൂന്നാമത്തെ പട്ടിക പ്രകാരം പാനലുകളുടെ നിർമ്മാണത്തിനാവശ്യമായ വേഫറുകളും (Wafers) ഇന്ത്യയിൽ തന്നെ നിർമ്മിച്ചതാകണം എന്ന കർശന നിയമമാണ് ഉളളത്.
ഈ വർഷം ജൂൺ 30 വരെയായിരുന്നു നോൺ-ഡിസിആർ പാനലുകൾക്ക് ആദ്യം അനുവദിച്ചിരുന്ന സമയം. എന്നാൽ ഇന്ത്യയിൽ ആവശ്യത്തിന് സോളാർ സെല്ലുകൾ ലഭ്യമല്ലാത്ത സാഹചര്യം കണക്കിലെടുത്ത് ഇപ്പോൾ രണ്ടാമത്തെ എക്സ്റ്റൻഷൻ വഴി ഇത് ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ട്. ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന പാനലുകൾ മാത്രമേ നെറ്റ് മീറ്ററിങ്ങിനും ഓപ്പൺ ആക്സസ് പോളിസിക്കും ഉപയോഗിക്കാൻ പാടുള്ളൂ എന്ന വെല്ലുവിളിക്കിടയിലാണ് ഈ ഇളവ് വരുന്നതെന്ന് സോളാര്‍ ആന്‍ഡ് കാര്‍ബണ്‍ കണ്‍സള്‍ട്ടന്റായ സജുകുമാര്‍ നായര്‍ പറയുന്നു.
ചെറുകിട നിർമ്മാതാക്കൾക്കും കൊമേഴ്സ്യൽ മേഖലയ്ക്കും ഗുണകരമാകുന്നത് എങ്ങനെ?
ചെറുകിട നിർമ്മാതാക്കൾ: ഡിസിആർ സാങ്കേതികവിദ്യ നടപ്പിലാക്കുന്നത് ചെറുകിട കമ്പനികളെ സംബന്ധിച്ച് ചെലവേറിയ കാര്യമാണ്. ഈ എക്സ്റ്റൻഷൻ അവർക്ക് തങ്ങളുടെ കൈവശമുള്ള നോൺ-ഡിസിആർ പാനലുകൾ വിറ്റഴിക്കാനുള്ള ഒരു 'ലൈഫ് ലൈൻ' പോലെയാണ്.
കൊമേഴ്സ്യൽ പ്രോജക്റ്റുകൾ: സബ്സിഡി ഇല്ലാത്ത കൊമേഴ്സ്യൽ പ്രോജക്റ്റുകൾക്ക് മുൻപ് ഡിസിആർ നിർബന്ധമില്ലായിരുന്നു. നോൺ-ഡിസിആർ പാനലുകൾക്ക് വില കുറവായതിനാൽ പലരും അതാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ പെട്ടെന്ന് ഡിസിആർ നിർബന്ധമാക്കിയപ്പോൾ അത് കൊമേഴ്സ്യൽ മേഖലയ്ക്ക് വലിയ സാമ്പത്തിക ബാധ്യതയായി മാറി. ഇപ്പോൾ ലഭിച്ചിരിക്കുന്ന കാലാവധി അവർക്കും ആശ്വാസകരമാണെന്നും സജുകുമാര്‍ പറഞ്ഞു.
സ്വയംപര്യാപ്തതയിലേക്കുള്ള പാത: ഇത്തരം കർശനമായ നിയമങ്ങൾ ഇന്ത്യയെ സോളാർ മേഖലയിൽ സ്വയംപര്യാപ്തമാക്കാൻ (Self-sustainable) സഹായിക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ചൈന, തായ്‌വാൻ തുടങ്ങിയ രാജ്യങ്ങളെ വിവിധ ഘടകങ്ങൾക്കായി ആശ്രയിക്കുന്നത് കുറയ്ക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
സോളാർ ഊർജം കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാൻ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റംസ് (BESS) അത്യാവശ്യമായി മാറിക്കൊണ്ടിരിക്കുകയാണ്. പകൽ സമയത്ത് ഉൽപ്പാദിപ്പിക്കുന്ന അധിക വൈദ്യുതി രാത്രിയിലേക്ക് സംഭരിച്ചു വയ്ക്കാൻ ഇത് സഹായിക്കും. കേരളത്തിൽ മയിലാടി, കായംകുളം തുടങ്ങിയ സ്ഥലങ്ങളിൽ കമ്മ്യൂണിറ്റി ലെവൽ ബാറ്ററി സ്റ്റോറേജ് പ്രോജക്റ്റുകൾ നടപ്പിലാക്കി വരുന്നു. കൂടാതെ, വൻതോതിലുള്ള പമ്പ്ഡ് സ്റ്റോറേജ് സിസ്റ്റങ്ങളും ഒരുതരം ബാറ്ററിയായി പ്രവർത്തിക്കുന്നു.
സോളാർ പുരപ്പുറ പദ്ധതികളിൽ കേരളം ഇപ്പോൾ രാജ്യത്ത് മൂന്നാം സ്ഥാനത്താണ്. ഗാർഹിക ഉപഭോക്താക്കൾക്ക് 3 കിലോവാട്ട് സിസ്റ്റങ്ങളാണ് നെറ്റ് മീറ്ററിംഗിന് ഏറ്റവും അനുയോജ്യം. പകൽ സമയത്ത് സോളാർ വൈദ്യുതി ലഭ്യമായിരിക്കുമ്പോൾ തന്നെ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനും വാട്ടർ പമ്പുകൾ പ്രവർത്തിപ്പിക്കാനും ശ്രമിക്കുന്നത് വൈദ്യുതി ഗ്രിഡിലേക്കുള്ള ലോഡ് കുറയ്ക്കാൻ സഹായിക്കും. ഗവൺമെന്റ് തലത്തിൽ ട്രാൻസ്ഫോർമറുകളുടെ എണ്ണം കൂട്ടുന്നതും ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തുന്നതും സോളാർ വിപ്ലവത്തിന് കരുത്തേകും.
