Industry

ഒരു സ്‌കൂപ്പ് ഐസ്‌ക്രീമിന് 750 രൂപ! വന്യജീവി സംരക്ഷണത്തില്‍ നിന്ന് ലക്ഷ്വറി ബിസിനസിലേക്ക് അനന്ത് അംബാനിയുടെ 'വന്‍താര'

മുബൈയിലെ ജിയോ വേള്‍ഡ് ഡ്രൈവില്‍ (Jio World Drive) ഒരു എക്‌സ്പീരിയന്‍ഷ്യല്‍ ഐസ്‌ക്രീം ട്രക്ക് വഴിയായിരുന്നു ബ്രാന്‍ഡിന്റെ ലോഞ്ച്

Dhanam News Desk

ഒരു സ്‌കൂപ്പ് ഐസ്‌ക്രീമിന് നിങ്ങള്‍ പരമാവധി എത്ര രൂപ കൊടുക്കും? 50 രൂപ, 100 രൂപ, അല്ലെങ്കില്‍ ഒരു പ്രീമിയം പാര്‍ലറിലാണെങ്കില്‍ 200 രൂപ. എന്നാല്‍ ഒരു സ്‌കൂപ്പിന് കൃത്യം 750 രൂപ (നികുതി പുറമെ) വിലയുള്ള ഒരു ഐസ്‌ക്രീം ബ്രാന്‍ഡ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കഴിഞ്ഞു. ചില സിഗ്‌നേച്ചര്‍ ഫ്‌ളേവറുകള്‍ക്ക് വില 1,000 രൂപ വരെയാകും!

ഗുജറാത്തിലെ ജാംനഗറിലുള്ള ലോകത്തിലെ ഏറ്റവും വലിയ വന്യജീവി സംരക്ഷണ-പുനരധിവാസ കേന്ദ്രമായ 'വന്‍താര'യിലൂടെ ശ്രദ്ധേയനായ റിലയന്‍സ് ഗ്രൂപ്പിന്റെ അനന്ത് അംബാനിയാണ് 'വന്‍താര ക്രീമറി' (Vantara Creamery) എന്ന പേരില്‍ ഈ ലക്ഷ്വറി ഐസ്‌ക്രീം ബ്രാന്‍ഡുമായി ഫുഡ് ആന്‍ഡ് ബിവറേജ് (F&B) രംഗത്തേക്ക് ചുവടുവെച്ചിരിക്കുന്നത്. മുബൈയിലെ ജിയോ വേള്‍ഡ് ഡ്രൈവില്‍ (Jio World Drive) ഒരു എക്‌സ്പീരിയന്‍ഷ്യല്‍ ഐസ്‌ക്രീം ട്രക്ക് വഴിയായിരുന്നു ബ്രാന്‍ഡിന്റെ ലോഞ്ച്.

എന്തുകൊണ്ടാണ് ഇത്ര വില?

സാധാരണ ഐസ്‌ക്രീമുകളില്‍ നിന്നും വന്‍താര ക്രീമറിയെ വ്യത്യസ്തമാക്കുന്നത് അതിന്റെ പ്രീമിയം ചേരുവകളും നിര്‍മ്മാണ രീതിയുമാണ്. ഇന്ത്യയിലെ ഏറ്റവും പ്രീമിയം വിഭാഗത്തില്‍പ്പെടുന്ന ഗിര്‍ പശുക്കളുടെ എ2 പാലാണ് ഈ ഐസ്‌ക്രീമുകളുടെ പ്രധാന ചേരുവ. ഇത് ഐസ്‌ക്രീമിന് കൂടുതല്‍ ക്രീമിയായ ടെക്‌സ്ചറും തനത് രുചിയും നല്‍കുന്നു.

വന്‍തോതില്‍ ഫാക്ടറികളില്‍ നിര്‍മ്മിക്കുന്നതിന് പകരം, ഗുണനിലവാരം ഉറപ്പാക്കാന്‍ ചെറിയ ബാച്ചുകളായി കൈകൊണ്ട് (Handmade) മാത്രമാണ് ഇവ തയ്യാറാക്കുന്നത്.

ഇന്ത്യന്‍ രുചികള്‍ക്കും നൊസ്റ്റാള്‍ജിയയ്ക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള 17 ഫ്‌ളേവറുകളാണ് വന്‍താര അവതരിപ്പിച്ചിരിക്കുന്നത്. മിലായ് കുല്‍ഫി, ഫില്‍ട്ടര്‍ കോഫി എന്നിവയ്ക്ക് പുറമെ 'ഗുവ ചില്ലി' (പേരയ്ക്ക-മുളക് ഫ്‌ളേവര്‍), 'ലെമണ്‍ സോര്‍ബെറ്റ്' തുടങ്ങിയ വ്യത്യസ്തമായ കോമ്പിനേഷനുകളും ഇതിലുണ്ട്.

വന്യജീവി സംരക്ഷണവും കോര്‍പ്പറേറ്റ് ഡയറിയും

അനിമല്‍ വെല്‍ഫെയര്‍ ബ്രാന്‍ഡിംഗും ലക്ഷ്വറി ഡയറി ബിസിനസും തമ്മിലുള്ള ഈ വേറിട്ട പരീക്ഷണത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. വന്‍താരയുടെ ഔദ്യോഗിക പേജില്‍ പങ്കുവെച്ച ഐഐ (AI) ജനറേറ്റഡ് പ്രൊമോഷന്‍ വീഡിയോയില്‍ ഒരു കടുവ മുംബൈ തെരുവിലൂടെ വന്താര ക്രീമറി വാനിനൊപ്പം നീങ്ങുന്ന ദൃശ്യങ്ങള്‍ ബിസിനസ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ഇന്ത്യയിലെ അതിവേഗം വളരുന്ന പ്രീമിയം, ആര്‍ട്ടിസാനല്‍ ഡെസേര്‍ട്ട് (Gourmet Desserts) മാര്‍ക്കറ്റിലേക്ക് റിലയന്‍സ് കുടുംബത്തില്‍ നിന്നുള്ള ഈ പുതിയ എന്‍ട്രി വരുംദിവസങ്ങളില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. പ്രീമിയം ലൈഫ് സ്‌റ്റൈല്‍ ഉത്പന്നങ്ങളിലേക്ക് വന്താര ബ്രാന്‍ഡ് നെയിം വ്യാപിപ്പിക്കുന്നതിന്റെ ആദ്യപടിയാണ് ഈ ലക്ഷ്വറി ഐസ്‌ക്രീം വെഞ്ച്വര്‍.

Anant Ambani has entered India’s luxury dessert market with Vantara Creamery, offering handcrafted premium ice creams priced up to ₹1,000 per scoop

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT