പ്രാഥമിക ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത യു.പി.ഐ ഇടപാടുകളില്‍ തട്ടിപ്പിനുള്ള സാധ്യത കൂടുതലെന്ന് മുന്നറിയിപ്പ്. ചെറിയ പണമിടപാടുകള്‍ക്ക് പോലും സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച യു.പി.ഐ, പേയ്‌മെന്റ് ആപ്പുകളാണ് നമ്മളില്‍ പലരും ഉപയോഗിക്കുന്നത്. ഇത് തട്ടിപ്പുകാര്‍ക്ക് വഴി തുറന്നുകൊടുക്കുന്നതിന് തുല്യമാണെന്ന് എയര്‍ടെല്‍ വൈസ് ചെയര്‍മാനും എം.ഡിയുമായ ഗോപാല്‍ വിത്തല്‍ പറയുന്നു.
യു.പി.ഐ ആപ്പുമായി ബന്ധിപ്പിച്ചിരിക്കുന്ന പ്രാഥമിക ബാങ്ക് അക്കൗണ്ടിനെയാണ് ഗ്രോസറി വാങ്ങുന്നതിന് മുതല്‍ വിമാന ടിക്കറ്റ് എടുക്കുന്നതിന് വരെ ആശ്രയിക്കുന്നത്. അതായത് ഓരോ ചെറിയ ഇടപാട് നടത്തുമ്പോഴും ബാങ്ക് അക്കൗണ്ടിലുള്ള സമ്പാദ്യം അപകടത്തില്‍ പെടാനുള്ള സാധ്യതയുണ്ട്. ഓരോ ഇടപാടിലും സൈബര്‍ തട്ടിപ്പുകാര്‍ക്കുള്ള അവസരം തുറന്നിടുകയാണ് നമ്മള്‍ ചെയ്യുന്നതെന്നും വിത്തല്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഇതിന് പരിഹാരമായി എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്ക് സംവിധാനം ഉപയോഗിക്കണമെന്നാണ് അദ്ദേഹത്തിന്റെ ഉപദേശം. ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ക്ക് മാത്രമായി മാറ്റിവെച്ച ബാങ്ക് അക്കൗണ്ടാണിത്. യു.പി.ഐ ഇടപാടുകള്‍ക്ക് ആവശ്യമായ ചെറിയ തുകകള്‍ ഈ അക്കൗണ്ടില്‍ സൂക്ഷിക്കാനുള്ള സൗകര്യമുണ്ട്. മറ്റ് ബാങ്കുകളെപ്പോലെ എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്ക് വായ്പകള്‍ നല്‍കുന്നില്ല. അതിനാല്‍ വലിയ തുക അക്കൗണ്ടില്‍ സൂക്ഷിക്കേണ്ട കാര്യവുമില്ല. ചെറിയ നിക്ഷേപത്തിന് പോലും പലിശ കിട്ടാനുള്ള അവസരമുണ്ട്. എന്തെങ്കിലും പിഴവുകള്‍ സംഭവിച്ചാല്‍ പോലും പ്രാഥമിക ബാങ്ക് അക്കൗണ്ടിലെ ബാലന്‍സ് സുരക്ഷിതമായിരിക്കുമെന്നും വിത്തല്‍ വിശദീകരിക്കുന്നു.
എയര്‍ടെല്‍ താങ്ക്‌സ് ആപ്പിലൂടെ മിനിറ്റുകള്‍ക്കകം എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാന്‍ കഴിയും. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ആധാര്‍, പാന്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കി കെ.വൈ.സി പൂര്‍ത്തിയാക്കണം. അക്കൗണ്ട് ഉപയോഗിക്കാനായി ചെറിയ തുക ഇതിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണം. പിന്നീട് ബാങ്ക് അക്കൗണ്ട് വഴിയോ എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്ക് റീട്ടെയില്‍ പോയിന്റ് വഴിയോ ഈ അക്കൗണ്ടിലേക്ക് ടോപ്പ് അപ്പും ചെയ്യാവുന്നതാണെന്നും അദ്ദേഹം വിശദീകരിക്കുന്നു.
റിസര്‍വ് ബാങ്കിന്റെ ചട്ടങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നതും ചെറിയ ഇടപാടുകള്‍ നടത്താന്‍ കഴിയുന്നതുമായ ബാങ്ക് അക്കൗണ്ടുകളാണിത്. വലിയ നിക്ഷേപങ്ങള്‍ സ്വീകരിക്കാനോ വായ്പ നല്‍കാനോ ഇത്തരം ബാങ്കുകള്‍ക്ക് കഴിയില്ല. പകരം നിത്യചെലവുകള്‍ക്ക് ആവശ്യമായ ചെറിയ തുകകള്‍ സൂക്ഷിക്കാന്‍ കഴിയുന്ന ഒരു സംവിധാനമാണിത്. സൂക്ഷിക്കാവുന്ന ബാലന്‍സിലും പ്രതിദിന, പ്രതിമാസ ഇടപാടുകളിലും നിയന്ത്രണമുണ്ട്. അതായത് ബാങ്ക് അക്കൗണ്ട് തട്ടിപ്പുകാരുടെ കയ്യില്‍ കിട്ടിയാലും തട്ടിപ്പ് നടത്താനുള്ള സാധ്യത കുറവായിരിക്കുമെന്ന് അര്‍ത്ഥം. എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്ക്, ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക്, എന്‍.എസ്.ഡി.എല്‍ പേയ്‌മെന്റ്‌സ് ബാങ്ക്, ജിയോ പേയ്‌മെന്റ്‌സ് ബാങ്ക്, പേയ്ടിഎം പേയ്‌മെന്റ്‌സ് ബാങ്ക് എന്നിവ രാജ്യത്തെ പ്രധാന പേയ്‌മെന്റ് ബാങ്കുകളാണ്.
Read DhanamOnline in English
Subscribe to Dhanam Magazine