ഇന്നത്തെ കാലത്ത് ഊർജ ഉപഭോഗം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സോളാർ പദ്ധതികൾക്ക് വലിയ പ്രാധാന്യമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (BAI) ആലപ്പുഴ ചാപ്റ്റര്‍ സെക്രട്ടറി ശരത് സ്നേഹജന്‍ പറഞ്ഞു. സോളാർ സിസ്റ്റങ്ങളുടെയും ഇലക്ട്രിക് വാഹനങ്ങളുടേതുമാണ് ഭാവി. ഇന്ധനവിലയിലെ വർദ്ധനവും എയർ കണ്ടീഷണറുകൾ, ഇൻഡക്ഷൻ കുക്കറുകൾ തുടങ്ങിയ ഉപകരണങ്ങളുടെ അമിത ഉപയോഗവും സോളാർ സിസ്റ്റങ്ങളെ സാധാരണക്കാർക്കിടയിൽ പ്രിയങ്കരമാക്കുന്നു.
നാല് കിലോവാട്ട് വരെയുള്ള സോളാർ സിസ്റ്റങ്ങൾ സ്ഥാപിക്കുന്നത് വീടുകളിലെ വലിയ സാമ്പത്തിക ലാഭത്തിന് കാരണമാകുന്നുണ്ട്. സാധാരണയായി ജലവൈദ്യുത പദ്ധതികളെ ആശ്രയിക്കുമ്പോൾ മഴ കുറയുന്നത് ഊർജ പ്രതിസന്ധിക്ക് കാരണമാകാറുണ്ട്, എന്നാൽ സൂര്യപ്രകാശത്തിൽ നിന്ന് നേരിട്ട് ഊർജം ഉൽപ്പാദിപ്പിക്കുന്നത് ഇത്തരം പ്രതിസന്ധികൾക്ക് സുസ്ഥിരമായ പരിഹാരമാണ്.
ഒരു പുതിയ കെട്ടിടം രൂപകൽപ്പന ചെയ്യുമ്പോൾ തന്നെ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത് പിന്നീട് ഉണ്ടാകുന്ന പല ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ സഹായിക്കും.
റൂഫ് ഡിസൈൻ: സ്ലൈസ്ഡ് അഥവാ കൂടുതൽ ചരിഞ്ഞ മേൽക്കൂരകൾ ചെയ്യുന്നത് സോളാർ പാനലുകൾ സ്ഥാപിക്കുന്നതിന് തടസമാകാറുണ്ട്. അതിനാൽ റൂഫുകൾ പണിയുമ്പോൾ തന്നെ ആവശ്യമായ 'പ്രൊവിഷനുകൾ' മനസിൽ കരുതുന്നത് നന്നായിരിക്കും.
ഡിസൈൻ എലമെന്റ്: സോളാർ പാനലുകൾ ഇപ്പോൾ വെറുമൊരു ഊർജ സ്രോതസ് മാത്രമല്ല, കൊമേഴ്ഷ്യൽ ബിൽഡിങ്ങുകളിൽ അവയെ ഒരു എലവേഷൻ ഡിസൈൻ എലമെന്റ് ആയി കൂടി ഉപയോഗിക്കുന്നുണ്ട്. ഇത് കെട്ടിടത്തിന്റെ ഭംഗി വർദ്ധിപ്പിക്കുന്നതോടൊപ്പം സ്ഥലം ലാഭിക്കാനും സഹായിക്കുന്നു.
കാർ പോർച്ചുകൾ: കാർ പോർച്ചുകൾക്ക് മുകളിൽ സോളാർ പാനലുകൾ ഷെയ്ഡായി നൽകുന്നത് വളരെ ഫലപ്രദമായ രീതിയാണ്. ഇലക്ട്രിക് വാഹനങ്ങളുടെ വരവോടെ ഇത്തരം ഡിസൈനുകൾക്ക് കൂടുതൽ പ്രസക്തിയേറുന്നു.
റൂഫ് ടെറസ്സുകൾ: റൂഫ് ടെറസ്സുകളിൽ പാനലുകൾ ഒരു ഡിസൈൻ ആയി അലൈൻ ചെയ്ത് ഉപയോഗിക്കുന്നത് സ്ഥലപരിമിതി കുറയ്ക്കാൻ സഹായിക്കും.
നിലവിൽ 20 മുതൽ 30 ശതമാനം വരെ ആളുകൾ യൂട്യൂബും മറ്റ് ഓൺലൈൻ സംവിധാനങ്ങളും വഴി കൃത്യമായ കണക്കുകൂട്ടലുകൾ നടത്തിയാണ് സോളാർ സ്ഥാപിക്കാൻ മുന്നോട്ട് വരുന്നതെന്നും ശരത് സ്നേഹജന്‍ പറഞ്ഞു. ശരിയായ ആസൂത്രണത്തോടെ വീടുകളും വാണിജ്യ കെട്ടിടങ്ങളും നിർമ്മിക്കുമ്പോൾ സോളാർ പാനലുകൾ കൂടി ഉൾപ്പെടുത്തിയാൽ അത് വലിയൊരു സാമ്പത്തിക ലാഭവും പരിസ്ഥിതിക്ക് ഗുണകരവുമാകും.
Read DhanamOnline in English
Subscribe to Dhanam Magazine