Image by Canva 
Banking, Finance & Insurance

ഭവന വായ്പ എടുക്കുന്നവര്‍ ശ്രദ്ധിക്കുക; പലിശ മാത്രമല്ല, പോക്കറ്റ് ചോര്‍ത്താന്‍ ഈ 7 'ഹിഡന്‍' ചാര്‍ജുകളും!

വായ്പാ കരാറിലെ ചെറു അക്ഷരങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന അധിക നിരക്കുകള്‍ നിങ്ങളുടെ സാമ്പത്തിക പ്ലാനിംഗിനെ തെറ്റിച്ചേക്കാം

Dhanam News Desk

സ്വന്തമായി ഒരു വീട് എന്നത് ഏതൊരാളുടെയും സ്വപ്നമാണ്. ഈ സ്വപ്ന സാക്ഷാത്കാരത്തിനായി ബാങ്കുകളെ സമീപിക്കുമ്പോള്‍ ഭൂരിഭാഗം പേരും ശ്രദ്ധിക്കുന്നത് പലിശ നിരക്കുകള്‍ മാത്രമാണ്. എന്നാല്‍ പലിശയ്ക്ക് പുറമെ വായ്പാ കരാറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മറ്റ് ഏഴ് പ്രധാന നിരക്കുകള്‍ നിങ്ങളുടെ ബാധ്യത ലക്ഷക്കണക്കിന് രൂപ വര്‍ധിപ്പിക്കാന്‍ കാരണമായേക്കാം.

വായ്പ എടുക്കുന്നതിന് മുന്‍പ് ഓരോ ഉപഭോക്താവും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ആ 7 നിരക്കുകള്‍ ഇവയാണ്:

1. പ്രോസസിംഗ്, ലീഗല്‍ ഫീസുകള്‍

വായ്പ അനുവദിക്കുന്നതിനായി ബാങ്കുകള്‍ ഈടാക്കുന്ന പ്രോസസിംഗ് ഫീ സാധാരണയായി വായ്പാ തുകയുടെ കാല്‍ ശതമാനം മുതല്‍ ഒരു ശതമാനം വരെയാണ്. ഇതിന് പുറമെ വസ്തുവിന്റെ ഉടമസ്ഥാവകാശം പരിശോധിക്കുന്നതിനുള്ള ലീഗല്‍ ഫീസും (Legal Fee), മതിപ്പുവില നിശ്ചയിക്കുന്നതിനുള്ള ടെക്‌നിക്കല്‍ ഫീസും ഉപഭോക്താവ് നല്‍കേണ്ടി വരും. ഇവ 5,000 രൂപ മുതല്‍ 15,000 രൂപ വരെയാകാം.

2. പ്രീ-പെയ്മെന്റ് പെനാല്‍റ്റി

വായ്പ കാലാവധിക്ക് മുന്‍പേ അടച്ചുതീര്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ് പലപ്പോഴും ബാങ്കുകള്‍ പിഴ ഈടാക്കുന്നത്. ഫ്‌ളോട്ടിംഗ്‌ റേറ്റ് വായ്പകള്‍ക്ക് ആര്‍.ബി.ഐ നിര്‍ദ്ദേശപ്രകാരം പിഴയില്ലെങ്കിലും, ഫിക്‌സഡ് റേറ്റ് വായ്പകള്‍ക്ക് കുടിശിക തുകയുടെ 4 ശതമാനം വരെ പിഴ ഈടാക്കാന്‍ ബാങ്കുകള്‍ക്ക് സാധിക്കും.

3. കണ്‍വേര്‍ഷന്‍ ചാര്‍ജുകള്‍

വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് പലിശ നിരക്ക് രീതി മാറ്റാന്‍ ബാങ്ക് അനുവദിക്കാറുണ്ട്. ഉദാഹരണത്തിന് ഫിക്‌സഡ് റേറ്റില്‍ നിന്ന് ഫ്‌ളോട്ടിംഗ് റേറ്റിലേക്ക് മാറാനാകും. എന്നാല്‍ ഇതിനായി വായ്പാ തുകയുടെ കാല്‍ ശതമാനം മുതല്‍ അര ശതമാനം വരെ കണ്‍വേര്‍ഷന്‍ ഫീസായി നല്‍കേണ്ടി വരും.

