ബാങ്കിംഗ് മേഖല അടിമുടി മാറുകയാണ്. മനുഷ്യര്‍ക്കൊപ്പം അല്‍ഗൊരിതങ്ങളും ചാറ്റ് ബോട്ടുകളുമാണ് ഇന്ന് ബാങ്കിംഗില്‍ തോളോട് തോള്‍ ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുന്നത്. മക്കിന്‍സി റിപ്പോട്ടില്‍ ചൂണ്ടിക്കാട്ടുന്നത് പോലെ ഒരിക്കലും ഉറങ്ങാത്ത നിര്‍മിതബുദ്ധി സംവിധാനങ്ങളാണ് ഇപ്പോള്‍ ബാങ്കിംഗ് പ്രവര്‍ത്തനങ്ങളുടെ അടിത്തറ. ഇത് ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ വേഗവും കൃത്യതയും നല്‍കുമ്പോള്‍, തൊഴില്‍ നഷ്ട ഭീതിയും ഉയര്‍ത്തുന്നുണ്ട്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ-നിര്‍മിത ബുദ്ധി) ബാങ്കിംഗില്‍ പെട്ടെന്നുണ്ടായ ഒരു വിപ്ലവമല്ല. ബാങ്കിംഗ് രംഗത്തെ ഓട്ടോമേഷനാണ് ഇതിന്റെ തുടക്കം. 1980-90കളില്‍ കോര്‍ ബാങ്കിംഗ് സൊല്യൂഷന്‍സ് (ഇആട) അവതരിപ്പിക്കപ്പെട്ടപ്പോള്‍ ശാഖ തലത്തിലുള്ള ഒട്ടേറെ മാന്വല്‍ ജോലികള്‍ യാന്ത്രികമായി മാറി. 2000കളില്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ്, എടിഎമ്മുകള്‍, ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകളുടെ വ്യാപനം എന്നിവ ഉപഭോക്താക്കളുടെ ബാങ്കിംഗ് അനുഭവം മാറ്റിമറിച്ചു.
2010കളില്‍ മൊബൈല്‍ ബാങ്കിംഗ് ആപ്പുകള്‍, യുപിഐ, ഡിജിറ്റല്‍ വാലറ്റുകള്‍ എന്നിവ ബാങ്കുകളെ സാങ്കേതിക വിദ്യ കേന്ദ്രീകൃത സ്ഥാപനങ്ങളാക്കി മാറ്റി. 2020കളില്‍ എത്തുമ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ബാങ്കിംഗിനെ അടുത്ത തലത്തിലേക്ക് കൊണ്ടുപോകുന്നു. അതായത് തുടര്‍ച്ചയായ ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്റെ അടുത്തഘട്ടമെന്ന നിലയിലാണ് എഐ ബാങ്കിംഗ് രംഗത്തേക്ക് വന്നിരിക്കുന്നത്.
2030 ഓടെ 30 ശതമാനം ബാങ്കിംഗ് ജോലികളില്‍ ഓട്ടോമേഷന്‍ സംഭവിക്കുമെന്നാണ് മക്കിന്‍സി റിപ്പോര്‍ട്ട്. അതേസമയം 60 ശതമാനം ബാങ്ക് ജീവനക്കാര്‍ എഐ തങ്ങളുടെ ജോലി ഇല്ലാതാക്കുമെന്ന് ആശങ്കപ്പെടുന്നതായി പിഡബ്ലുസി സര്‍വെയും വെളിപ്പെടുത്തുന്നു. ക്ലറിക്കല്‍ ജോലി, ഡാറ്റ എന്‍ട്രി, ചെക്ക് വെരിഫിക്കേഷന്‍, അക്കൗണ്ട് അപ്‌ഡേറ്റ്, കോള്‍ സെന്റര്‍ ക്വറി ഹാന്‍ഡ്‌ലിംഗ് എന്നിവ എഐ ഏറ്റെടുക്കുന്നതുകൊണ്ട് ഇന്ത്യയിലെ പൊതുമേഖല ബാങ്കുകളിലെ പല ജോലികളെയും അത് നേരിട്ട് ബാധിക്കുമെന്ന് ആര്‍ബിഐയും നിരീക്ഷിക്കുന്നുണ്ട്. വാസ്തവത്തില്‍ ജോലികള്‍ ഇല്ലാതാകുന്നതല്ല, മറിച്ച് അവ മാറുന്നു.
