ഫോബ്‌സ് മാസിക പുറത്തുവിട്ട 2026-ലെ ലോകത്തിലെ ഏറ്റവും മികച്ച 50 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനികളുടെ പട്ടികയിൽ (Forbes AI 50) ഇടംപിടിച്ച് സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ഡെക്കഗൺ (Decagon) . കസ്റ്റമർ സർവീസ് രംഗത്ത് നിര്‍മ്മിതബുദ്ധി ഉപയോഗിച്ച് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന ഈ സ്റ്റാർട്ടപ്പ്, വെറും രണ്ട് വർഷത്തിനുള്ളിൽ 4.5 ബില്യൺ ഡോളർ മൂല്യമുള്ള യൂണികോണായി മാറിയിരിക്കുകയാണ്.
ഡെക്കഗണിന്റെ സഹസ്ഥാപകനും പ്രസിഡന്റുമായ അശ്വിൻ ശ്രീനിവാസ് ഈ വിജയത്തിന്റെ പ്രധാന ചാലകശക്തിയാണ്. സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം, ഫ്രെഡറിക് ടെർമാൻ എഞ്ചിനീയറിംഗ് അവാർഡ് ജേതാവ് കൂടിയാണ്. ഡെക്കഗണിന് മുമ്പ് അദ്ദേഹം സ്ഥാപിച്ച 'ഹെലിയ' (Helia) എന്ന കമ്പനി സ്കെയിൽ എഐ ഏറ്റെടുത്തിരുന്നു. ഫോർബ്‌സ് പട്ടികയിൽ ഇടംപിടിച്ചത് തങ്ങളുടെ ഉപഭോക്താക്കൾക്കും ടീമിനും നിക്ഷേപകർക്കും ലഭിച്ച വലിയൊരു അംഗീകാരമാണെന്ന് അശ്വിൻ പറയുന്നു.
2023 ൽ ജെസ്സി സാങ്ങിനൊപ്പം അശ്വിൻ സ്ഥാപിച്ച ഡെക്കഗണിന്റെ കസ്റ്റമർ സർവീസിലെ എ.ഐ കോൺസിയേർജ് കമ്പനികൾക്കായി മനുഷ്യസഹജമായ രീതിയിൽ സംസാരിക്കുന്ന എഐ ഏജന്റുകളെയാണ് നിർമ്മിക്കുന്നത്. ഡുവോളിംഗോ, ഹെർട്‌സ്, നോഷൻ, ബിൾട്ട് തുടങ്ങിയ പ്രമുഖ കമ്പനികൾ ഡെക്കഗണിന്റെ സേവനം ഉപയോഗിക്കുന്നു.
ഉൽപ്പന്നങ്ങൾ തിരിച്ചെടുക്കുകയോ സബ്‌സ്‌ക്രിപ്‌ഷനുകൾ റദ്ദാക്കുകയോ പോലുള്ള ജോലികൾ 80 ശതമാനം കൃത്യതയോടെയും മനുഷ്യസഹായമില്ലാതെയും പൂർത്തിയാക്കാൻ ഇവയ്ക്ക് സാധിക്കും. ഇത് കമ്പനികളുടെ പ്രവർത്തന ചെലവ് 65 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കുന്നു. Andreessen Horowitz, Accel തുടങ്ങിയ വമ്പൻ നിക്ഷേപകരിൽ നിന്ന് 481 മില്യൺ ഡോളറിലധികം ഫണ്ട് ഡെക്കഗൺ സമാഹരിച്ചിട്ടുണ്ട്.
എട്ടാമത് വാർഷിക ഫോബ്‌സ് എഐ 50 പട്ടിക, ലോകത്തിലെ ഏറ്റവും മികച്ച പ്രകടന ശേഷിയുളള സ്വകാര്യ എഐ കമ്പനികളെയാണ് അടയാളപ്പെടുത്തുന്നത്. ബിസിനസ് സാധ്യതകളും സാങ്കേതിക മികവും മുൻനിർത്തി നൂറുകണക്കിന് അപേക്ഷകളിൽ നിന്നാണ് ഡെക്കഗൺ ഉൾപ്പെടെയുള്ള 20 പുതിയ കമ്പനികളെ ഈ വർഷം തിരഞ്ഞെടുത്തത്. ഈ പട്ടികയിലെ കമ്പനികൾ ആകെ 305.6 ബില്യൺ ഡോളർ നിക്ഷേപം സമാഹരിച്ചിട്ടുണ്ട് എന്നത് ആഗോളതലത്തിൽ എഐ മേഖലയിലുള്ള വമ്പിച്ച വളർച്ചയെ വ്യക്തമാക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine