Image courtesy: Canva
Industry

ഐ.ടി കമ്പനികളെ വെട്ടിലാക്കിയ ആന്ത്രോപ്പിക് കുതിക്കുന്നു: വിപണി മൂല്യം ഇരട്ടിയായി, 3,000 കോടി ഡോളർ ഫണ്ടിംഗ് സ്വന്തം

എ.ഐ വ്യവസായത്തിൽ നിക്ഷേപകർക്കുള്ള വമ്പിച്ച താൽപ്പര്യം വ്യക്തമാക്കുന്നതാണ് ഈ വലിയ നിക്ഷേപം

Dhanam News Desk

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലെ പ്രമുഖ സ്റ്റാർട്ടപ്പായ ആന്ത്രോപിക് (Anthropic) പുറത്തിറക്കിയ പുത്തൻ സാങ്കേതികവിദ്യകൾ ഐ.ടി മേഖലയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. കമ്പനി അവതരിപ്പിച്ച എ.ഐ ഓട്ടോമേഷൻ ടൂൾ, സാധാരണയായി ഐ.ടി കമ്പനികൾ ജീവനക്കാരെ ഉപയോഗിച്ച് ചെയ്യിക്കുന്ന സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ്, ടെസ്റ്റിംഗ്, ഡാറ്റ അനാലിസിസ് തുടങ്ങിയ ജോലികൾ തനിയെ ചെയ്യാൻ പ്രാപ്തമാണ്.

ഐ.ടി കമ്പനികളുടെ വരുമാനത്തിന്റെ 40-70 ശതമാനം വരുന്നത് ഇത്തരം സേവനങ്ങളിൽ നിന്നാണ്. നിയമസഹായം, ഫിനാൻസ്, സെയിൽസ് തുടങ്ങിയ മേഖലകളിൽ 'ഡിജിറ്റൽ ജീവനക്കാരെ' (Digital Employees) പോലെ പ്രവർത്തിക്കാൻ എ.ഐ ക്ക് കഴിയുന്നത്, മനുഷ്യപ്രയത്നം ആവശ്യമുള്ള പരമ്പരാഗത ഐ.ടി സേവന ജോലികളെ പ്രതിസന്ധിയിലാക്കുന്നു.

നിക്ഷേപവുമായി പ്രമുഖ കമ്പനികള്‍

ഇതിനിടെ ആന്ത്രോപിക് (Anthropic) തങ്ങളുടെ ഏറ്റവും പുതിയ ഫണ്ടിംഗ് റൗണ്ടിലൂടെ 30 ബില്യൺ ഡോളറാണ് സമാഹരിച്ചിരിക്കുന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം ഇരട്ടിയായി വർദ്ധിച്ച് 380 ബില്യൺ ഡോളറിലെത്തി. എഐ വ്യവസായത്തിൽ നിക്ഷേപകർക്കുള്ള വമ്പിച്ച താൽപ്പര്യമാണ് ഈ വലിയ നിക്ഷേപം വ്യക്തമാക്കുന്നത്.

മൈക്രോസോഫ്റ്റ്, എൻവിഡിയ എന്നീ കമ്പനികളുടെ നിക്ഷേപവും ഇതിൽ ഉൾപ്പെടുന്നു. ഗൂഗിൾ, ആമസോൺ എന്നിവയുടെ പിന്തുണയും നേരത്തെ തന്നെ ആന്ത്രോപിക്കിനുണ്ട്. നിലവിൽ ആന്ത്രോപിക്കിന്റെ ആകെ വാർഷിക വരുമാന നിരക്ക് (Run-rate revenue) 14 ബില്യൺ ഡോളറാണ്.

ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ സ്വീകാര്യത

കോഡിംഗിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്ന 'ക്ലോഡ് കോഡ്' (Claude Code) എന്ന ഉൽപ്പന്നത്തിന് ഡെവലപ്പർമാർക്കിടയിൽ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. ഇതിൽ നിന്നുള്ള വരുമാനം മാത്രം 2.5 ബില്യൺ ഡോളറിലധികം കവിഞ്ഞു. ബിസിനസ് സബ്‌സ്‌ക്രിപ്‌ഷനുകൾ നാലിരട്ടിയായി വർദ്ധിച്ചതോടെ എന്റർപ്രൈസ് എഐ വിപണിയിൽ കമ്പനി ശക്തമായ സാന്നിധ്യമായി മാറി.

മറ്റ് ടെക് കമ്പനികളിൽ നിന്ന് വ്യത്യസ്തമായി, എഐ മേഖലയിൽ നിയന്ത്രണങ്ങൾ (Regulation) കൊണ്ടുവരണമെന്ന നിലപാടാണ് ആന്ത്രോപിക് സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി എഐ നിയന്ത്രണങ്ങളെ പിന്തുണയ്ക്കുന്ന യുഎസ് രാഷ്ട്രീയ സ്ഥാനാർത്ഥികൾക്കായി 20 മില്യൺ ഡോളർ നൽകാൻ കമ്പനി പദ്ധതിയിടുന്നു. സാങ്കേതികവിദ്യ കേവലം സ്വന്തം താൽപ്പര്യങ്ങൾക്കല്ല, മറിച്ച് പൊതുനന്മയ്ക്കായി ഉപയോഗിക്കപ്പെടുന്നു എന്ന് ഉറപ്പാക്കാൻ നിർമ്മാതാക്കൾക്ക് ഉത്തരവാദിത്തമുണ്ടെന്നും കമ്പനി പറയുന്നു.

Anthropic raised $30 billion, doubling its valuation to $380 billion, as its AI automation and Claude Code gain strong enterprise traction.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT