Industry

സിമന്റ് യുദ്ധം കോടതി കയറി! ജെഎസ്ഡബ്ല്യു എല്ലാം അതേപടി കോപ്പിയടിച്ചെന്ന് അംബുജ സിമന്റ്‌സ്

ലോകത്തെ രണ്ടാമത്തെ വലിയ സിമന്റ് വിപണിയാണ് ഇന്ത്യ. മൊത്തം വിപണിയുടെ 30 ശതമാനം വിഹിതം അംബുജ സിമന്റ്‌സിന്റെ കൈവശമാണ്. ജെഎസ്ഡബ്യു സിമന്റ്‌സിന് 5-6 ശതമാനം വിപണി പങ്കാളിത്തമാണുള്ളത്

Dhanam News Desk

സിമന്റ് ഇന്‍ഡസ്ട്രീയിലെ മുന്‍നിര കമ്പനികളായ അംബുജ സിമന്റ്‌സും ജെഎസ്ഡബ്ല്യു സിമന്റ്‌സും തമ്മില്‍ ട്രേഡ് മാര്‍ക്ക് യുദ്ധം കോടതി കയറി. തങ്ങളുടെ ട്രേഡ് മാര്‍ക്ക് ജെഎസ്ഡബ്ല്യു സിമന്റ്‌സ് കോപ്പിയടിച്ചെന്നാണ് അംബുജ സിമന്റ്‌സിന്റെ ആരോപണം. അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് അംബുജ സിമന്റ്‌സ്.

കവച് (Kawach) എന്ന ബ്രാന്‍ഡില്‍ അംബുജ സിമന്റ്‌സ് പുറത്തിറക്കിയ സിമന്റിന് ജല്‍ കവച് (Jal kavach) എന്ന പേരില്‍ ഉത്പന്നമിറക്കിയാണ് ജെഎസ്ഡബ്ല്യു തിരിച്ചടിച്ചത്. അതേസമയം, ജെഎസ്ഡബ്ല്യു സിമന്റ്‌സ് തങ്ങളുടെ ഉത്പന്നത്തെ അതേപടി കോപ്പിയടിക്കുകയായിരുന്നുവെന്നാണ് അംബുജ സിമന്റ്‌സിന്റെ ആരോപണം.

ഡല്‍ഹി ഹൈക്കോടതിയില്‍ അംബുജ സിമന്റ്‌സ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ജെഎസ്ഡബ്ല്യു സിമന്റ്‌സിനും അനുബന്ധ സ്ഥാപനമായ ജെഎസ്ഡബ്ല്യു ഐപി ഹോള്‍ഡിംഗ്‌സിനും കോടതി സമന്‍സ് അയച്ചു. കോടതിക്ക് പുറത്തുവച്ച് ഒത്തുതീര്‍പ്പ് ഉണ്ടായില്ലെങ്കില്‍ ഒക്ടോബര്‍ 15ന് വാദം കേള്‍ക്കല്‍ പുനരാരംഭിക്കും.

ജെഎസ്ഡബ്ല്യു പേര് ഉപയോഗിക്കുന്നത് തടയുന്നതിന് സ്ഥിരമായ ഉത്തരവ് പുറപ്പെടുവിക്കുക, ജെഎസ്ഡബ്ല്യുവിന്റെ ട്രേഡ്മാര്‍ക്ക് അപേക്ഷ പിന്‍വലിക്കുക, നഷ്ടപരിഹാരം നല്‍കുക എന്നിവ ആവശ്യപ്പെട്ടാണ് അംബുജ സിമന്റ്‌സിന്റെ കേസ്. 2019 ല്‍ രജിസ്റ്റര്‍ ചെയ്ത 'അംബുജ കവച്ച്' ട്രേഡ്മാര്‍ക്കും 'വാട്ടര്‍ ഷീല്‍ഡ്' പോലുള്ള അനുബന്ധ ട്രേഡ് മാര്‍ക്കുകളും ഉപയോഗിക്കാനുള്ള അവകാശം തങ്ങള്‍ക്കാണെന്ന് അംബുജ സിമന്റ്‌സ് അവകാശപ്പെടുന്നു.

വിവാദം വന്നവഴി

മെയ് മാസം മുതലാണ് ജെഎസ്ഡബ്ല്യു സിഎച്ച്ഡി ജല്‍ കവച് എന്ന പേരില്‍ തങ്ങളുടെ എതിരാളികള്‍ ഉത്പന്നം പുറത്തിറക്കുകയും ജല്‍ കവച് എന്ന പേര് രജിസ്‌ട്രേഷനായി നല്കുകയും ചെയ്‌തെന്ന് അംബുജ സിമന്റ്‌സ് ആരോപിക്കുന്നു.

അംബുജ സിമന്റ്‌സിന്റെ ഡിസൈനും ലോഗോ പ്ലേസ്‌മെന്റും കളര്‍ തീമുമെല്ലാം അതേപടി കോപ്പിയടിച്ചാണ് ജെഎസ്ഡബ്ല്യു ഉത്പന്നം വില്ക്കുന്നതെന്ന ആക്ഷേപവും അവര്‍ ഉന്നയിക്കുന്നു. 2020ലാണ് അംബുജ സിമന്റ്‌സ് വെള്ളത്തെ പ്രതിരോധിക്കുന്ന സിമന്റ് വിപണിയിലിറക്കിയത്. 17 സംസ്ഥാനങ്ങളില്‍ ഈ ഉത്പന്നം വില്ക്കുന്നുണ്ട്.

ജിന്‍ഡാല്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ജെഎസ്ഡബ്ല്യു സിമന്റ് 2025 മധ്യത്തോടെയാണ് ഇത്തരമൊരു ഉത്പന്നം പുറത്തിറക്കുന്നത്. ബംഗാള്‍, ബീഹാര്‍ വിപണിയിലാണ് ആദ്യം പുറത്തിറക്കിയത്.

ലോകത്തെ രണ്ടാമത്തെ വലിയ സിമന്റ് വിപണിയാണ് ഇന്ത്യ. മൊത്തം വിപണിയുടെ 30 ശതമാനം വിഹിതം അംബുജ സിമന്റ്‌സിന്റെ കൈവശമാണ്. ജെഎസ്ഡബ്യു സിമന്റ്‌സിന് 5-6 ശതമാനം വിപണി പങ്കാളിത്തമാണുള്ളത്. അള്‍ട്രാടെക്, എസിസി, ഡാല്‍മിയ, ശ്രീ സിമന്റ്‌സ് കമ്പനികളും വിപണിയില്‍ സജീവമാണ്.

Ambuja accuses JSW Cement of copying its 'Kawach' brand, leading to a trademark dispute in Delhi High Court

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT