രാജ്യത്തെ ഔദ്യോഗിക വായ്പാ വിപണിയില്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ വിപ്ലവകരമായ മാറ്റവും മുന്നേറ്റവുമുണ്ടായതായി ട്രാന്‍സ് യൂണിയന്‍ സിബിലിന്റെ പുതിയ പഠന റിപ്പോര്‍ട്ട്. 'അണ്‍ലോക്കിംഗ് ആക്‌സസ്: ജേര്‍ണി ഓഫ് ക്രെഡിറ്റ് എക്‌സ്പാന്‍ഷന്‍ ഇന്‍ ഇന്ത്യ' എന്ന പേരില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ 2017 മാര്‍ച്ച് മുതല്‍ 2026 മാര്‍ച്ച് വരെയുള്ള കാലയളവിലെ വിവരങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇക്കാലയളവില്‍ രാജ്യത്ത് വായ്പയെടുക്കാന്‍ യോഗ്യതയുള്ള ജനസംഖ്യ 79 കോടിയില്‍ നിന്ന് 89 കോടിയായി ഉയര്‍ന്നു.
ഇതില്‍ എടുത്തുപറയേണ്ടത്, രാജ്യത്ത് യോഗ്യതയുള്ളവരില്‍ ഒരിക്കലെങ്കിലും റീറ്റെയ്ല്‍ വായ്പയെടുത്തവരുടെ നിരക്ക് 35 ശതമാനത്തില്‍ നിന്ന് ഇരട്ടിയിലധികം വര്‍ധനയോടെ 74 ശതമാനത്തില്‍ എത്തിയെന്നതാണ്. അതായത്, രാജ്യത്തെ പത്തില്‍ ഏഴ് പേരും കടമെടുപ്പ് ശീലമാക്കിയവരാണ്.
വായ്പാ വിപണിയില്‍ നിരന്തരം ഇടപെടുന്ന സജീവ ഉപഭോക്താക്കളുടെ നിരക്ക് 11 ശതമാനത്തില്‍ നിന്ന് 28 ശതമാനമായി ഉയര്‍ന്നപ്പോള്‍, ഇവരുടെ സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് (CAGR) 14 ശതമാനത്തില്‍ നിന്ന് 9 ശതമാനമായി കുറഞ്ഞിട്ടുണ്ട്. എന്നാല്‍, വിപണിയിലേക്ക് പുതുതായി കടന്നുവരുന്നവരുടെ പങ്കാളിത്തത്തില്‍ ഇടിവുണ്ടായി. പുതിയ വായ്പക്കാരുടെ പങ്കാളിത്തം 32 ശതമാനത്തില്‍ നിന്ന് 13 ശതമാനത്തിലേക്ക് താഴുകയായിരുന്നു.
സ്വന്തം സിബില്‍ സ്‌കോറും വായ്പാ വിവരങ്ങളും ഉപഭോക്താക്കള്‍ സ്വയം നിരീക്ഷിക്കുന്ന ശീലം രാജ്യത്ത് വലിയ രീതിയില്‍ വര്‍ധിച്ചു. 2018-ല്‍ വെറും 1 ശതമാനം ആളുകള്‍ മാത്രമാണ് സ്വയം ക്രെഡിറ്റ് സ്‌കോര്‍ പരിശോധിച്ചിരുന്നതെങ്കില്‍ 2026 മാര്‍ച്ചില്‍ ഇത് 35 ശതമാനമായി കുതിച്ചുയര്‍ന്നു.
വായ്പാ പങ്കാളിത്തത്തില്‍ ലിംഗവിവേചനം കുറയുന്നതിന്റെ ലക്ഷണങ്ങളും വ്യക്തമാണ്. വനിതാ ഉപഭോക്താക്കള്‍ 22 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി ഉയര്‍ന്നു. യുവാക്കള്‍ 33 ശതമാനത്തില്‍ നിന്ന് 39 ശതമാനമായി.
ഗ്രാമീണ-ചെറുകിട നഗരങ്ങളിലുള്ളവരുടെ പങ്കാളിത്തം 53 ശതമാനത്തില്‍ നിന്ന് 63 ശതമാനത്തിലേക്ക് ഉയര്‍ന്നു. അമിത വായ്പാ ബാധ്യതയുള്ളവരുടെ (Over-indebted) നിരക്ക് 2024-ല്‍ 18 ശതമാനമായി ഉയര്‍ന്നിരുന്നെങ്കിലും 2026-ഓടെ ഇത് 15 ശതമാനമായി താഴേക്ക് വരാന്‍ തുടങ്ങിയെന്നത് ആശ്വാസകരമാണ് (2017-ല്‍ ഇത് 5% ആയിരുന്നു).