ഉദാഹരണത്തിന് ക്രെഡിറ്റ് ഓഫീസറുടെ ജോലി ഡോക്യുമെന്റ് ശേഖരിക്കലും വായ്പ യോഗ്യത പരിശോധിക്കലുമായിരുന്നുവെങ്കില്‍ ഇപ്പോഴതെല്ലാം എഐ ചെയ്യും. അതേസമയം ഇടപാടുകാരുമായി മാനുഷിക തലത്തിലുള്ള സമ്പര്‍ക്കം, നൈതികമായ കാര്യങ്ങള്‍ കൂട്ടിക്കിഴിച്ച് തീരുമാനമെടുക്കല്‍ എന്നിവയൊക്കെ ഉദ്യോഗസ്ഥരെ കൊണ്ട് മാത്രമേ സാധിക്കൂ.
ലോകത്തെ വലിയ ബാങ്കുകള്‍ എഐ എത്തിക്‌സ് ഓഫീസേഴ്‌സിനെ നിയമിച്ചു തുടങ്ങി. ഡാറ്റ സയന്റിസ്റ്റ്, സൈബര്‍ സെക്യൂരിറ്റി സ്‌പെഷ്യലിസ്റ്റ്, ഹ്യൂമണ്‍-എഐ കൊളാബറേഷന്‍ മാനേജേഴ്‌സ് എന്നിവയാണ് പുതിയ തൊഴിലുകള്‍. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ഫ്യൂച്ചര്‍ ഓഫ് ജോബ്‌സ് റിപ്പോര്‍ട്ട് 2023 പ്രകാരം 2027 ഓടെ എഐ & എംഎല്‍ (മെഷീന്‍ ലേണിംഗ്) വിദഗ്ധരുടെ ആവശ്യകത 40 ശതമാനവും ഡാറ്റ അനലിസ്റ്റുകളുടെ ആവശ്യകത 30 ശതമാനവും ഉയരുമെന്ന് പറയുന്നു.
ബാങ്കിംഗ് രംഗത്ത് നിലവിലുള്ള പ്രൊഫഷണലുകളെ പുതിയ തൊഴിലുകള്‍ക്ക് അനുയോജ്യരാക്കി മാറ്റാന്‍ നൈപുണ്യ വികസന പരിശീലന പരിപാടികള്‍ വേണ്ടിവരും. ബാങ്കുകളുടെ എച്ച്ആര്‍ വിഭാഗം സ്‌കില്‍ ഗ്യാപ് അനാലിസിസ് നടത്തി, ഏത് മേഖലകളില്‍ കഴിവുകള്‍ കുറവുണ്ടെന്ന് തിരിച്ചറിഞ്ഞ് ഡിജിറ്റല്‍, എഐ ലിറ്ററസി പരിശീലനങ്ങള്‍ നല്‍കണം. രാജ്യാന്തര ബാങ്കുകള്‍ ഇക്കാര്യത്തില്‍ മാതൃകകള്‍ സൃഷ്ടിച്ചു കഴിഞ്ഞു. സിറ്റി ബാങ്ക് ഗ്ലോബല്‍ എഐ ട്രെയ്‌നിംഗ് പ്രോഗ്രാം ആരംഭിച്ചിട്ടുണ്ട്. എച്ച്എസ്ബിസി, എംഐടി, സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലകളുമായി ചേര്‍ന്നാണ് എഐ ടാലന്റ് ഡെവലപ്‌മെന്റ് അക്കാദമി ആരംഭിച്ചിരിക്കുന്നത്. ജെപിമോര്‍ഗനും എഐ ടൂളുകളില്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്.
ഇന്ത്യയിലെ കാര്യമെടുത്താല്‍ എസ്ബിഐ, 'SIA chatbot' അവതരിപ്പിച്ചതോടൊപ്പം ജീവനക്കാര്‍ക്കുള്ള എഐ ട്രെയിനിംഗ് മൊഡ്യൂളുകള്‍ കൂടി നടപ്പാക്കി.
ബാങ്കുകളുടെ എഐ ഉപയോഗം നിയന്ത്രിക്കുന്നതിന് കൃത്യമായ ചട്ടക്കൂടും ഉണ്ടാകേണ്ടിയിരിക്കുന്നു. ഉപഭോക്താക്കളുടെ വിശ്വാസമാണ് ബാങ്കിംഗ് രംഗത്തെ 'കറന്‍സി' എന്ന് പറയാം. ഇടപാടുകാരുടെയും ബാങ്കുകളുടെയും തന്ത്രപ്രധാനമായ ഡാറ്റ സംരക്ഷിക്കാനും മറ്റും അത് അനിവാര്യമാണ്.
ബാങ്കിംഗിന്റെ ഭാവിയെന്നാല്‍ എഐയുടെ വേഗവും മനുഷ്യരുടെ കരുണയുമാണ്. മെഷീനുകളുടെ കാര്യക്ഷമത കൊണ്ട് മാത്രം ബാങ്കിംഗ് മുന്നോട്ട് കൊണ്ടുപോകാനാവില്ല. മാനുഷിക മൂല്യങ്ങള്‍, ഉത്തരവാദിത്തം, വിശ്വാസ്യത എന്നിവയ്ക്കും തുല്യ പ്രാധാന്യമുണ്ട്. എഐ-മാനുഷിക സഹകരണം ബാങ്കിംഗ് രംഗത്തെ പുതിയ സോഷ്യല്‍ കോണ്‍ട്രാക്റ്റായി മാറേണ്ടതുണ്ട്.
