ആഗോള ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ തങ്ങളുടെ കോർപ്പറേറ്റ് വിഭാഗത്തിൽ നിന്ന് വീണ്ടും ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. അടുത്തയാഴ്ചയോടെ ഈ നടപടികൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആമസോണിന്റെ മുപ്പത് വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടൽ നടപടിയുടെ ഭാഗമായാണ് ഈ നീക്കം. ഏകദേശം 30,000 കോർപ്പറേറ്റ് തസ്തികകൾ വെട്ടിക്കുറയ്ക്കാനുള്ള കമ്പനിയുടെ വിപുലമായ പദ്ധതിയുടെ രണ്ടാം ഘട്ടമാണിത്.
2025 ഒക്ടോബറിൽ നടന്ന ആദ്യഘട്ട പിരിച്ചുവിടലിൽ ഏകദേശം 14,000 വൈറ്റ് കോളർ ജീവനക്കാർക്ക് ജോലി നഷ്ടമായിരുന്നു. വരാനിരിക്കുന്ന പുതിയ ഘട്ടത്തിലും സമാനമായ അളവിൽ ഉദ്യോഗസ്ഥരെ ബാധിക്കുമെന്നാണ് കരുതുന്നത്. പ്രധാനമായും ആമസോൺ വെബ് സർവീസസ് (AWS), റീട്ടെയിൽ വിഭാഗം, പ്രൈം വീഡിയോ, ഹ്യൂമൻ റിസോഴ്‌സ് (PXT) എന്നീ വിഭാഗങ്ങളെയാണ് ഈ വെട്ടിക്കുറയ്ക്കൽ ബാധിക്കുക. മൊത്തം 15.8 ലക്ഷം ജീവനക്കാരുള്ള ആമസോണിൽ ഭൂരിഭാഗവും വെയർഹൗസുകളിലും ഡെലിവറി മേഖലയിലുമാണ് ജോലി ചെയ്യുന്നത്. എന്നാൽ പുതിയ പിരിച്ചുവിടൽ കമ്പനിയുടെ കോർപ്പറേറ്റ് വർക്ക്ഫോഴ്സിന്റെ 10 ശതമാനത്തോളം വരുമെന്നത് ഗൗരവകരമാണ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) നൽകുന്ന കാര്യക്ഷമതയാണ് പിരിച്ചുവിടലിന് കാരണമായി ആദ്യം ചൂണ്ടിക്കാണിക്കപ്പെട്ടതെങ്കിലും, കമ്പനിയിലെ അനാവശ്യമായ ബ്യൂറോക്രസിയും മാനേജ്‌മെന്റ് ലെയറുകളും ഒഴിവാക്കി 'സ്റ്റാർട്ടപ്പ് സംസ്കാരം' തിരികെ കൊണ്ടുവരാനാണ് ഈ നീക്കമെന്നാണ് സിഇഒ ആൻഡി ജാസി വ്യക്തമാക്കുന്നത്. ഒക്ടോബറിൽ പിരിച്ചുവിടപ്പെട്ടവർക്ക് നൽകിയിരുന്ന 90 ദിവസത്തെ കാലാവധി തിങ്കളാഴ്ച അവസാനിക്കുന്നതിന് തൊട്ടുപിന്നാലെയാകും പുതിയ അറിയിപ്പുകൾ പുറത്തുവരിക. സാമ്പത്തിക ലാഭത്തേക്കാൾ കമ്പനിയുടെ പ്രവർത്തനശൈലി ലളിതമാക്കാനാണ് ഈ പുനഃസംഘടനയെന്നും ആൻഡി ജാസി പറഞ്ഞു.
Amazon plans another massive layoff affecting thousands in its corporate sector, aiming for operational simplification.
Read DhanamOnline in English
Subscribe to Dhanam Magazine