ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് (Alphabet Inc), സിഇഒ സുന്ദര്‍ പിച്ചൈയ്ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത് റെക്കോര്‍ഡ് ശമ്പള വര്‍ധനവ്. അടുത്ത മൂന്ന് വര്‍ഷ കാലയളവിനുള്ളില്‍ പിച്ചൈയ്ക്ക് ലഭിക്കാവുന്ന ആകെ പ്രതിഫലം 692 മില്യണ്‍ ഡോളര്‍ (ഏകദേശം 6,362 കോടി രൂപ) ആയിരിക്കുമെന്ന് കമ്പനി പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആഗോള ടെക് ഭീമന്മാരുടെ തലപ്പത്തുള്ളവരില്‍ ഏറ്റവും ഉയര്‍ന്ന ശമ്പളം വാങ്ങുന്നവരിലൊരാളായി ഇതോടെ പിച്ചൈ മാറി.
പിച്ചൈയുടെ വാര്‍ഷിക അടിസ്ഥാന ശമ്പളം 2 മില്യണ്‍ ഡോളറായി (ഏകദേശം 16.8 കോടി രൂപ) തുടരും. മൂന്ന് വര്‍ഷത്തേക്ക് ഇത് ആകെ 6 മില്യണ്‍ ഡോളറാണ്.
പാക്കേജിന്റെ ഭൂരിഭാഗവും കമ്പനിയുടെ പ്രകടനവുമായി ബന്ധിപ്പിച്ചിട്ടുള്ള സ്റ്റോക്ക് യൂണിറ്റുകളാണ് (Performance Stock Units PSUs). ആല്‍ഫബെറ്റിന്റെ ഓഹരി വിപണിയിലെ പ്രകടനം അനുസരിച്ച് ഈ തുകയില്‍ മാറ്റം വരാം. ആല്‍ഫബെറ്റിന് കീഴിലുള്ള സ്വയം നിയന്ത്രിത കാര്‍ കമ്പനിയായ 'വേമോ' (Waymo), ഡ്രോണ്‍ ഡെലിവറി സേവനമായ 'വിംഗ്' (Wing) എന്നിവയുടെ വളര്‍ച്ചയുമായി ബന്ധിപ്പിച്ചുള്ള പ്രത്യേക ഓഹരികളും ഈ പാക്കേജിന്റെ ഭാഗമാണ്. വേമോയില്‍ നിന്ന് 130 മില്യണ്‍ ഡോളറും വിംഗില്‍ നിന്ന് 45 മില്യണ്‍ ഡോളറും മൂല്യമുള്ള ഓഹരികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
കമ്പനി നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങള്‍ മറികടന്നാല്‍, സ്റ്റോക്ക് യൂണിറ്റുകളുടെ മൂല്യം ഇരട്ടിയായി വര്‍ധിക്കാനും സാധ്യതയുണ്ട്. എന്നാല്‍ പ്രകടനം മോശമായാല്‍ ലഭിക്കുന്ന തുക കുറയുകയും ചെയ്യും. 2022-ല്‍ പിച്ചൈയ്ക്ക് 226 മില്യണ്‍ ഡോളറോളം പ്രതിഫലം ലഭിച്ചിരുന്നു. അന്ന് മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന വലിയൊരു ഓഹരി വിഹിതമായിരുന്നു ഇതിന് കാരണം.
2015-ല്‍ ഗൂഗിള്‍ സിഇഒ ആയി ചുമതലയേറ്റ പിച്ചൈയ്ക്ക് കീഴില്‍ കമ്പനിയുടെ വിപണി മൂല്യം ഏതാണ്ട് ഏഴ് മടങ്ങ് വര്‍ധിച്ച് 3.6 ട്രില്യണ്‍ ഡോളറിലെത്തിയിട്ടുണ്ട്. ഈ വര്‍ഷം ജനുവരിയില്‍ ഇത് 4 ട്രില്യണ്‍ ഡോളര്‍ എന്ന നാഴികക്കല്ലും പിന്നിട്ടിരുന്നു. ചെന്നൈയില്‍ ജനിച്ച് ഐഐടി ഖരഗ്പൂരിലെ പഠനത്തിന് ശേഷം അമേരിക്കയിലെത്തിയ പിച്ചൈ, നിലവില്‍ 1.5 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ശതകോടീശ്വരന്‍ കൂടിയാണ്.
അതേസമയം, റെഗുലേറ്ററി ഫയലിംഗുകള്‍ പ്രകാരം, പിച്ചൈയ്ക്കും ഭാര്യ അഞ്ജലിക്കും കൂടി 1.67 ദശലക്ഷം ഗൂഗിള്‍ ഓഹരികളുണ്ട്. വെള്ളിയാഴ്ചത്തെ വിപണി വിലയായ 298 ഡോളര്‍ കണക്കാക്കിയാല്‍ ഇതിന്റെ മൂല്യം ഏകദേശം 498 ദശലക്ഷം ഡോളര്‍ വരും.
Alphabet CEO Sundar Pichai is set to receive a compensation package worth up to $692 million over three years, making him one of the highest-paid tech CEOs globally.