ഉപഭോക്തൃ സേവനം: ബാങ്ക് ഓഫ് അമേരിക്കയുടെ Erica chatbot 2018 മുതല്‍ രണ്ട് ബില്യണ്‍ കസ്റ്റമര്‍ ഇന്ററാക്ഷനാണ് കൈകാര്യം ചെയ്തത്. എസ്ബിഐയുടെ ടകഅ റിയല്‍ ടൈമില്‍ ലക്ഷക്കണക്കിന് ചോദ്യങ്ങള്‍ കൈകാര്യം ചെയ്യുന്നു. ജെനറേറ്റീവ് എഐ വന്നതോടെ, ഭാഷാ അടിസ്ഥാനത്തിലുള്ള സംഭാഷണ രൂപത്തിലുള്ള ബാങ്കിംഗ് സാധാരണയായി മാറും.
Fraud Detection & Risk Management: എഐ റിയല്‍ ടൈം ട്രാന്‍സാക്ഷന്‍ മോണിറ്ററിംഗ് വഴി അസാധാരണ പാറ്റേണുകള്‍ കണ്ടെത്തുന്നു. ഇത് റിസ്‌കും തട്ടിപ്പും കൈകാര്യം ചെയ്യാന്‍ ബാങ്കുകളെ സഹായിക്കുന്നു. എഐ ക്രെഡിറ്റ് സ്‌കോറിംഗ് സിസ്റ്റം കൂടുതല്‍ കൃത്യതയുള്ളതാണ്.
Compliance & RegTech: കംപ്ലയന്‍സസ് മോണിറ്ററിംഗിന് എഐയെ ആശ്രയിക്കുന്നത് ചെലവും അപകടവും കുറയ്ക്കുന്നു. എച്ച്എസ്ബിസി, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് എന്നിവ ഇപ്പോള്‍ തന്നെ എഐ ഡ്രിവണ്‍ എഎംഎല്‍ ട്രാന്‍സാക്ഷന്‍ മോണിറ്ററിംഗ് സിസ്റ്റം ഉപയോഗിക്കുന്നുണ്ട്.
Investment Advisory: നിക്ഷേപത്തിന്റെ കാര്യത്തില്‍ ഓരോ വ്യക്തികള്‍ക്കും എടുക്കാന്‍ പറ്റുന്ന റിസ്‌ക് വിഭിന്നമായിരിക്കും. ഇങ്ങനെ വ്യക്തിഗത റിസ്‌ക് ശേഷി അനുസരിച്ച് പോര്‍ട്ട്‌ഫോളിയോ തയാറാക്കാന്‍ റോബോ അഡൈ്വസേഴ്‌സിനെ ഉപയോഗിച്ചുവരുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിരീക്ഷിക്കുന്നത് ഭാവിയിലെ വെല്‍ത്ത് മാനേജ്‌മെന്റ് രംഗത്ത് അഡൈ്വസറിയാകും ട്രെന്‍ഡ് എന്നാണ്.
Back-Office Automation: ജെപി മോര്‍ഗന്റെ COIN സിസ്റ്റം സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ 12,000 കോണ്‍ട്രാക്റ്റ് പരിശോധിക്കുന്നു. മുമ്പ് മൂന്നര ലക്ഷം മനുഷ്യ മണിക്കൂറുകള്‍ വേണ്ടിയിരുന്ന ജോലിയാണിത്. ലോണ്‍ പ്രോസസിംഗ്, റീകണ്‍സിലേഷന്‍, ഡോക്യുമെന്റ് വെരിഫിക്കേഷന്‍ എന്നീ രംഗത്ത് എഐ കാര്യക്ഷമത വര്‍ധിപ്പിക്കുന്നുണ്ട്.
ജനറേറ്റീവ് എഐ ബാങ്കിംഗ് മേഖലയിലെ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത 46 ശതമാനം വര്‍ധിപ്പിക്കുമെന്ന് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഡോ. ജിതിന്‍ കുമാര്‍ വി
(ബാങ്ക് ഓഫ് ബറോഡ മാംഗ്ലൂര്‍ സോണ്‍ ചീഫ് മാനേജറും (എച്ച്ആര്‍) സോണ്‍ എച്ച്ആര്‍ ഹെഡ്ഡുമാണ് ലേഖകന്‍)
(ധനം മാഗസിന്‍ നവംബര്‍ 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)
Read DhanamOnline in English
Subscribe to Dhanam Magazine