Photo credit: www.facebook.com/goindigo.in 
Industry

അമേരിക്കന്‍ എയര്‍ലൈന്‍സുമായി കോഡ് ഷെയറിങ് കരാറില്‍ ഒപ്പിട്ട് ഇന്‍ഡിഗോ

നിലവില്‍ ഖത്തര്‍ എയര്‍വെയ്സുമായും ടർക്കിഷ് എയര്‍ലൈന്‍സുമായും ഇന്‍ഡിഗോ ഇത്തരത്തില്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

Dhanam News Desk

യാത്രക്കാരുടെ എണ്ണത്തില്‍ ഇന്ത്യയില്‍ ഒന്നാമത് നില്‍ക്കുന്ന വിമാനക്കമ്പനി ഇന്‍ഡിഗോ, അമേരിക്കന്‍ എയര്‍ലൈന്‍സുമായി കോഡ് ഷെയറിങ് കരാറില്‍ എത്തി. ഇരു കമ്പനികളും ധാരണയിലെത്തിയ വണ്‍-വെ കോഡ് ഷെയറിങ് പ്രകാരം ഇന്‍ഡിഗോയുടെ രാജ്യത്തെ 29 റൂട്ടുകളിലെ ആഭ്യന്തര വിമാന ടിക്കറ്റുകള്‍ അമേരിക്കന്‍ എയര്‍ലൈന്‍സിന് അവരുടെ പ്ലാറ്റ്‌ഫോമിലൂടെ വില്‍ക്കാം.

ഇരു രാജ്യങ്ങളിലെയും സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഓക്ടോബറോടെ പുതിയ സേവനം ലഭ്യമാകും. ഈ വര്‍ഷം ഓക്ടോബര്‍ 31ന് ന്യൂയോര്‍ക്ക്- ഡല്‍ഹി സര്‍വീസും അടുത്ത വര്‍ഷം ജനുവരി നാലിന് വാഷിങ്ടണ്‍- ബെംഗളൂരു സര്‍വ്വീസും അമേരിക്കന്‍ എയര്‍ലൈന്‍സ് ആരംഭിക്കും. ഇതിന്റെ ഭാഗമായാണ് കമ്പനി ഇന്‍ഡിഗോയുമയി കരാറിലെത്തിയത്. ഡല്‍ഹിയും ബെംഗളൂരുമെത്തുന്ന തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്ക് യാത്ര ഉറപ്പാക്കുകയാണ് അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ലക്ഷ്യം.

നിലവില്‍ ഇന്‍ഡിഗോയ്ക്ക് ടർക്കിഷ് എയര്‍ലൈന്‍സുമായി ടു-വെ കോഡ് ഷെയറിങ് കരാറും ഖത്തര്‍ എയര്‍വെയ്‌സുമായി വണ്‍-വെ കോഡ് ഷെയറിങ് കരാറും ഉണ്ട്. ഇന്ത്യയില്‍ 70 ഇടങ്ങളിലേക്കും രാജ്യത്തിന് പുറത്ത് 24 നഗരങ്ങളിലേക്കും നിലവില്‍ ഇന്‍ഡിഗോ സര്‍വ്വീസ് നടത്തുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT