Image courtesy: www.amul.com, Canva
Industry

പാലിലാണ് മൂല്യക്കൊഴുപ്പ്! ഇന്ത്യയിലെ മികച്ച അഞ്ചു ഭക്ഷ്യ ബ്രാന്റുകളില്‍ മൂന്നും പാല്‍ കമ്പനികള്‍, പിന്നെ പ്രിയം ബിസ്‌കറ്റിന്, ആയുര്‍വേദ ഉല്‍പന്നങ്ങള്‍ക്ക്‌

ഡൽഹി-എൻസിആർ ആസ്ഥാനമായുള്ള മദർ ഡയറിയാണ് രണ്ടാം സ്ഥാനത്ത്

Dhanam News Desk

ഇന്ത്യയിലെ ഏറ്റവും മികച്ച ഭക്ഷ്യ ബ്രാൻഡുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് അമുൽ. 410 കോടി ഡോളർ ബ്രാൻഡ് മൂല്യവുമായാണ് അമുൽ ഒന്നാം സ്ഥാനത്തുളളത്. ഡൽഹി-എൻസിആർ ആസ്ഥാനമായുള്ള മദർ ഡയറിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. 115 കോടി ഡോളർ ബ്രാൻഡ് മൂല്യമാണ് കമ്പനിക്കുളളത്. യു.കെ ആസ്ഥാനമായുള്ള ബ്രാൻഡ് മൂല്യനിർണയ, കൺസൾട്ടൻസി സ്ഥാപനമായ ബ്രാൻഡ് ഫിനാൻസാണ് പട്ടിക തയാറാക്കിയത്.

ഇന്ത്യയിലെ ഏറ്റവും മികച്ച ഭക്ഷ്യ ബ്രാൻഡുകളുടെ പട്ടികയിൽ ബ്രിട്ടാനിയ മൂന്നാം സ്ഥാനത്തും കർണാടക ആസ്ഥാനമായുള്ള ക്ഷീര സഹകരണ സ്ഥാപനമായ നന്ദിനി നാലാം സ്ഥാനത്തും ഡാബർ അഞ്ചാം സ്ഥാനത്തും എത്തി. ബിസ്‌ക്കറ്റുകളും ബ്രെഡുകളും പാലുൽപ്പന്നങ്ങളും വിൽക്കുന്ന ഇന്ത്യൻ ബഹുരാഷ്ട്ര ഭക്ഷ്യ ഉൽപ്പന്ന കമ്പനിയാണ് ബ്രിട്ടാനിയ. ആയുർവേദ ഉൽപ്പന്നങ്ങളും എഫ്.എം.സി.ജി ഉല്‍പ്പന്നങ്ങളും വില്‍ക്കുന്ന കമ്പനിയാണ് ഡാബർ. ഭക്ഷ്യ ബ്രാൻഡുകളുടെ പട്ടികയിൽ പാലുൽപ്പന്ന കമ്പനികളാണ് മികച്ച പ്രകടനം കാഴ്ചവെക്കുന്നത്.

50 രാജ്യങ്ങളില്‍ സാന്നിധ്യം

ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷനാണ് (GCMMF) അമുൽ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നത്. 36 ലക്ഷം കർഷകരുള്ള ലോകത്തിലെ ഏറ്റവും വലിയ കർഷക ഉടമസ്ഥതയിലുള്ള ക്ഷീര സഹകരണ സ്ഥാപനമാണ് ജിസിഎംഎംഎഫ്. 50 രാജ്യങ്ങളില്‍ പാലും പാലുൽപ്പന്നങ്ങളും അമുൽ വിപണനം ചെയ്യുന്നുണ്ട്. 1,100 കോടി ഡോളര്‍ മൂല്യമുളള (ഏകദേശം 94,331.49 കോടി രൂപ) സ്ഥാപനമാണ് അമുല്‍.

3.2 കോടി ലിറ്റർ പാലാണ് സ്ഥാപനം പ്രതിദിനം ശേഖരിക്കുന്നത്. പാൽ, വെണ്ണ, ചീസ്, നെയ്യ്, ഐസ്ക്രീം എന്നിവയുൾപ്പെടെ 2,400 കോടിയിലധികം പാക്കറ്റ് അമുൽ ഉൽപ്പന്നങ്ങളാണ് പ്രതിവർഷം സ്ഥാപനം വിതരണം ചെയ്യുന്നത്. ലക്ഷക്കണക്കിന് ക്ഷീരകർഷകരുടെ ശക്തമായ പ്രതിബദ്ധതയുടെ ഫലമാണ് നേട്ടമെന്ന് ജിസിഎംഎംഎഫ് എം.ഡി ജയൻ മേത്ത പറഞ്ഞു. ഉപയോക്താക്കൾക്ക് ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ നൽകുന്നതിനുള്ള കൂട്ടായ പരിശ്രമമാണ് സഹകരണ സംഘം നടത്തുന്നത്.

2024-25 ൽ ഏകദേശം 17,500 കോടി രൂപയുടെ വിറ്റുവരവാണ് മദർ ഡയറി നേടിയത്. ഭക്ഷ്യ എണ്ണ, പഴങ്ങള്‍, പച്ചക്കറികള്‍, ശീതീകരിച്ച പച്ചക്കറികള്‍, ലഘുഭക്ഷണങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോയും സ്ഥാപനത്തിനുണ്ട്.

Amul tops India's food brand rankings with ₹94,000 crore valuation and 3.2 crore litres of daily milk procurement.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT