കിഴക്കേ ഇന്ത്യയിലെ മുൻനിര ചരക്ക് നീക്ക കേന്ദ്രമായ ഒഡീഷയിലെ പാരാദീപ് പോർട്ടിൽ സാന്നിധ്യം ഉറപ്പിച്ച് അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് (APSEZ). പോർട്ടിലെ സിക്യു-I, സിക്യു-II (CQ-I, CQ-II) ഡ്രൈ ബൾക്ക് ബർത്തുകളുടെ വികസനത്തിനും പ്രവർത്തനത്തിനുമുള്ള ഏറ്റവും ഉയർന്ന ലേലത്തുക സമർപ്പിച്ച അദാനി പോർട്സിന് ഇതുസംബന്ധിച്ച ലെറ്റർ ഓഫ് അവാർഡ് (LoA) ലഭിച്ചു.
30 വർഷത്തെ പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ്പ് (PPP) മാതൃകയിലാണ് പദ്ധതി നടപ്പാക്കുന്നത്. പ്രതിവർഷം 18 ദശലക്ഷം മെട്രിക് ടൺ (MMT) ചരക്കുനീക്ക ശേഷി അധികമായി നൽകുന്നതാണ് ഈ പുതിയ സംരംഭം.
പുതിയ പദ്ധതി കൈവന്നതോടെ അദാനി പോർട്സിന്റെ ആകെ പോർട്ട്ഫോളിയോ ശേഷി 653 എം.എം.ടിയിൽ നിന്ന് 671 എം.എം.ടി ആയി ഉയർന്നതായി കമ്പനി വ്യക്തമാക്കി. 2030-ഓടെ പ്രതിവർഷം 100 കോടി ടൺ (1 ബിസിനസ് ബില്യൺ) ചരക്കുനീക്കം കൈവരിക്കുകയെന്ന അദാനി ഗ്രൂപ്പിന്റെ ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെയ്പ്പാണിത്.
കിഴക്കൻ തീരത്ത് ഹാൽദിയ, ധമ്ര, ഗോപാൽപൂർ, ഗംഗാവരം എന്നീ തുറമുഖങ്ങളിലായി നിലവിലുള്ള 140 എം.എം.ടി ശേഷിക്ക് പുറമെയാണ് പാരാദീപിലെ പുതിയ കൂട്ടിച്ചേർക്കൽ. ഇന്ത്യയിലെ 11,000 കിലോമീറ്റർ തീരദേശത്ത് അദാനി പോർട്സിന്റെ ശൃംഖല 16 തുറമുഖങ്ങളിലേക്കും ടെർമിനലുകളിലേക്കുമായി ഇതോടെ വികസിച്ചു.
ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രധാന തുറമുഖമായ പാരാദീപ്, ഇരുമ്പുരുക്ക് വ്യവസായശാലകളും ഖനന സമ്പത്തുമുള്ള കിഴക്കൻ-മധ്യ ഇന്ത്യയിലെ വ്യവസായ മേഖലകളിലേക്ക് നേരിട്ടുള്ള പ്രധാന പാതയാണ്. കൽക്കരി, ചുണ്ണാമ്പുകല്ല് (Limestone) തുടങ്ങിയ ഡ്രൈ ബൾക്ക് ഉൽപ്പന്നങ്ങളുടെ കടത്തുശേഷി വർധിപ്പിക്കാൻ ഇത് സഹായിക്കും. ആധുനിക യന്ത്രസാമഗ്രികൾ, ആഴമേറിയ ബെർത്ത്, വിപുലമായ സ്റ്റോറേജ് സൗകര്യങ്ങൾ എന്നിവയോടെയാണ് സിക്യു-1, സിക്യു-2 ബെർത്തുകൾ അദാനി സജ്ജമാക്കുക.
ഇന്ത്യയിലെ ആഭ്യന്തര ചരക്കുനീക്കത്തിന്റെ 27 ശതമാനത്തോളവും നിലവിൽ കൈകാര്യം ചെയ്യുന്നത് അദാനി പോർട്സാണ്. വിദേശ രാജ്യങ്ങളായ ഓസ്‌ട്രേലിയ, ശ്രീലങ്ക (കൊളംബോ), ഇസ്രായേൽ, ടാൻസാനിയ എന്നിവിടങ്ങളിലും കമ്പനിക്ക് തുറമുഖ ശൃംഖലകളുണ്ട്.
Adani Ports emerges as the highest bidder for 18 MMT capacity dry bulk berths at Odisha's Paradip port under a 30-year concession.
Read DhanamOnline in English
Subscribe to Dhanam Magazine