Industry

ആര്‍.സി.ഇ.പിക്കെതിരെ അമുല്‍: 'ക്ഷീര മേഖലയെ തകര്‍ക്കരുത്'

Dhanam News Desk

മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുമായി (ആര്‍സിഇപി) സഹകരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ പാല്‍ ബ്രാന്‍ഡായ അമുല്‍. ന്യൂസിലാന്റില്‍ നിന്നും ഓസ്ട്രേലിയയില്‍ നിന്നും ഇന്ത്യയിലേക്കു ക്ഷീരോല്‍പ്പന്നങ്ങള്‍ അമിതമായെത്താന്‍ അവസരമൊരുക്കുന്ന കരാര്‍ ഇവിടത്തെ ക്ഷീര മേഖലയെ തകര്‍ക്കുമെന്ന് അമുലിന്റെ രക്ഷാകര്‍ത്തൃ സ്ഥാനത്തുള്ള ദേശീയ ക്ഷീര വികസന ബോര്‍ഡും ചൂണ്ടിക്കാട്ടി.

താരിഫ് തടസ്സം കുറയ്ക്കുന്നതിനുള്ള ഏത് തീരുമാനവും വിലകുറഞ്ഞ പാല്‍പ്പൊടി ഇറക്കുമതി പ്രോത്സാഹിപ്പിക്കുമെന്ന് എന്‍ഡിഡിബി ചെയര്‍മാന്‍ ദിലീപ് റാവത്ത് കേന്ദ്ര വാണിജ്യ സെക്രട്ടറി അനുപ് വാധ്വാനും മൃഗസംരക്ഷണ സെക്രട്ടറി അതുല്‍ ചതുര്‍വേദിക്കും അയച്ച കത്തില്‍ പറയുന്നു. ഇത് ഇന്ത്യയിലെ ക്ഷീരകര്‍ഷകരുടെ ഉപജീവനമാര്‍ഗത്തെ അപകടത്തിലാക്കും. 'നമ്മുടെ രാജ്യം വീണ്ടും ഇറക്കുമതിയെ ആശ്രയിക്കുന്ന അവസ്ഥയിലേക്ക് തള്ളപ്പെടും, പോഷക സുരക്ഷ  അപകടത്തിലാകും' കത്തില്‍ പറയുന്നു.

നിര്‍ദ്ദിഷ്ട 16 രാജ്യ റീജിയണല്‍ കോംപ്രിഹെന്‍സീവ് ഇക്കണോമിക് പാര്‍ട്ണര്‍ഷിപ്പ് (ആര്‍സിഇപി) സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വാണിജ്യ മന്ത്രാലയവും ക്ഷീരമേഖലയും തമ്മിലുള്ള സുപ്രധാന കൂടിക്കാഴ്ചയ്ക്ക് മുമ്പാണ് എന്‍ഡിഡിബി ചെയര്‍മാന്‍ കത്ത് നല്‍കിയിട്ടുള്ളത്.യോഗത്തില്‍ ഇന്ത്യയിലെ ആഭ്യന്തര, ബഹുരാഷ്ട്ര ക്ഷീര കമ്പനികളുടെ മുതിര്‍ന്ന പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആര്‍സിഇപി ചര്‍ച്ചകളെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും അവരുടെ കാഴ്ചപ്പാടുകള്‍ സമര്‍പ്പിക്കാന്‍  ആവശ്യപ്പെട്ടിട്ടുണ്ട്.കേന്ദ്ര സര്‍ക്കാരിലെ പതിമൂന്ന് സെക്രട്ടറിമാരുടെ എതിര്‍പ്പ് മറികടന്നാണ് ആര്‍സിഇപി കരാറുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോവുന്നതെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു.

ആര്‍സിഇപിയുമായി സഹകരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കേരളത്തിലെ മില്‍മ ഉള്‍പ്പെടെ ക്ഷീര മേഖലയ്ക്ക് കനത്ത തിരിച്ചടിയാവുമെന്നാണു വിലയിരുത്തല്‍.ക്ഷീര ഉദ്പാദനത്തില്‍ മുന്‍പന്തിയിലുള്ള ന്യൂസിലാന്റ്, ബ്രൂണെ, കമ്പോഡിയ, ഓസ്‌ട്രേലിയ, ലാവോസ് തുടങ്ങി പതിനാറ് രാജ്യങ്ങള്‍ കരാരിന്റെ ഭാഗമാണ്. കരാര്‍ പ്രകാരം ഈ രാജ്യങ്ങള്‍ക്ക് പാലും പാലുല്‍പ്പന്നങ്ങളും തീരുവയില്ലാതെ എത്തിക്കാന്‍ കഴിയും. രാജ്യത്തെ പാല്‍ വിപണിയില്‍ വന്‍ വിലയിടിവിന് ഇത് വഴിവെക്കും. കേരളത്തിലെ പത്ത് ലക്ഷത്തോളം ക്ഷീര കര്‍ഷകരെ ദോഷകരമായി ഇത് ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്.

നിലവില്‍ പാല്‍വിപണിയില്‍ സര്‍ക്കാറിനും സഹകരണ മേഖലക്കും കൃത്യമായ നിയന്ത്രണമുണ്ട്. കരാര്‍ വരുന്നതോടെ ഇത് ഇല്ലാതാവും. മില്‍മയും ഈ മേഖലയിലെ മറ്റ് സ്ഥാപനങ്ങളും തിരിച്ചടി നേരിടും. മില്‍മയ്ക്ക് കീഴിലെ 3172 പ്രാഥമിക സഹകരണ സംഘങ്ങളുടെയും നിലനില്‍പ്പ് അപകടത്തിലാകും. ക്ഷീര ഗ്രാമം,ഡയറി സോണുകള്‍ തുടങ്ങിയ പദ്ധതികളേയും ആര്‍സിഇപി കരാര്‍ ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT