Image courtesy: Canva
Banking, Finance & Insurance

വിലകുറഞ്ഞ മരുന്നുകളുടെ ഉപയോഗത്തിന് ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രേരിപ്പിക്കുന്നതായി എ.എച്ച്.പി.ഐ; ബജാജ് അലയൻസിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു

ഡോക്ടർമാർ എടുക്കുന്ന ക്ലിനിക്കൽ തീരുമാനങ്ങളെ ഇൻഷുറന്‍സ് കമ്പനികള്‍ ചോദ്യം ചെയ്യുന്നത് വർദ്ധിച്ചുവരികയാണ്

Dhanam News Desk

ക്യാഷ്‌ലെസ് ആരോഗ്യ ഇൻഷുറൻസ് സേവനം സംബന്ധിച്ച് ബജാജ് അലയൻസിനെതിരെ അസോസിയേഷൻ ഓഫ് ഹെൽത്ത്കെയർ പ്രൊവൈഡേഴ്‌സ് ഓഫ് ഇന്ത്യ (AHPI) പുറപ്പെടുവിച്ച സസ്പെന്‍ഷന്‍ പിന്‍വലിച്ചു. സെപ്റ്റംബർ 1 മുതലാണ് ഈ സേവനങ്ങൾ ബജാജ് അലയൻസ് ആരംഭിക്കുന്നത്.

പോളിസി ഉടമകളുടെയും ജനങ്ങളുടെയും താൽപ്പര്യാർത്ഥം ഈ വിഷയം പരിഹരിക്കപ്പെട്ടതിൽ സന്തോഷമുളളതായി ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് മാനേജിംഗ് ഡയറക്ടറും സിഇഒ യുമായ തപൻ സിംഗൽ പറഞ്ഞു. ഉപയോക്താക്കള്‍ക്ക് പണരഹിത ആരോഗ്യ സംരക്ഷണം ലഭിക്കുന്നതിൽ ഇനി തടസങ്ങൾ നേരിടേണ്ടിവരില്ല. ആശുപത്രികളും ഇൻഷുറൻസ് കമ്പനികളും നയരൂപീകരണ വിദഗ്ധരും ഉൾപ്പെടെയുളളവര്‍ ഇന്‍ഷുറന്‍സില്‍ ജനങ്ങള്‍ക്കുളള വിശ്വാസം വളർത്തിയെടുക്കാന്‍ ഒരുമിച്ച് പ്രവർത്തിക്കണമെന്നും തപൻ സിംഗൽ പറഞ്ഞു.

തർക്കവിഷയങ്ങൾ

അതേസമയം, ഇന്‍ഷുറന്‍സ് കമ്പനികളും എ.എച്ച്.പി.ഐ യുമായുളള തര്‍ക്കം തുടരുകയാണ്. പുതിയ ആശുപത്രികളെ എംപാനല്‍ ചെയ്യുന്നതില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ കാലതാമസം എടുക്കുന്നതായി സംഘടന ചൂണ്ടിക്കാണിക്കുന്നു. വർഷങ്ങളായി ഇൻഷുറൻസ് കമ്പനികൾ നിരക്കുകൾ പരിഷ്കരിച്ചിട്ടില്ല. ഇത് ആശുപത്രികളിൽ അനാവശ്യ സാമ്പത്തിക സമ്മർദത്തിന് കാരണമാകുന്നു. ഇതിനെ തുടര്‍ന്നാണ് നിരക്കുകൾ കുറച്ചില്ലെങ്കിൽ പണരഹിത സേവനങ്ങൾ നിർത്തലാക്കുമെന്ന് എഎച്ച്പിഐ അറിയിച്ചത്. ഇൻഷുറൻസ് കമ്പനികൾ സമാനമായ നിരക്കുകളാണ് കൊണ്ടുവരുന്നത്. പരസ്പരം ഒത്തുകളിക്കുകയും ആശുപത്രികളെ സമ്മർദത്തിലാക്കാൻ ഇൻഷുറൻസ് കമ്പനികൾ കൂട്ടായ വിലപേശൽ നടത്തുകയും ചെയ്യുന്നതായും സംഘടന ആരോപിക്കുന്നു.

റോബോട്ടിക്സ്, പുതുതലമുറ കാൻസർ മരുന്നുകൾ തുടങ്ങിയ പുതിയ മെഡിക്കൽ സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട പേയ്‌മെന്റുകളില്‍ ഇൻഷുറന്‍സ് കമ്പനികള്‍ തർക്കിക്കുന്നു. ഡോക്ടർമാർ എടുക്കുന്ന ക്ലിനിക്കൽ തീരുമാനങ്ങളെ ഇൻഷുറന്‍സ് കമ്പനികള്‍ ചോദ്യം ചെയ്യുന്നത് വർദ്ധിച്ചുവരികയാണ്. വിലകുറഞ്ഞ മരുന്നുകളുടെയോ ഇംപ്ലാന്റുകളുടെയോ ഉപയോഗത്തിന് കമ്പനികള്‍ പ്രേരിപ്പിക്കുന്നു. ഇത് രോഗിയുടെ താൽപ്പര്യത്തിന് ചേരുന്നല്ലെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.

Bajaj Allianz resumes cashless insurance services as AHPI withdraws suspension amid ongoing policy and pricing disputes.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT