Vidya Balan as federal bank ambassador Image/ federalbank.co.in
Banking, Finance & Insurance

ഫെഡറല്‍ ബാങ്കിന് താരത്തിളക്കം; വിദ്യാ ബാലന്‍ ബ്രാന്‍ഡ് അംബാസഡര്‍

ബാങ്കിന്റെ ടെലിവിഷന്‍ പരസ്യങ്ങള്‍, ഡിജിറ്റല്‍ കാമ്പയിനുകള്‍ എന്നിവയില്‍ ഇനി വിദ്യാ ബാലനെ കാണാം

Dhanam News Desk

ബോളിവുഡിന്റെ താരത്തിളക്കം ഇനി ഫെഡറല്‍ ബാങ്കിന്റെ മുഖപ്രസാദമാകും. കേരളത്തിലെ പ്രമുഖ ബാങ്കായ ഫെഡറല്‍ ബാങ്കിന്റെ ബ്രാന്‍ഡ് അംബാസഡറായി പ്രമുഖ ബോളിവുഡ് നടി വിദ്യാ ബാലനെ നിയോഗിച്ചു. മുംബൈയില്‍ ഇന്ന് നടന്ന ചടങ്ങിലാണ് പ്രഖ്യാപനം. ഫെഡറല്‍ ബാങ്ക് മാനേജിംഗ് ഡയരക്ടറും സിഇഒയുമായ കെവിഎസ് മണിയന്‍ ചടങ്ങില്‍ നടി വിദ്യാ ബാലന് ഉപഹാരം സമ്മാനിച്ചു. ആദ്യമായാണ് ഫെഡറല്‍ ബാങ്ക് ബ്രാന്‍ഡ് അംബാസഡറെ നിയമിക്കുന്നത്. ബാങ്കിന് രാജ്യത്ത് കൂടുതല്‍ പ്രചാരം ലഭിക്കുന്നതിന് നിയമനം സഹായകമാകും. നിയമനത്തിന്റെ കാലാവധി വ്യക്തമല്ല. ടെലിവിഷന്‍ പരസ്യങ്ങള്‍, ഡിജിറ്റല്‍ കാമ്പയിനുകള്‍ തുടങ്ങി ഫെഡറല്‍ ബാങ്കിന്റെ മാര്‍ക്കറ്റിംഗ് മാധ്യമങ്ങളില്‍ ഇനി വിദ്യാ ബാലന്‍ പ്രധാന റോളിലെത്തും. ബാങ്കിന്റെ വെബ് സൈറ്റില്‍ നടിയുടെ സന്ദേശമുണ്ട്.

വളര്‍ച്ചക്ക് ശക്തിപകരും

വിദ്യാ ബാലന്‍ ബ്രാന്‍ഡ് അംബാസഡറായി എത്തുന്നത് ബാങ്കിന്റെ വളര്‍ച്ചക്ക് ശക്തി പകരുമെന്ന് ഫെഡറല്‍ ബാങ്ക് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ എംവിഎസ് മൂര്‍ത്തി ചടങ്ങില്‍ പറഞ്ഞു. ഇന്ത്യ മുഴുവന്‍ ആരാധകരുള്ള വിദ്യാ ബാലന്‍, വിജയത്തിന്റെ പ്രതീകമാണ്. എല്ലാ വിഭാഗത്തെയും ഉള്‍കൊള്ളാനുള്ള അവരുടെ കഴിവ് ഫെഡറല്‍ ബാങ്കിന്റെ നയങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്. ഇടപാടുകാര്‍ക്കുള്ള സേവനത്തില്‍ ഫെഡറല്‍ ബാങ്ക് സ്വീകരിക്കുന്നത് സഹാനുഭൂതിയോടെയുള്ള നയമാണ്. വിവിധ തലമുറകളിലേക്ക് സേവനമെത്തിക്കാന്‍ വിദ്യാ ബാലന്റെ പങ്കാളിത്തം ബാങ്കിന് സഹാകമാകും. അദ്ദേഹം പറഞ്ഞു.

ആവേശമുണര്‍ത്തുന്ന ബന്ധം

ഫെഡറല്‍ ബാങ്കുമായി തുടങ്ങുന്നത് ആവേശകരമായ ഒരു ബന്ധമാണെന്ന് വിദ്യാ ബാലനും പറഞ്ഞു. ബ്രാന്‍ഡ് അംബാസഡര്‍മാര്‍ ലോകത്തോട് പറയുന്നത് ഇന്ത്യയെ കുറിച്ചാണ്. ഇന്ത്യയിലൊട്ടാകെ വ്യാപിച്ചു കിടക്കുന്ന ഫെഡറല്‍ ബാങ്കിന് ജനങ്ങളോടുള്ള നയം മാനവികതയുടെ അടിത്തറയുള്ളതാണ്. വനിതാ ജീവനക്കാരുടെ എണ്ണത്തില്‍ ബാങ്ക് മുന്നില്‍ നില്‍ക്കുന്നുവെന്നത് അഭിമാനകരമാണ്. വിദ്യാ ബാലന്‍ പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT