ആഗോള ഇ-കൊമേഴ്സ് ഭീമനായ ആമസോണില്‍ (Amazon) നടപ്പിലാക്കാന്‍ പദ്ധതിയിട്ടിരുന്ന കൂട്ടപ്പിരിച്ചുവിടല്‍ നടപടികള്‍ ആശയക്കുഴപ്പത്തിലായി. ബുധനാഴ്ച പ്രഖ്യാപിക്കാനിരുന്ന പിരിച്ചുവിടല്‍ വിവരങ്ങള്‍ അടങ്ങിയ ഇമെയില്‍ സന്ദേശം ജീവനക്കാര്‍ക്ക് നേരത്തെ ലഭിച്ചതാണ് കമ്പനിക്ക് തിരിച്ചടിയായത്. ആമസോണ്‍ വെബ് സര്‍വീസസിലെ (AWS) നൂറുകണക്കിന് ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമായെന്ന സൂചന നല്‍കിക്കൊണ്ടുള്ള ഇമെയില്‍ അബദ്ധത്തില്‍ ലഭിച്ചത്.
'പ്രോജക്ട് ഡോണ്‍' (Project Dawn) എന്ന് പേരിട്ടിരിക്കുന്ന ഈ പുനഃസംഘടനാ പദ്ധതിയനുസരിച്ച് ആയിരക്കണക്കിന് കോര്‍പ്പറേറ്റ് ജീവനക്കാരെ പിരിച്ചുവിടാനാണ് ആമസോണ്‍ ലക്ഷ്യമിടുന്നത്. പിരിച്ചുവിടല്‍ നടപടികള്‍ക്ക് മുന്നോടിയായി എഡബ്ല്യുഎസ് (AWS) അപ്ലൈഡ് എഐ സൊല്യൂഷന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് കോലീന്‍ ഓബ്രി ഒപ്പിട്ട ഇമെയിലാണ് അബദ്ധത്തില്‍ ചോര്‍ന്നത്.
അമേരിക്ക, കാനഡ, കോസ്റ്റാറിക്ക എന്നിവിടങ്ങളിലെ ബാധിക്കപ്പെട്ട ജീവനക്കാരെ ഇതിനകം വിവരം അറിയിച്ചതായി ഇമെയിലില്‍ പറയുന്നുണ്ടെങ്കിലും, യഥാര്‍ത്ഥത്തില്‍ കമ്പനി ഔദ്യോഗികമായി അറിയിപ്പുകള്‍ നല്‍കിത്തുടങ്ങിയിരുന്നില്ല. ഇതിന് പിന്നാലെ ബുധനാഴ്ച നിശ്ചയിച്ചിരുന്ന ടീം മീറ്റിംഗുകള്‍ റദ്ദാക്കിയത് ജീവനക്കാര്‍ക്കിടയില്‍ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
കമ്പനിയുടെ ഭാവി വിജയത്തിനായി കഠിനമായ തീരുമാനങ്ങള്‍ എടുക്കേണ്ടി വരുന്നുവെന്നും ഇത് എല്ലാവര്‍ക്കും ബുദ്ധിമുട്ടുള്ള കാര്യമാണെന്നും കോലീന്‍ ഓബ്രിയുടെ ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു. എഐ (AI) സാങ്കേതികവിദ്യയുടെ വളര്‍ച്ചയും വിപണിയിലെ മാറ്റങ്ങളും കണക്കിലെടുത്ത് പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനാണ് കമ്പനി ഈ നീക്കം നടത്തുന്നത്.
കോര്‍പ്പറേറ്റ് ജീവനക്കാരുടെ എണ്ണത്തില്‍ ഏകദേശം 30,000 പേരുടെ കുറവ് വരുത്താനുള്ള വിപുലമായ പദ്ധതിയുടെ ഭാഗമായി ഒക്ടോബറില്‍ ആമസോണ്‍ 14,000 പേരെ പിരിച്ചുവിട്ടതായി കമ്പനി സൂചിപ്പിച്ചിരുന്നു. നിലവിലുള്ള സ്റ്റോറുകള്‍ നിര്‍ത്തലാക്കാനും അവയില്‍ ചിലത് 'ഹോള്‍ ഫുഡ്സ്' (Whole Foods) സ്റ്റോറുകളാക്കി മാറ്റാനുമുള്ള പദ്ധതിയുടെ ഭാഗമായി, ചൊവ്വാഴ്ച ആമസോണ്‍ ഫ്രഷ് ഗ്രോസറി (Fresh grocery), ഗോ മാര്‍ക്കറ്റ് (Go market) വിഭാഗങ്ങളില്‍ നിന്ന് ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. എന്നാല്‍ എത്ര ജീവനക്കാരെയാണ് ഈ നടപടി ബാധിച്ചത് എന്ന വിവരം കമ്പനി പുറത്തുവിട്ടിട്ടില്ല.
ബുധനാഴ്ച പ്രഖ്യാപിക്കാനിരിക്കുന്ന പിരിച്ചുവിടലില്‍ എത്രപേര്‍ക്ക് ജോലി നഷ്ടമാകുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഒക്ടോബറില്‍ സൂചിപ്പിച്ച 30,000 തൊഴിലവസരങ്ങള്‍ ആമസോണിന്റെ ആകെ ജീവനക്കാരായ 15.8 ലക്ഷത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണെങ്കിലും, കമ്പനിയുടെ കോര്‍പ്പറേറ്റ് വര്‍ക്ക്‌ഫോഴ്‌സിന്റെ (Corporate Workforce) ഏകദേശം 10 ശതമാനത്തോളം വരും.
ഇന്ത്യയുള്‍പ്പെടെയുള്ള ആഗോള വിപണികളിലും ഇതിന്റെ പ്രതിഫലനം ഉണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍. ഈ വര്‍ഷം ജനുവരിയില്‍ മാത്രം ഏകദേശം 16,000 ആമസോണ്‍ ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ പുതിയ ഇമെയില്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി പ്രതികരിക്കാന്‍ ആമസോണ്‍ തയ്യാറായിട്ടില്ല.
Amazon's internal email leak reveals major layoff plans under 'Project Dawn' before official announcement.
Read DhanamOnline in English
Subscribe to Dhanam Magazine