4. ബാലന്‍സ് ട്രാന്‍സ്ഫര്‍ ചെലവുകള്‍

കുറഞ്ഞ പലിശ വാഗ്ദാനം ചെയ്യുന്ന മറ്റൊരു ബാങ്കിലേക്ക് വായ്പ മാറ്റുമ്പോഴും ശ്രദ്ധിക്കണം. പുതിയ ബാങ്ക് വീണ്ടും പ്രോസസിംഗ് ഫീസും ലീഗല്‍ ചാര്‍ജുകളും ഈടാക്കും. ഈ ചെലവുകള്‍ ലാഭത്തേക്കാള്‍ കൂടുതലാണോ എന്ന് പരിശോധിച്ച ശേഷം മാത്രം വായ്പ മാറ്റുക.

5. ഇ.എം.ഐ വൈകിയാലുള്ള പിഴ

മാസത്തവണകള്‍ കൃത്യസമയത്ത് അടയ്ക്കാതിരുന്നാല്‍ കുടിശിക തുകയുടെ മൂന്ന് ശതമാനം വരെ പിഴ പലിശയായി ഈടാക്കാം. ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെയും ബാധിക്കും.

6. നിര്‍ബന്ധിത ഇന്‍ഷുറന്‍സ്

പലപ്പോഴും ബാങ്കുകള്‍ വായ്പയോടൊപ്പം ഇന്‍ഷുറന്‍സ് പോളിസികളും എടുക്കാന്‍ ഉപഭോക്താക്കളെ നിര്‍ബന്ധിക്കാറുണ്ട്. പ്രോപ്പര്‍ട്ടി ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണെങ്കിലും ലോണ്‍ പ്രൊട്ടക്ഷന്‍ ഇന്‍ഷുറന്‍സ് എടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഉപഭോക്താവിനുണ്ട്.

നിങ്ങളുടെ വായ്പാ ദാതാവ് നിര്‍ദ്ദേശിക്കുന്ന ഇന്‍ഷുറന്‍സ് പങ്കാളിയെ തന്നെ തിരഞ്ഞെടുക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. വിപണിയിലെ മറ്റ് ഇന്‍ഷുറന്‍സ് നിരക്കുകള്‍ കൂടി താരതമ്യം ചെയ്ത് ഏറ്റവും ലാഭകരമായത് തിരഞ്ഞെടുക്കുന്നത് വായ്പാ കാലാവധിയിലുടനീളം വലിയൊരു തുക ലാഭിക്കാന്‍ നിങ്ങളെ സഹായിക്കും.

7. സെര്‍സായ് (CERSAI) ചാര്‍ജുകള്‍

ഒരേ വസ്തു പണയപ്പെടുത്തി ഒന്നിലധികം വായ്പകള്‍ എടുക്കുന്നത് തടയാനുള്ള രജിസ്‌ട്രേഷന്‍ ഫീസാണിത്. 5 ലക്ഷത്തിന് മുകളിലുള്ള വായ്പകള്‍ക്ക് 100 രൂപയും ജി.എസ്.ടിയുമാണ് ഈടാക്കുന്നത്. തുക കുറവാണെങ്കിലും വായ്പ അവസാനിക്കുമ്പോള്‍ ഈ റെക്കോര്‍ഡ് അപ്‌ഡേറ്റ് ചെയ്‌തെന്ന് ഉറപ്പുവരുത്തണം.

ഭവന വായ്പാ കരാര്‍ എന്നത് ദീര്‍ഘകാലത്തേക്കുള്ള ഒരു സാമ്പത്തിക ബാധ്യതയാണ്, അതിനാല്‍ അത് അതീവ ശ്രദ്ധയോടെ പരിശോധിക്കേണ്ടതുണ്ട്. വായ്പാ കരാറിലെ ഓരോ പേജും വ്യക്തമായി വായിക്കുക, ഓരോ നിരക്കിനെക്കുറിച്ചും കൃത്യമായ ചോദ്യങ്ങള്‍ ചോദിക്കുക, അന്തിമ തീരുമാനമെടുക്കുന്നതിന് മുന്‍പ് വായ്പയ്ക്കായി ആകെ ചെലവാകുന്ന തുക കണക്കുകൂട്ടുക.

7 hidden charges in your home loan agreement that can significantly increase your repayment burden.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT