പ്രമുഖ മൊബൈല്‍ നിര്‍മാതാക്കളായ ആപ്പിള്‍ ഇന്ത്യയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിന്റെ ഭാഗമായി ഐഫോണിന്റെ ക്യാമറ മൊഡ്യൂള്‍ നിര്‍മിക്കാന്‍ പുതിയ പങ്കാളികളെ തേടുന്നു. ടാറ്റാ ഗ്രൂപ്പിന്റെ ടൈറ്റന്‍, ചെന്നൈ ആസ്ഥാനമായുള്ള മുരുഗപ്പ ഗ്രൂപ്പ് എന്നീ കമ്പനികളുമായുള്ള ആപ്പിളിന്റെ ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ ക്യാമറ മൊഡ്യൂള്‍ ഉള്‍പ്പെടുന്ന ഭാഗങ്ങള്‍ ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിര്‍മിച്ച് ഇന്ത്യയിലെ ഫാക്ടറികളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. ഇന്ത്യയില്‍ തന്നെ ഇത്തരം നിര്‍മാണ ഘടകങ്ങള്‍ ലഭ്യമാക്കുകയെന്ന ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായിട്ടാണ് ആപ്പിളിന്റെ നീക്കം.
♦ ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്ഡേറ്റുകളും ലഭിക്കാന്‍ അംഗമാകൂ: വാട്‌സ്ആപ്പ്, ടെലഗ്രാം
ചര്‍ച്ചകള്‍ ഫലപ്രാപ്തിയില്‍ എത്തിയാല്‍ അനുബന്ധ ഘടകങ്ങള്‍ക്കായി ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാനും സാധിക്കും. ആപ്പിളിന് നിലവില്‍ ക്യാമറ മൊഡ്യൂള്‍ നല്‍കുന്നതിന് ഇന്ത്യന്‍ വിതരണക്കാരില്ല. ടൈറ്റനും മുരുഗപ്പയ്ക്കും വിപുലമായ ഉത്പാദന സംവിധാനങ്ങളും ഉണ്ട്. ഇത് പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.
ലക്ഷ്യം ഇന്ത്യന്‍ പ്രാതിനിധ്യം കൂട്ടല്‍
ആപ്പിള്‍ ഐഫോണിന്റെ പ്രധാന ഭാഗങ്ങളിലൊന്നാണ് ക്യാമറ മൊഡ്യൂള്‍സ്. ഇന്ത്യയിലെ നിര്‍മാണ വിപുലീകരണത്തിന് ഏറ്റവും വലിയ പ്രതിസന്ധിയും ഈ ഭാഗത്തിന്റെ ലഭ്യതക്കുറവാണ്. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഐഫോണിന്റെ 50 ശതമാനം നിര്‍മാണ ഘടകങ്ങളും ഇന്ത്യയില്‍ തന്നെ ലഭ്യമാക്കുകയെന്നതാണ് ആപ്പിളിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായിട്ടാണ് ഇരുകമ്പനികളുമായി സഹകരണ വഴികള്‍ തേടുന്നത്.
എന്‍ജിനിയറിംഗ് മുതല്‍ കൃഷിയും ഫിനാന്‍ഷ്യല്‍ സര്‍വീസും ഉള്‍പ്പെടുന്ന മുരുഗപ്പ ഗ്രൂപ്പില്‍ 73,000ത്തിലധികം പേര്‍ ജോലി ചെയ്യുന്നുണ്ട്. കമ്പനി അടുത്തിടെ നോയിഡ ആസ്ഥാനമായ ക്യാമറ മൊഡ്യൂള്‍ നിര്‍മാതാക്കളായ മോസിന്‍ ഇലക്ട്രോണിക്‌സിന്റെ 76 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയിരുന്നു. ആപ്പിളിന്റെ ആവശ്യകത നിറവേറ്റാന്‍ മോസിന്‍ വഴി മുരുഗപ്പ ഗ്രൂപ്പിന് സാധിക്കും.
ചൈനയില്‍ നിന്ന് ഉത്പാദനം മാറ്റുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ ടാറ്റ ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള കമ്പനികളെ ഉള്‍പ്പെടുത്തി നെറ്റ്വര്‍ക്ക് സ്ഥാപിച്ചു വരികയാണ് ആപ്പിള്‍. ഫോക്സ്‌കോണ്‍, പെഗാട്രോണ്‍, ടാറ്റയുടെ ഉടമസ്ഥതയിലുള്ള വിസ്ട്രോണ്‍ എന്നിങ്ങനെ മൂന്ന് കോണ്‍ട്രാക്ട് മാനുഫക്ചറിംഗ് കമ്പനികളാണ് ആപ്പിളിന് ഇന്ത്യയിലുള്ളത്.
Read DhanamOnline in English
Subscribe to Dhanam Magazine