പരമ്പരാഗതമായി വായ്പാ വിപണി ഭരിച്ചിരുന്ന മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളുടെ വിഹിതത്തില്‍ കുറവുണ്ടായപ്പോള്‍ വടക്കന്‍, മധ്യ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ വന്‍ വളര്‍ച്ച കൈവരിച്ചു.
ആകെ വായ്പാ പങ്കാളിത്തത്തില്‍ മഹാരാഷ്ട്രയുടെ വിഹിതം 12 ശതമാനത്തില്‍ നിന്ന് 10 ആയും തമിഴ്നാടിന്റേത് 11-ല്‍ നിന്ന് 9 ശതമാനമായും കുറഞ്ഞു. അതേസമയം, ഉത്തര്‍പ്രദേശിന്റെ വിഹിതം 8-ല്‍ നിന്ന് 11 ശതമാനമായി ഉയര്‍ന്നു. മധ്യപ്രദേശ് (4%-ല്‍ നിന്ന് 6%), ബിഹാര്‍ (3%-ല്‍ നിന്ന് 5%), പശ്ചിമ ബംഗാള്‍ (4%-ല്‍ നിന്ന് 5%) എന്നീ സംസ്ഥാനങ്ങളും പങ്കാളിത്തം വര്‍ധിപ്പിച്ചു. ഗുജറാത്ത് (5%), കര്‍ണാടക (7%), തെലങ്കാന (5%), ആന്ധ്രാപ്രദേശ് (6%) എന്നീ സംസ്ഥാനങ്ങള്‍ മാറ്റമില്ലാതെ തുടര്‍ന്നു.
ഉപഭോക്താക്കള്‍ക്കിടയില്‍ വ്യക്തിഗത വായ്പകള്‍ക്കും ക്രെഡിറ്റ് കാര്‍ഡുകള്‍ക്കുമുള്ള ഡിമാന്‍ഡ് നാലിരട്ടി വര്‍ധിച്ചു. ആകെ വായ്പകളില്‍ ഇവയുടെ വിഹിതം 34 ശതമാനത്തില്‍ നിന്ന് 51 ശതമാനമായി. വ്യക്തികള്‍ സ്വന്തം പേരില്‍ എടുക്കുന്ന ബിസിനസ് വായ്പകളുടെ വിഹിതം 3 ശതമാനത്തില്‍ നിന്ന് 9 ശതമാനമായി ഉയരുകയും പത്തിരട്ടി വളര്‍ച്ച നേടുകയും ചെയ്തു.
സ്വര്‍ണ്ണപ്പണയ വായ്പകള്‍ 19 ശതമാനത്തില്‍ നിന്ന് 22 ശതമാനമായി ഉയര്‍ന്നപ്പോള്‍, വാഹന വായ്പകള്‍ 18 ശതമാനത്തിലും ഭവന വായ്പകള്‍ 10 ശതമാനത്തിലും മാറ്റമില്ലാതെ തുടര്‍ന്നു.
വാണിജ്യ വായ്പകള്‍ക്ക് (Commercial Credit) യോഗ്യതയുള്ള സ്ഥാപനങ്ങളുടെ എണ്ണം 2021-ലെ 6.3 കോടിയില്‍ നിന്ന് 2026-ല്‍ 8.7 കോടിയായി ഉയര്‍ന്നു. ഇതില്‍ പ്രൊപ്രൈറ്റര്‍ഷിപ്പ്-പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനങ്ങളുടെ വിഹിതം 70-ല്‍ നിന്ന് 88 ശതമാനത്തിലേക്ക് വര്‍ധിച്ചു.
കുറഞ്ഞ വായ്പാ റിസ്‌ക് (Low-risk) ഉള്ള സ്ഥാപനങ്ങളുടെ നിരക്ക് 13-ല്‍ നിന്ന് 37 ശതമാനമായി മെച്ചപ്പെട്ടപ്പോള്‍, ആദ്യമായി വാണിജ്യ വായ്പയെടുക്കുന്നവരുടെ നിരക്ക് 60 ശതമാനത്തില്‍ നിന്ന് 39 ശതമാനമായി കുറഞ്ഞു.
രാജ്യത്ത് നടപ്പിലാക്കിയ ഡിജിറ്റല്‍ പൊതുസൗകര്യങ്ങളും (Digital Public Infrastructure) യുപിഐയുടെ ദ്രുതഗതിയിലുള്ള പ്രചാരവുമാണ് താഴെത്തട്ടിലേക്ക് സാമ്പത്തിക ഉള്‍പ്പെടുത്തല്‍ (Financial Inclusion) എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചതെന്ന് ട്രാന്‍സ് യൂണിയന്‍ സിബില്‍ എംഡിയും സിഇഒയുമായ ഭവേഷ് ജെയിന്‍ വ്യക്തമാക്കി.
Read DhanamOnline in English
Subscribe to Dhanam Magazine